അവധിക്കാലത്ത് വായനാവസന്തം തീര്‍ക്കാന്‍ ഗ്രന്ഥാലയം ഒരുങ്ങി. ഇഷ്ട പുസ്തകങ്ങള്‍ വായിക്കാന്‍ വായനശാല സന്ദര്‍ശിക്കുക. വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെ. .. ..

Sunday, June 18, 2023

വാര്‍ഷിക പൊതുയോഗം

    വാണീവിലാസം ഗ്രന്ഥാലയത്തിന്റെ വാര്‍ശിക പൊതുയോഗം ജൂണ്‍ 18 ന് വൈകുന്നേരം 5 മണിക്ക് ഗ്രന്ഥാലയത്തില്‍ വെച്ച് നടന്നു. ഗ്രന്ഥാലയം സിക്രട്ടറി ശ്രീ സജിത്ത് കുമാറിന്റെ സ്വാഗതഭാഷണത്തോടെ യോഗം ആരംഭിച്ചു. ഗ്രന്ഥാലയം പ്രസിഡണ്ട് ശ്രീ പി വി ദിവാകരന്‍ അധ്യക്ഷനായിരുന്നു. അജണ്ടകള്‍ അംഗീകരിച്ചതോടെ നടപടിക്രമങ്ങളിലേക്ക് കടന്നു. 

    പുതിയ ഭരണ സമിതി ചുമതലയേറ്റ 2022 ജൂലൈ 10 മുതല്‍ 2023 ജൂണ്‍ 18 വരെയുള്ള കാലഘട്ടത്തിലെ വിശദമായ പ്രവര്‍ത്തന റിപ്പോര്‍ട്ടാണ് സിക്രട്ടറി അവതരിപ്പിച്ചത്. പ്രസിഡണ്ട് വരവ്- ചെലവ് കണക്കും വിശദാംശങ്ങളോടെ അവതരിപ്പിച്ചു. തുടര്‍ന്ന് ഇത് സംബന്ധിച്ച വിശദമായ ചര്‍ച്ചകള്‍ നടന്നു. ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടുകൊണ്ട് മുന്‍ പ്രസിഡന്റുകൂടിയായ ശ്രീ പി വി കുട്ടികൃഷ്ണന്‍ മാസ്റ്റര്‍ വരവിനങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത സൂചിപ്പിച്ചു. വരവ് - ചെലവ് കണക്കുകള്‍ ക്രോഡീകരിച്ച് അവതരിപ്പിച്ചാല്‍ മതിയാകുമെന്നും അഭിപ്രായപ്പെട്ടു. ചര്‍ച്ചകള്‍ക്ക് ശേഷം റിപ്പോര്‍ട്ടും വരവ്- ചെലവ് കണക്കുകളും യോഗം അംഗീകരിച്ചു. 



    തുടര്‍ന്ന് മേല്‍കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് താലൂക്ക് കൗണ്‍സിലര്‍ ശ്രീ കെ ലക്ഷ്മണന്‍ മാസ്റ്റര്‍ വിശദീകരിച്ചു. ഗ്രന്ഥാലയ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ, ബഡ്ജറ്റ് എന്നിവ സിക്രട്ടറിയും അവതരിപ്പിച്ചു. ഗ്രന്ഥശാലാ പ്രവര്‍ത്തനം താഴത്തെ തട്ടുകളില്‍ സന്നദ്ധ പ്രവര്‍ത്തനമാണെന്നത് മേല്‍ഘടകങ്ങള്‍ മറന്നുപോകരുതെന്നും സ്ഥിര നിയമനക്കാരായ ലൈബ്രേറിയന്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാവേണ്ടതുണ്ടെന്നും യോഗത്തില്‍ അഭിപ്രായമുണ്ടായി. ഗ്രന്ഥാലോകം വരിസംഖ്യാ ക്യാമ്പെയിന്‍ വിജയിപ്പിക്കാനും ഗ്രന്ഥശാലാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനും ആഹ്വാനം ചെയ്തുകൊണ്ടുള്ള വാര്‍‍ഷിക പൊതുയോഗം ഗ്രന്ഥാലയം ജോ- സിക്രട്ടറി ശ്രീ നിധിനിന്റെ നന്ദി പ്രകാശനത്തോടെ സമാപിച്ചു. 



