അവധിക്കാലത്ത് വായനാവസന്തം തീര്‍ക്കാന്‍ ഗ്രന്ഥാലയം ഒരുങ്ങി. ഇഷ്ട പുസ്തകങ്ങള്‍ വായിക്കാന്‍ വായനശാല സന്ദര്‍ശിക്കുക. വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെ. .. ..

Friday, September 15, 2023

ഗ്രന്ഥശാലാദിനാഘോഷം

        കേരളത്തെ കേരളമാക്കിമാറ്റിത്തീര്‍ത്തതില്‍ വലിയ പങ്ക് വഹിച്ചത് വിദ്യാഭ്യാസമാണ്. വായിക്കാനും വായിപ്പിക്കാനും അതുവഴി അനീതിയെ ചോദ്യെ ചെയ്യാനും കെല്പുള്ള തലമുറയെ വാര്‍ത്തെടുത്ത വായനാശാലകള്‍-ഗ്രന്ഥാലയങ്ങള്‍ കേരളത്തെ മാറ്റിയെടുത്തി. അതിന് നടുനായകത്വം വഹിച്ച പ്രസ്ഥാനമാണ് കേരള ഗ്രന്ഥശാലാ സംഘം (കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍).  കേരളത്തിലെ ഏറ്റവും വലിയ സംഘടിത സാംസ്കാരിക പ്രസ്ഥാനമായ കേരള ഗ്രന്ഥശാലാ സംഘം 78 വര്‍ഷങ്ങള്‍  പിന്നിട്ടിരിക്കുന്നു. 1945 സെപ്റ്റംബര്‍ 14ന് അമ്പലപ്പുഴ പി.കെ മെമ്മോറിയല്‍ ഗ്രന്ഥശാലയില്‍ ചേര്‍ന്ന അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാല സമ്മേളനമാണ് അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാലാസംഘത്തിന് രൂപംനല്‍കിയത്. അതാണ് പിന്നീട് ഗ്രന്ഥശാലാ സംഘമായും കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലായും പരിണമിച്ചത്. 

        തിരുവിതാംകൂര്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്‍െറ ചരിത്രം സ്വാതി തിരുനാളിലൂടെയാണ് ആരംഭിക്കുന്നത്. ഇന്ത്യയിലെതന്നെ ആദ്യത്തെ പൊതുജനഗ്രന്ഥശാലയായി കണക്കാക്കുന്ന തിരുവനന്തപുരം പബ്ളിക് ലൈബ്രറി 1936ല്‍ അദ്ദേഹമാണ് സ്ഥാപിച്ചത്. എന്നാല്‍, ഒരു കാലത്തും അതിനൊരു ജനകീയ സ്വഭാവം കൈവന്നിരുന്നില്ല. 1894ല്‍ വഞ്ചിയൂരിലെ കുന്നുംപുറത്ത് സ്ഥാപിതമായ സുഗുണപോഷിണിയാണ് പൊതുജനങ്ങളാല്‍ സ്ഥാപിതമായ ആദ്യത്തെ ഗ്രന്ഥശാല.  1945 ആയപ്പോഴേക്കും 160ലധികം ലൈബ്രറികള്‍ തിരുവിതാംകൂറില്‍ രൂപംകൊണ്ടു. ഈ ലൈബ്രറികളെ കൂട്ടിയോജിപ്പിക്കാനുള്ള പരിശ്രമങ്ങളുമുണ്ടായി.  1945 സെപ്റ്റംബര്‍ 14ന് അമ്പലപ്പുഴ പി.കെ മെമ്മോറിയല്‍ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ സാഹിത്യപഞ്ചാനനന്‍ തിയറ്ററില്‍ നടന്ന സമ്മേളനം അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സമ്മേളനത്തിന് രൂപംനല്‍കി. നീലംപേരൂര്‍കാരനായ പുതുവായില്‍ നാരായണപണിക്കര്‍ എന്ന പി.എന്‍. പണിക്കര്‍ അമ്പലപ്പുഴ കിഴക്കേനടയിലുള്ള പ്രൈമറി സ്കൂളില്‍ അധ്യാപകനായി വരുകയും അദ്ദേഹം പി.കെ മെമ്മോറിയല്‍ ഗ്രന്ഥശാലയുടെ നേതൃത്വം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് ഈ സമ്മേളനം ചേര്‍ന്നതും  പ്രസ്ഥാനം രൂപവത്കരിച്ചതും.  

