അവധിക്കാലത്ത് വായനാവസന്തം തീര്‍ക്കാന്‍ ഗ്രന്ഥാലയം ഒരുങ്ങി. ഇഷ്ട പുസ്തകങ്ങള്‍ വായിക്കാന്‍ വായനശാല സന്ദര്‍ശിക്കുക. വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെ. .. ..

Sunday, May 28, 2023

വര്‍ണക്കൂടാരം -ബാലവേദി ക്യാമ്പ്


 

    കലുഷിതമായ വര്‍ത്തമാനകാലത്ത് മാനവികതയതയിലൂന്നിയ അനുഭവങ്ങള്‍ കുട്ടികള്‍ക്കായി സമ്മാനിക്കേണ്ടതുണ്ട്. ജാതി മത വര്‍ഗ വര്‍ണ വ്യത്യാസമില്ലാതെ മാനവരെല്ലാം ഒന്നാണെന്ന സന്ദേശത്തിന് പ്രസക്തി ഏറെയുണ്ട് ഇക്കാലത്ത്. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എല്ലാ അംഗ ഗ്രന്ഥശാലകളിലും ബാലവേദികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചത് ദു‍ഃഖകരമായ സംഭവങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ്. ബാലവേദി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനായി എല്ലാ ഗ്രന്ഥശാലകളില്‍ നിന്നും രണ്ടുപേര്‍ക്ക്- മെന്റര്‍മാരായി പരിശീലനവും ലഭ്യമാക്കിയിരുന്നു. തുടര്‍ന്ന് അംഗ ഗ്രന്ഥശാലകളില്‍ ബാലവേദികള്‍ രൂപീകരിച്ചു. വാണീവിലാസം ഗ്രന്ഥാലയത്തിലെ ബാലവേദി രൂപീകരണം മെയ് 20 ന് നടന്നു. തുടര്‍ന്ന് കുട്ടികള്‍ക്കായുള്ള ക്യാമ്പ്- വര്‍ണക്കൂടാരം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.

    വര്‍ണക്കൂടാരം ബാലവേദി ക്യാമ്പിന്റെ ഉദ്ഘാടനം മെയ് 28 ഞായറാഴ്ച രാവിലെ 10 മണിക്ക് കൂടാളി ഗ്രാമപഞ്ചായത്ത് വികസന- ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർമാന്‍ ശ്രീ കെ ദിവാകരന്‍ നിര്‍വ്വഹിച്ചു. കാണേണടത് കാണാനും കേള്‍ക്കേണ്ടത് കേള്‍ക്കാനും പറയേണ്ടത് പറയാനും കഴിയുന്ന കുട്ടികളായി വളരാന്‍ കഴിവുള്ളവരാകട്ടെ എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ ആശംസിച്ചു.  താലൂക്ക് കൗണ്‍സിലർ ശ്രീ കെ ലക്ഷ്മണന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. ബാലവേദി മെന്റര്‍ ശ്രീമതി നിഷ പ്രവര്‍ത്തനപദ്ധതി വിശദീകരിച്ചു.  ലൈബ്രറി കൗണ്‍ിസല്‍ പട്ടാന്നൂര്‍ മേഖല നേതൃ സമിതി കണ്‍വീനര്‍ ശ്രീ പി വി ആനന്ദബാബു, കൊടോളിപ്രം അംഗണ്‍വാടി വര്‍ക്കര്‍ ശ്രീമതി ഹഫ്സത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഗ്രന്ഥാലയം സിക്രട്ടറി വി കെ സജിത്ത് കുമാര്‍ സ്വാഗതവും ജോ. സിക്രട്ടറി ശ്രീ ജിതിന്‍ നന്ദിയും പറഞ്ഞു. 