Monday, June 12, 2023

പരിസ്ഥിതി ദിനാഘോഷവും ബാലവേദി സംഗമവും

 



    ഒരേയൊരു ഭൂമി എന്ന സന്ദേശം മുന്നോട്ട് വെച്ചുകൊണ്ട് 1973 ല്‍ ആരംഭിച്ച പരിസ്ഥിതി ദിനാചരണത്തിന് 50ആണ്ടുകള്‍ പൂര്‍ത്തിയാവുകയാണ് 2023 ല്‍. ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷ്യന്‍’- പ്ലാസ്റ്റിക് മലിനീകരണം തടയുക എന്നതാണ് ഇക്കൊല്ലത്തെ പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. പരിസ്ഥിതിപ്രശ്നങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണത്തിനും അതിനെ പ്രതിരോധിക്കാനുള്ള കർമപരിപാടികൾ ആസൂത്രണം ചെയ്യാനുമായിട്ടാണ് എല്ലാവർഷവും ജൂൺ അഞ്ചിന് ലോകപരിസ്ഥിതി ദിനം ആചരിക്കുന്നത്. 1972 ലെ സ്റ്റോക്ക് ഹോം കണ്‍വെന്‍ഷനെത്തുടര്‍ന്നുണ്ടായ പ്രഖ്യാപനമാണ്  1973 ജൂണ്‍ 5 മുതല്‍ ഇത്തരമൊരു ദിനാചനരണത്തിന് കാരണമായത്. 

    പരിസ്ഥിതി ദിനാചരണം ഗ്രന്ഥാലയം സമുചിതമായി ആഘോഷിച്ചു. വായനശാലാ പരിസരം പ്ലാസ്റ്റിക് വിമുക്തമാക്കുകയും കുട്ടികള്‍ക്കായി പരിസ്ഥിതി ക്വിസ്, പോസ്റ്റര്‍ രചന എന്നിവയും സംഘടിപ്പിച്ചു. 

    ഗ്രന്ഥാലയത്തില്‍ രൂപീകരിച്ച ബാലവേദിയുടെ പ്രവര്‍ത്തനങ്ങളും ഒപ്പം നടന്നു. മെന്റര്‍ ശ്രീമതി നിഷ, ബാലവേദി രക്ഷാധികാരി ശ്രീ പി വി രജീഷ് തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. 
    സമ്മേളനത്തില്‍ സിക്രട്ടറി സ്വാഗതമാശംസിച്ചു. ഗ്രന്ഥാലയം പ്രസിഡണ്ട് ശ്രീ പി വി ദിവാകരന്‍ അധ്യക്ഷനായിരുന്നു. താലൂക്ക് കൗണ്‍സിലര്‍ ശ്രീ കെ ലക്ഷ്മണന്‍ മാസ്റ്റര്‍ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശ്രീ രജീഷ് പി വി  ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ജോ സിക്രട്ടറി ജിതിന്‍ സി നന്ദി പ്രകാശിപ്പിച്ചു.






പരിസ്ഥിതി ക്വിസ് വിജയികള്‍












Sunday, May 28, 2023

വര്‍ണക്കൂടാരം -ബാലവേദി ക്യാമ്പ്


 

    കലുഷിതമായ വര്‍ത്തമാനകാലത്ത് മാനവികതയതയിലൂന്നിയ അനുഭവങ്ങള്‍ കുട്ടികള്‍ക്കായി സമ്മാനിക്കേണ്ടതുണ്ട്. ജാതി മത വര്‍ഗ വര്‍ണ വ്യത്യാസമില്ലാതെ മാനവരെല്ലാം ഒന്നാണെന്ന സന്ദേശത്തിന് പ്രസക്തി ഏറെയുണ്ട് ഇക്കാലത്ത്. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എല്ലാ അംഗ ഗ്രന്ഥശാലകളിലും ബാലവേദികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചത് ദു‍ഃഖകരമായ സംഭവങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ്. ബാലവേദി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനായി എല്ലാ ഗ്രന്ഥശാലകളില്‍ നിന്നും രണ്ടുപേര്‍ക്ക്- മെന്റര്‍മാരായി പരിശീലനവും ലഭ്യമാക്കിയിരുന്നു. തുടര്‍ന്ന് അംഗ ഗ്രന്ഥശാലകളില്‍ ബാലവേദികള്‍ രൂപീകരിച്ചു. വാണീവിലാസം ഗ്രന്ഥാലയത്തിലെ ബാലവേദി രൂപീകരണം മെയ് 20 ന് നടന്നു. തുടര്‍ന്ന് കുട്ടികള്‍ക്കായുള്ള ക്യാമ്പ്- വര്‍ണക്കൂടാരം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.