    കൊച്ചി സംസ്ഥാനത്തെ ഭരണാധികാരികള്‍ ഗ്രാമങ്ങള്‍തോറും ഗ്രന്ഥശാലകള്‍ സ്ഥാപിക്കുന്നതിന് മുന്‍കൈ എടുത്തു. എം.ആര്‍.കെ.സി, ഡോ. എ.ആര്‍. മേനോന്‍ എന്നിവരുടെ നേതൃത്വത്തില്‍ രൂപംകൊണ്ട ഗ്രാമീണ ഗ്രന്ഥശാലകള്‍ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തോടും നവോത്ഥാന ആശയങ്ങളോടും സമരസപ്പെട്ടുകൊണ്ടാണ് പ്രവര്‍ത്തിച്ചതെന്ന് കാണാം. 

    സംഘബോധത്തിന്റെ ചൈതന്യരൂപങ്ങളെന്നനിലയിലാണ് മലബാറില്‍ ഗ്രന്ഥശാലകള്‍ രൂപംകൊണ്ടത്. ഇതിന് ഭരണകൂടങ്ങളോ ഏതെങ്കിലും ഏജന്‍സികളോ സാമ്പത്തികമായ ഒരു സഹായവും ചെയ്തിരുന്നില്ല. ദേശീയ പ്രസ്ഥാനത്തിന്‍െറ ഭാഗമായി ഒട്ടേറെ ഗ്രന്ഥശാലകള്‍ അവിടെ ഉയര്‍ന്നുവന്നു. കെ.പി.സി.സി സെക്രട്ടറിയായിരുന്ന ഇ.എം.എസ് ഗ്രാമപ്രദേശങ്ങളില്‍ ഗ്രന്ഥശാലകള്‍ രൂപവത്കരിക്കുന്നതിന് മുന്നിട്ടിറങ്ങാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആഹ്വാനംചെയ്തു. കെ. ദാമോദരനെപ്പോലെയുള്ളവരും സജീവമായി ഇറങ്ങി. നവോത്ഥാന പ്രസ്ഥാനത്തിന്‍െറ ഭാഗമായി വിശേഷിച്ചും ശ്രീനാരായണ ഗുരു, വാഗ്ഭടാനന്ദന്‍ എന്നിവരുടെ സ്വാധീനത്താല്‍ ഏറെ ഗ്രന്ഥശാലകള്‍ രൂപംകൊണ്ടു. സംഘടനകൊണ്ട് ശക്തരാകാനും വായനകൊണ്ട് പ്രബുദ്ധരാകാനുമുള്ള ഗുരുവിന്‍െറ ആഹ്വാനം മലബാറില്‍ ഗ്രന്ഥശാലകള്‍ രൂപവത്കരിച്ചുകൊണ്ടാണ് യുവാക്കള്‍ സ്വീകരിച്ചത്.