    ലഘുഭക്ഷണത്തിന് ശേഷം വര്‍ണക്കൂടാരം ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അധ്യാപകനും നാടകപ്രവര്‍ത്തകനും ട്രെയിനറുമായ ശ്രീ രവീന്ദ്രന്‍ പഴശ്ശി ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ആടിയും പാടിയും കളിച്ചും രസിച്ചും പ്വര്‍ത്തനങ്ങള്‍ പുരോഗമിച്ചു. ഭാഷയുടെ ഭാവാഭിനയത്തിന്റെ വ്യത്യസ്ത തലങ്ങള്‍ കുട്ടികള്‍ അനുഭവിച്ച് അറിഞ്ഞു. അംഗണവാടിയിലെ കുട്ടികള്‍ക്കൊപ്പം ഹൈസ്കൂള്‍ വിഭാഗത്തിലെ കുട്ടികളും ഒരുമിച്ചാണ് ക്യാമ്പിനെ നവ്യാനുഭവമാക്കി മാറ്റിയത്. ഒറിഗാമി സെഷനില്‍ പത്രക്കടലാസുകള്‍ ഫിഷര്‍മെന്‍ ക്യാപ്പും. മാര്‍പ്പാപ്പ തൊപ്പിയും ഗാന്ധിത്തൊപ്പിയും പോലീസ് തൊപ്പിയും പാളത്തൊപ്പിയുമൊക്കെയായി തരം മാറിക്കൊണ്ടിരുന്നു. വടികളും ചിരട്ടകളും പങ്കാളികളുടെ കൈയില്‍ താളപ്പെരുമഴ തീര്‍ത്തു. മെന്ററായ ശ്രീമതി നിഷ, പ്രവര്‍ത്തകസമിതി അംഗങ്ങളായ ശ്രീ രജീഷ്, ലൈബ്രേറിയന്‍ ശ്രീ എം വി ലക്ഷ്മണന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.

 ചില ദൃശ്യങ്ങളിലൂടെ . . .





















    ബാലവേദി ക്യാമ്പ്- വര്‍ണക്കൂടാരം അവിസ്മരണീയമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും ഗ്രന്ഥാലയത്തിന്റെ നന്ദി അറിയിക്കുന്നു.

Monday, May 22, 2023

ബാലവേദി രൂപീകരണം

     നാളത്തെ ലോകം സുന്ദരമാക്കുന്നത് ഇന്നത്തെ കുട്ടികളാണ്. സമൂഹത്തിലെ നല്ല ഗുണങ്ങളും ചീത്ത ഗുണങ്ങളും അവര്‍ സ്വാശീകരിക്കും. കുട്ടികളെ ഇത്തരം ദുഷ്പ്രവണതകളില്‍ നിന്ന് ബോധപൂര്‍വ്വം അകറ്റി നിര്‍ത്തേണ്ടതുണ്ട്. മൊബൈല്‍ ഫോണിന്റെ തടവറയില്‍ അകപ്പെട്ട് നഷ്ടപ്പെടുന്ന ബാല്യത്തെ തിരിച്ചു പിടിച്ച് കൂട്ടായ്മയുടെ ബാലപാഠങ്ങള്‍ അഭ്യസിപ്പിക്കേണ്ടതുണ്ട്. ജാതി മത വര്‍ഗ രാഷ്ട്രീയ ചിന്തകള്‍ക്കുപരിയായി മാനവികതയുടെ വിശാല ലോകം കാണിച്ചുകൊടുക്കുന്നതിനൊപ്പം അവരുടെ കഴിവുകളെ വികസിപ്പിക്കാനും നമുക്ക് കഴിയണം. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംസ്ഥാനതലത്തില്‍ എല്ലാ അംഗ ഗ്രന്ഥശാലകളിലും ബാലവേദികള്‍ രൂപീകരിക്കാന്‍ നിര്‍ദ്ദേശിച്ചത് ഇക്കാരണത്താലാണ്. വാണീവിലാസം ഗ്രന്ഥാലയത്തിലെ ബാലവേദി രൂപീകരണം മെയ് 13 ന് വൈകുന്നേരം നടന്നു. അനൗപചാരികമായി ചേര്‍ന്ന യോഗത്തില്‍ ഗ്രന്ഥാലയം പ്രസിഡണ്ട് ശ്രീ പി വി ദിവാകരന്‍ മാസ്റ്റര്‍, താലൂക്ക് കൗണ്‍സിലര്‍ ശ്രീ കെ ലക്ഷ്മണന്‍ മാസ്റ്റര്‍, ഗ്രന്ഥാലയം പ്രവര്‍ത്തക സമിതി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം വഹിച്ചു. വര്‍ണ്ണക്കൂടാരം എന്ന പേരില്‍ ഏകദിന ക്യാമ്പ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.