    വര്‍ണക്കൂടാരം ബാലവേദി ക്യാമ്പിന്റെ ഉദ്ഘാടനം മെയ് 28 ഞായറാഴ്ച രാവിലെ 10 മണിക്ക് കൂടാളി ഗ്രാമപഞ്ചായത്ത് വികസന- ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർമാന്‍ ശ്രീ കെ ദിവാകരന്‍ നിര്‍വ്വഹിച്ചു. കാണേണടത് കാണാനും കേള്‍ക്കേണ്ടത് കേള്‍ക്കാനും പറയേണ്ടത് പറയാനും കഴിയുന്ന കുട്ടികളായി വളരാന്‍ കഴിവുള്ളവരാകട്ടെ എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ ആശംസിച്ചു.  താലൂക്ക് കൗണ്‍സിലർ ശ്രീ കെ ലക്ഷ്മണന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. ബാലവേദി മെന്റര്‍ ശ്രീമതി നിഷ പ്രവര്‍ത്തനപദ്ധതി വിശദീകരിച്ചു.  ലൈബ്രറി കൗണ്‍ിസല്‍ പട്ടാന്നൂര്‍ മേഖല നേതൃ സമിതി കണ്‍വീനര്‍ ശ്രീ പി വി ആനന്ദബാബു, കൊടോളിപ്രം അംഗണ്‍വാടി വര്‍ക്കര്‍ ശ്രീമതി ഹഫ്സത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഗ്രന്ഥാലയം സിക്രട്ടറി വി കെ സജിത്ത് കുമാര്‍ സ്വാഗതവും ജോ. സിക്രട്ടറി ശ്രീ ജിതിന്‍ നന്ദിയും പറഞ്ഞു. 






    ലഘുഭക്ഷണത്തിന് ശേഷം വര്‍ണക്കൂടാരം ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അധ്യാപകനും നാടകപ്രവര്‍ത്തകനും ട്രെയിനറുമായ ശ്രീ രവീന്ദ്രന്‍ പഴശ്ശി ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ആടിയും പാടിയും കളിച്ചും രസിച്ചും പ്വര്‍ത്തനങ്ങള്‍ പുരോഗമിച്ചു. ഭാഷയുടെ ഭാവാഭിനയത്തിന്റെ വ്യത്യസ്ത തലങ്ങള്‍ കുട്ടികള്‍ അനുഭവിച്ച് അറിഞ്ഞു. അംഗണവാടിയിലെ കുട്ടികള്‍ക്കൊപ്പം ഹൈസ്കൂള്‍ വിഭാഗത്തിലെ കുട്ടികളും ഒരുമിച്ചാണ് ക്യാമ്പിനെ നവ്യാനുഭവമാക്കി മാറ്റിയത്. ഒറിഗാമി സെഷനില്‍ പത്രക്കടലാസുകള്‍ ഫിഷര്‍മെന്‍ ക്യാപ്പും. മാര്‍പ്പാപ്പ തൊപ്പിയും ഗാന്ധിത്തൊപ്പിയും പോലീസ് തൊപ്പിയും പാളത്തൊപ്പിയുമൊക്കെയായി തരം മാറിക്കൊണ്ടിരുന്നു. വടികളും ചിരട്ടകളും പങ്കാളികളുടെ കൈയില്‍ താളപ്പെരുമഴ തീര്‍ത്തു. മെന്ററായ ശ്രീമതി നിഷ, പ്രവര്‍ത്തകസമിതി അംഗങ്ങളായ ശ്രീ രജീഷ്, ലൈബ്രേറിയന്‍ ശ്രീ എം വി ലക്ഷ്മണന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.

 ചില ദൃശ്യങ്ങളിലൂടെ . . .





















    ബാലവേദി ക്യാമ്പ്- വര്‍ണക്കൂടാരം അവിസ്മരണീയമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും ഗ്രന്ഥാലയത്തിന്റെ നന്ദി അറിയിക്കുന്നു.