  1937 ജൂണ്‍ 11ന് മലബാറില്‍ ഒരു സംഘടിത ഗ്രന്ഥശാലാ പ്രസ്ഥാനമുണ്ടായി. 150ഓളം ഗ്രന്ഥശാലകളില്‍നിന്നായി മുന്നൂറോളം പ്രതിനിധികള്‍ പങ്കെടുത്തു. കെ. ദാമോദരന്‍ കണ്‍വീനറായ മലബാര്‍ ഗ്രന്ഥശാലാ സംഘം പിന്നീട് 1943ല്‍ കേരളത്തിലെ മുഴുവന്‍ ഗ്രന്ഥശാലാ പ്രവര്‍ത്തകരെയും ചേര്‍ത്ത്  കേരള ഗ്രന്ഥാലയ സംഘത്തിന് രൂപംനല്‍കി. 1943 ഡിസംബര്‍ ഒന്നിന് കേരള ഗ്രന്ഥാലയ സംഘം രജിസ്റ്റര്‍ ചെയ്തു. തിരുവിതാംകൂറിലെയും കൊച്ചിയിലെയും ഗ്രന്ഥശാലാ നേതാക്കന്മാര്‍ ഉള്‍പ്പെട്ടതായിരുന്നു കേരള ഗ്രന്ഥാലയ സംഘത്തിന്‍െറ ഭരണസമിതി. പ്രഫ. എസ്. ഗുപ്തന്‍ നായര്‍, കുട്ടനാട് രാമകൃഷ്ണപിള്ള, ഡോ. ഗോദവര്‍മ എന്നിവര്‍ തിരുവിതാംകൂറിനെയും പനമ്പിള്ളി ഗോവിന്ദമേനോന്‍, പ്രഫ. ജോസഫ് മുണ്ടശ്ശേരി  എന്നിവര്‍ കൊച്ചിയെയും പ്രതിനിധാനംചെയ്ത് ആ ഭരണസമിതിയില്‍ അംഗങ്ങളായി. 

    1989 ഫെബ്രുവരി 23ന് കേരള നിയമസഭ  പാസാക്കിയ കേരള പബ്ളിക് ലൈബ്രറീസ് ആക്ട് (കേരള ഗ്രന്ഥശാലാ സംഘം) പ്രകാരമാണ് ഇന്നത്തെ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നത്.  ഈ നിയമത്തിന്‍െറ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തി ഒന്നാം ലൈബ്രറി കൗണ്‍സില്‍ അധികാരത്തിലത്തൊന്‍ ഏതാണ്ട് അഞ്ചുവര്‍ഷത്തോളമെടുത്തു.  1994 ഏപ്രില്‍ 27നാണ്  കവി കടമ്മനിട്ട പ്രസിഡന്‍റും പത്രപ്രവര്‍ത്തകനായ ഐ.വി. ദാസ് സെക്രട്ടറിയുമായ ഭരണസമിതി അധികാരമേറ്റെടുത്തത്. 

    അയിത്തവും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും മറ്റു സാമൂഹിക തിന്മകളുംകൊണ്ട് മലീമസമായിരുന്ന കേരളത്തിന്റെ സാമൂഹിക വ്യവസ്ഥയെ സാംസ്കാരികമായി ശുദ്ധീകരിച്ചെടുത്തതും നവോത്ഥാനമൂല്യങ്ങള്‍ക്ക് തെളിച്ചം പകരുന്ന  ഇടങ്ങളായി വര്‍ത്തിച്ചതും കേരളത്തിലെ ഗ്രന്ഥശാലകളായിരുന്നു. നമ്മുടെ പൂര്‍വ്വികര്‍ തെളിയിച്ച ആ കൈത്തരി കെടാതെ നമുക്ക് കാത്തു സൂക്ഷിക്കാം.

    ഗ്രന്ഥശാലാ ദിനത്തിന്റെ ഭാഗമായി വാണീവിലാസം ഗ്രന്ഥാലയത്തില്‍ താലൂക്ക് കൗണ്‍സിലര്‍ രാവിലെ 9 മണിക്ക് പതാക ഉയര്‍ത്തി. 

    കേരളത്തിലെ ഗ്രാമീണ ലൈബ്രറികളെ കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിനെതിരായ പ്രതിഷേധത്തോടെ സന്ധ്യക്ക് അക്ഷരദീപം തെളിയിച്ചു. പ്രതിഷേധ പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി. 