ലോക പുസ്തകദിനം ഏപ്രീല്‍ 23

 


    ഏപ്രിൽ 23, ലോകപുസ്തക ദിനം.  സങ്കല്പിക്കുന്നതിനേക്കാള്‍ വേഗത്തില്‍ അതിശയിപ്പിക്കുന്ന രീതിയില്‍ സാങ്കേതിക വിദ്യകള്‍ അരങ്ങുവാഴുന്ന കാലമാണിത്. വായനയ്ക്കു പകരം കാഴ്ചകൾക്കു പ്രാമുഖ്യം നല്കപ്പെടുന്ന ഇക്കാലത്ത്  അച്ചടിച്ച പുസ്തകങ്ങളുടെ വായന കുറഞ്ഞുവരുന്നു. ഒരു കാലത്ത് നാട്ടിന്‍പുറങ്ങളിലെ ഗ്രാമീണ സര്‍വ്വകലാശാലകളായിരുന്ന വായനശാലകള്‍ ഗ്രന്ഥപ്പുരകള്‍ മാത്രമായി മാറിക്കൊണ്ടിരിക്കുന്നു. വായനക്കാരെത്തേടി പുസ്തകങ്ങള്‍ സഞ്ചരിക്കുന്നു ഇക്കാലത്ത്.  വീണ്ടുമൊരു പുസ്തകദിനം കൂടി കടന്നുവരികയാണ് ഏപ്രീല്‍ 23 ന്.

    എന്തുകൊണ്ടാണ് ഏപ്രിൽ 23 ലോക പുസ്തക ദിനമായി ആചരിക്കുന്നത്? വിശ്വസാഹിത്യത്തിലെ തന്നെ അതികായരായ ഷേക്സ്പിയർ, മിഗ്വേൽ ഡേ സർവെൻ്റീസ്, ഗാർസിലാസോ ഡേ ലാ വെഗാ എന്നിവരുടെ ചരമദിനമാണ് ഏപ്രിൽ 23. ലോകസാഹിത്യത്തിൽ വസന്തം തീർത്ത ഈ മഹാന്മാരോടുള്ള ആദര സൂചകമായി ആചരിച്ചു തുടങ്ങിയതാണ് ലോകപുസ്തകദിനം. തുടക്കമിട്ടത് യുനെസ്കോയും. 1995 ൽ യുനെസ്കോയുടെ പൊതു സമ്മേളനമാണ് ഈ തീരുമാനമെടുത്തത്. 

    ആശയ വിനിമയത്തിന്റെ ഉറവിടവും വിജ്ഞാനത്തിലേക്കുള്ള പാതയും പുസ്തകങ്ങള്‍ സൃഷ്ടിക്കുന്നു. മൂല്യമുള്ള പുസ്തകങ്ങള്‍ വിതരണം ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതാണ്. വായന മരിക്കുന്നു എന്ന് വിലപിക്കുമ്പോഴും ലോകമെങ്ങും പുസ്തകം വാങ്ങുന്നവരുടെ എണ്ണം കൂടുകയാണ് എന്ന അറിവ് സന്തോഷം പകരുന്നു. വായനയുടെ വസന്തം തീര്‍ക്കാന്‍ നമുക്കും പുസ്തകലോകത്തേക്ക് കടന്നിരിക്കാം. നാട്ടിലെ വായനശാലകളില്‍ ചെന്ന് അഭിരുചിക്കിണങ്ങിയ പുസ്തകങ്ങള്‍ തെരഞ്ഞെടുത്ത് പുതിയ ലോകങ്ങള്‍ തേടാം. എല്ലാവര്‍ക്കും വായനാദിനാശംസകള്‍..



വിജ്ഞാന വികസന സദസ്സ്

      വൈജ്ഞാനിക സമൂഹമായി മാറാനുള്ള തയ്യാറെടുപ്പിലൂടെയാണ് കേരളം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ സാമൂഹ്യമാറ്റത്തിന് കാഹളം മുഴങ്ങിയത...