Monday, May 22, 2023

ബാലവേദി രൂപീകരണം

     നാളത്തെ ലോകം സുന്ദരമാക്കുന്നത് ഇന്നത്തെ കുട്ടികളാണ്. സമൂഹത്തിലെ നല്ല ഗുണങ്ങളും ചീത്ത ഗുണങ്ങളും അവര്‍ സ്വാശീകരിക്കും. കുട്ടികളെ ഇത്തരം ദുഷ്പ്രവണതകളില്‍ നിന്ന് ബോധപൂര്‍വ്വം അകറ്റി നിര്‍ത്തേണ്ടതുണ്ട്. മൊബൈല്‍ ഫോണിന്റെ തടവറയില്‍ അകപ്പെട്ട് നഷ്ടപ്പെടുന്ന ബാല്യത്തെ തിരിച്ചു പിടിച്ച് കൂട്ടായ്മയുടെ ബാലപാഠങ്ങള്‍ അഭ്യസിപ്പിക്കേണ്ടതുണ്ട്. ജാതി മത വര്‍ഗ രാഷ്ട്രീയ ചിന്തകള്‍ക്കുപരിയായി മാനവികതയുടെ വിശാല ലോകം കാണിച്ചുകൊടുക്കുന്നതിനൊപ്പം അവരുടെ കഴിവുകളെ വികസിപ്പിക്കാനും നമുക്ക് കഴിയണം. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംസ്ഥാനതലത്തില്‍ എല്ലാ അംഗ ഗ്രന്ഥശാലകളിലും ബാലവേദികള്‍ രൂപീകരിക്കാന്‍ നിര്‍ദ്ദേശിച്ചത് ഇക്കാരണത്താലാണ്. വാണീവിലാസം ഗ്രന്ഥാലയത്തിലെ ബാലവേദി രൂപീകരണം മെയ് 13 ന് വൈകുന്നേരം നടന്നു. അനൗപചാരികമായി ചേര്‍ന്ന യോഗത്തില്‍ ഗ്രന്ഥാലയം പ്രസിഡണ്ട് ശ്രീ പി വി ദിവാകരന്‍ മാസ്റ്റര്‍, താലൂക്ക് കൗണ്‍സിലര്‍ ശ്രീ കെ ലക്ഷ്മണന്‍ മാസ്റ്റര്‍, ഗ്രന്ഥാലയം പ്രവര്‍ത്തക സമിതി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം വഹിച്ചു. വര്‍ണ്ണക്കൂടാരം എന്ന പേരില്‍ ഏകദിന ക്യാമ്പ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.




ലോക പുസ്തകദിനം ഏപ്രീല്‍ 23

 


    ഏപ്രിൽ 23, ലോകപുസ്തക ദിനം.  സങ്കല്പിക്കുന്നതിനേക്കാള്‍ വേഗത്തില്‍ അതിശയിപ്പിക്കുന്ന രീതിയില്‍ സാങ്കേതിക വിദ്യകള്‍ അരങ്ങുവാഴുന്ന കാലമാണിത്. വായനയ്ക്കു പകരം കാഴ്ചകൾക്കു പ്രാമുഖ്യം നല്കപ്പെടുന്ന ഇക്കാലത്ത്  അച്ചടിച്ച പുസ്തകങ്ങളുടെ വായന കുറഞ്ഞുവരുന്നു. ഒരു കാലത്ത് നാട്ടിന്‍പുറങ്ങളിലെ ഗ്രാമീണ സര്‍വ്വകലാശാലകളായിരുന്ന വായനശാലകള്‍ ഗ്രന്ഥപ്പുരകള്‍ മാത്രമായി മാറിക്കൊണ്ടിരിക്കുന്നു. വായനക്കാരെത്തേടി പുസ്തകങ്ങള്‍ സഞ്ചരിക്കുന്നു ഇക്കാലത്ത്.  വീണ്ടുമൊരു പുസ്തകദിനം കൂടി കടന്നുവരികയാണ് ഏപ്രീല്‍ 23 ന്.

    എന്തുകൊണ്ടാണ് ഏപ്രിൽ 23 ലോക പുസ്തക ദിനമായി ആചരിക്കുന്നത്? വിശ്വസാഹിത്യത്തിലെ തന്നെ അതികായരായ ഷേക്സ്പിയർ, മിഗ്വേൽ ഡേ സർവെൻ്റീസ്, ഗാർസിലാസോ ഡേ ലാ വെഗാ എന്നിവരുടെ ചരമദിനമാണ് ഏപ്രിൽ 23. ലോകസാഹിത്യത്തിൽ വസന്തം തീർത്ത ഈ മഹാന്മാരോടുള്ള ആദര സൂചകമായി ആചരിച്ചു തുടങ്ങിയതാണ് ലോകപുസ്തകദിനം. തുടക്കമിട്ടത് യുനെസ്കോയും. 1995 ൽ യുനെസ്കോയുടെ പൊതു സമ്മേളനമാണ് ഈ തീരുമാനമെടുത്തത്. 

