അവധിക്കാലത്ത് വായനാവസന്തം തീര്‍ക്കാന്‍ ഗ്രന്ഥാലയം ഒരുങ്ങി. ഇഷ്ട പുസ്തകങ്ങള്‍ വായിക്കാന്‍ വായനശാല സന്ദര്‍ശിക്കുക. വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെ. .. ..

ഗ്രന്ഥാലയ ചരിത്രം

   

  കൊടോളിപ്രം ഗ്രാമത്തിന്റെ ഐശ്വര്യമായി പരിലസിക്കുന്ന പൊതു സ്ഥാപനമാണ് 1956 ല്‍ സ്ഥാപിതമായ വാണീവിലാസം ഗ്രന്ഥാലയം. കേവലം 36 പുസ്തകങ്ങളുമായി ആരംഭിച്ച ഗ്രന്ഥാലയത്തില്‍ ഇന്ന് വിവിധ വിജ്ഞാന ശാഖകളിലായി പന്ത്രണ്ടായിരത്തിലധികം പുസ്തകങ്ങള്‍ ഉണ്ട്. കേരളസ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിനു കീഴിലാണ് 1957 മുതല്‍ ഗ്രന്ഥാലയം പ്രവര്‍ത്തിക്കുന്നത്. കൊടോളിപ്രം ഗ്രാമത്തിന്റെ കേന്ദ്ര സ്ഥാനത്ത് മട്ടന്നൂര്‍ ഇരിക്കൂറ്‍ റോഡില്‍ വയല്‍ക്കരയിലാണ് നമ്മുടെ സ്ഥാപനം നിലകൊള്ളുന്നത്. ഒരു കാലത്ത് കൊടോളിപ്രം എന്ന അവികസിത പ്രദേശത്തിന്റെ എല്ലാ വികസന സങ്കല്പങ്ങളും ചിറകു മുളച്ചത് ഇവിടെയായിരുന്നു. ആ സ്വപ്നങ്ങളുടെ പൂര്‍ത്തീകരണത്തിനായി ഒരുമിച്ചിറങ്ങാന്‍ ഒറ്റ മനസ്സുമായി നാട്ടുകാര്‍ എല്ലാവരുമുണ്ടായിരുന്നു.

ശ്രീ കെ ടി കുഞ്ഞിക്കമ്മാരന്‍ നമ്പ്യാര്‍ അനുവദിച്ചു തന്ന സ്ഥലത്താണ് ഗ്രന്ഥാലയം സ്ഥാപിതമായത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ മകള്‍ ശ്രീമതി കെ ടി ജയലക്ഷ്മി പ്രസ്തുത സ്ഥലം (3.5 സെന്റ്) ഗ്രന്ഥാലയത്തിന് സംഭാവനയായി നല്‍കുകയാണുണ്ടായത്. കൂത്തുപറമ്പ വികസന ബ്ലോക്കില്‍ നിന്നും അനുവദിച്ച 500 രൂപയും നാട്ടുകാരില്‍ നിന്ന് പിരിച്ചെടുത്ത 1000 രൂപയും ഒപ്പം സംഭാവനയായി ലഭിച്ച കല്ലും മരവും ഉപയോഗിച്ച് സന്നദ്ധ പ്രവര്‍ത്തനത്തിലൂടെ നിര്‍മ്മിച്ച വായനശാലയുടെ - വാണീവിലാസം ഗ്രന്ഥാലയത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം 1956 മെയ് 10 ന് അന്നത്തെ മലബാര്‍ കലക്ടര്‍ ശ്രീ ആര്‍ ഗോപാല സ്വാമി ഐ എ എസ് നിര്‍വ്വഹിച്ചു. 

ശ്രീ സി വി കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ പ്രസിഡണ്ടും ശ്രീ കെ കമ്മാരന്‍ നമ്പ്യാര്‍ സിക്രട്ടറിയും ശ്രീ വി ആര്‍ കേളപ്പന്‍ നമ്പ്യാര്‍, ശ്രീ പി കണ്ണനാനന്ദന്‍, ശ്രീ ആര്‍ കെ കമ്മാരന്‍ നമ്പ്യാര്‍, ശ്രീ വി ആര്‍ ദാമോദരന്‍ നമ്പ്യാര്‍, ശ്രീ ടി കുഞ്ഞിരാമന്‍ മാസ്റ്റര്‍, ശ്രീ വി നാരായണന്‍ നമ്പീശന്‍, ശ്രീ കെ വി കൃഷ്ണമാരാര്‍, ശ്രീ കല്യാടന്‍ കുഞ്ഞമ്പു നായര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള പ്രവര്‍ത്തകസമിതിയാണ് ഗ്രന്ഥാലയത്തിന് ഭരണസാരഥ്യം വഹിച്ചത്. 

1956ല്‍ നിര്‍മ്മിച്ച കെട്ടിടം കാലപ്പഴക്കത്താല്‍ ജീര്‍ണിച്ചതിനെത്തുടര്‍ന്ന് 2001 ല്‍ പുതിയ കെട്ടിട നിര്‍മ്മാണത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഗ്രന്ഥശാലാ സംഘത്തിന്റെയും നാട്ടുകാരുടെയും സഹായ സഹകരണത്തോടെ 2003 ല്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കാനായി. ഗ്രന്ഥാലയത്തിന്റെ സുവര്‍ണ ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി നിലവിലെ കെട്ടിടത്തിന് മുകളിലായി രാജാറാം മോഹന്‍ റായ് ഫൗണ്ടേഷന്റെ കൂടി സഹായധനത്തോടെ ഒരു ഹാള്‍ പണിയാനും സാധിച്ചു. നാട്ടുകാരുടെയും സ്ഥാപനങ്ങളുടെയും യോഗങ്ങളും പൊതു പരിപാടികളും നടത്താന്‍ സൗകര്യപ്രദമായ രീതിയിലായിരുന്നു നിര്‍മ്മാണം. 



No comments:

Post a Comment

വിജ്ഞാന വികസന സദസ്സ്

      വൈജ്ഞാനിക സമൂഹമായി മാറാനുള്ള തയ്യാറെടുപ്പിലൂടെയാണ് കേരളം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ സാമൂഹ്യമാറ്റത്തിന് കാഹളം മുഴങ്ങിയത...