    ആശയ വിനിമയത്തിന്റെ ഉറവിടവും വിജ്ഞാനത്തിലേക്കുള്ള പാതയും പുസ്തകങ്ങള്‍ സൃഷ്ടിക്കുന്നു. മൂല്യമുള്ള പുസ്തകങ്ങള്‍ വിതരണം ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതാണ്. വായന മരിക്കുന്നു എന്ന് വിലപിക്കുമ്പോഴും ലോകമെങ്ങും പുസ്തകം വാങ്ങുന്നവരുടെ എണ്ണം കൂടുകയാണ് എന്ന അറിവ് സന്തോഷം പകരുന്നു. വായനയുടെ വസന്തം തീര്‍ക്കാന്‍ നമുക്കും പുസ്തകലോകത്തേക്ക് കടന്നിരിക്കാം. നാട്ടിലെ വായനശാലകളില്‍ ചെന്ന് അഭിരുചിക്കിണങ്ങിയ പുസ്തകങ്ങള്‍ തെരഞ്ഞെടുത്ത് പുതിയ ലോകങ്ങള്‍ തേടാം. എല്ലാവര്‍ക്കും വായനാദിനാശംസകള്‍..



Saturday, March 18, 2023

നേത്രപരിശോധനാ ക്യാമ്പ്

     നാം ലോകത്തെ അറിയുന്നത് പഞ്ചേന്ദ്രിയങ്ങളിലൂടെയാണ്. നാം ആര്‍ജ്ജിക്കുന്ന അറിവിന്റെ 60 ശതമാനവും കണ്ണുകളിലൂടെയാണെന്നാണ് കണ്ടെത്തല്‍. കണ്ണിനെ നാം പലപ്പോഴും ശ്രദ്ധിക്കുന്നത് കാഴ്ച വൈകല്യം ഏറ്റവും ഗുരുതരമാവുമ്പോഴാണ്. കണ്ണ് പോയാലേ കണ്ണിന്റെ വിലയറിയൂ എന്ന പഴമൊഴി നാം മറക്കരുതെന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് കൊടോളിപ്രം വാണീവിലാസം ഗ്രന്ഥാലയം നൂര്‍ മലബാര്‍ ഐ ഹോസ്പിറ്റലുമായി ചേര്‍ന്ന് സൗജന്യ നേത്ര പരിശോധന  തിമിര നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചത്. 

        ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി കെ ഷൈമ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ശ്രീ. കെ ഇ രമേശ് കുമാര്‍ അധ്യക്ഷനായിരുന്നു. നൂര്‍ മലബാര്‍ ഐ ക്ലിനിക്കിലെ ഒഫ്താല്‍മോളജിസ്റ്റായ  ഡോ സുമയ്യ ക്ലാസ് നടത്തി.  ഗ്രന്ഥാലയം സിക്രട്ടറി ശ്രീ വി കെ സജിത്ത് കുമാര്‍ സ്വാഗതഭാഷണം നടത്തി. താലൂക്ക് കൗണ്‍സിലര്‍ ശ്രീ കെ ലക്ഷ്മണന്‍ മാസ്റ്റര്‍ ആസംസകള്‍ നേര്‍ന്നു. ഗ്രന്ഥാലയം പ്രവര്‍ത്തക സമിതി അംഗം ശ്രീ പി വി രജീഷ് നന്ദി പ്രകാശിപ്പിച്ചു.  പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ നേതൃത്വം വഹിച്ചു. 



        തുടര്‍ന്ന് നേത്രപരിശോധന, തിമിര നിര്‍ണയം, മരുന്ന് വിതരണം എന്നിവ നടന്നു. 6 ലധികം പേര്‍ പങ്കെടുത്തു. കണ്ണട ആവശ്യമുള്ളവര്‍ക്ക് സൗജന്യ നിരക്കില്‍ കണ്ണട വിതരണം ചെയ്യും. ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്ക് ഏറ്റവും കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.




ചാന്ദ്രവിജയദിനാഘോഷം2026

     മനുഷ്യന്റെ , ശാസ്ത്രത്തിന്റെ ഐതിഹാസികമായ വിജയങ്ങളിലൊന്നായിരുന്നു 1969 ജൂലൈ 21 ന് അമ്പിളിമാമനില്‍ കാല്‍പതിപ്പിക്കാനായത് . 1963 നവംബര്‍ 2...