Thursday, September 14, 2023

സര്‍ഗോത്സവവും ഗ്രന്ഥശാലാ ദിനാഘോഷവും

 

        മനുഷ്യനില്‍ അന്തര്‍ലീനമായ നല്ല കഴിവുകളുടെല്ലാം വികാസത്തിന് പരിശീലനവും പ്രകടനവും അത്യാവശ്യമാണ്. സര്‍ഗപരമായ കഴിവുകളുടെ വികാസത്തിന് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കി നല്‍കുകയെന്നത് ഓരോ സംസ്കാരിക സ്ഥാപനത്തിന്റെയും ചുമതല കൂടിയാണ്. കേരളത്തിലെ ഏറ്റവും വലുതും സംഘടിതവുമായ സംസ്കാരിക പ്രസ്ഥാനമാണ് കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍. വിപുലമായ അംഗഗ്രന്ഥശാലകളിലൂടെ കുട്ടികള്‍ക്ക് തങ്ങളുടെ കഴിവുകള്‍ തിരിച്ചറിയാനും അംഗീകരിക്കപ്പെടാനുമുള്ള അവസരങ്ങള്‍ ഒരുക്കി നല്‍കുന്നതിന്റെ ഭാഗമായാണ് സര്‍ഗോത്സവങ്ങള്‍ സംഘടിപ്പിക്കപ്പെട്ടത്. 

        വാണീവിലാസം ഗ്രന്ഥാലയത്തിലെ സര്‍ഗോത്സവത്തന്റെ ഉദ്ഘാടനം കൂടാളി ഗ്രാമപഞ്ചായത്തംഗം ശ്രീ കെ ഇ രമേസ് കുമാര്‍ നിര്‍വ്വഹിച്ചു. താലൂക്ക് കൗണ്‍സിലര്‍ ശ്രീ കെ ലക്ഷ്മണന്‍ മാസ്റ്റര്‍ ആശംസകള്‍ അറിയിച്ചു. കേരള ഗ്രന്ഥശാലാ ദിനവുമായി ബന്ധപ്പെട്ട കാര്യങ്ങളും അദ്ദേഹം കുട്ടികള്‍ക്ക് വിശദീകരിച്ച് നല്‍കി. സിക്രട്ടറി സ്വാഗതമാശംസിച്ച ചടങ്ങില്‍ വനിതാ ലൈബ്രേറിയന്‍ ശ്രീമതി നിഷ നന്ദി പ്രകാശിപ്പിച്ചു. സര്‍ഗോത്സവത്തിന്റെ ഭാഗമായുള്ള പരിപാടികളും തുടര്‍ന്ന് നടന്നു.








രാവിലെ 11 മണിക്ക് മുതിര്‍ന്നവര്‍ക്കുള്ള വായനാമത്സരവും ഗ്രന്ഥാലയത്തില്‍ വെച്ച് നടന്നു.


Sunday, September 3, 2023

ഓണോത്സവം 2023





        ഓണം എന്നത് കേവല ഉത്സവദിനങ്ങൾ എന്നതിനപ്പുറം മലയാളികളിൽ ആഴത്തിൽ തന്നെയുള്ള വികാരമാണ്. ഓണം മലയാളികളുടെ ദേശീയോത്സവമാണ്. ഓണം മാബലിയുടെ വരവാണ്. ഓണം വീട്ടുകാരെല്ലാം വന്നു ചേരുന്ന ദിവസവും ആചാരാനുഷ്ഠാനാഘോഷവും കാർഷികോത്സവവും കച്ചവടമഹാമഹവും ഒക്കെയാണ്. ഓണം സന്തോഷത്തിന്റെ, സമൃദ്ധിയുടെ, പൂക്കള – സദ്യ – പുത്തൻതുണിവട്ടത്തിന്റേയുമൊക്കെ അവസരമാണ്. ഇനി, ഇത് സംബന്ധിച്ച  കഥകൾ – ഐതിഹ്യങ്ങളാണെങ്കിൽ നിറയെ. കേരളം വാണ നീതിമാനായ രാജാവ് മഹാബലി തന്റെ പ്രജകളെ കാണാനെത്തുന്ന ദിനമാണ് തിരുവോണം എന്നാണ് ഐതിഹ്യം. മലയാള മാസമായ ചിങ്ങമാസത്തില്‍ തിരുവോണം നാളിലാണ് പ്രധാന ആഘോഷം. ഇതിനു പത്തു ദിവസം മുമ്പെ  അത്തം നാളില്‍ ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങും. വീടിനു മുന്നില്‍ മുറ്റത്ത് പൂക്കളമിട്ടാണ് തുടക്കം. തിരുവോണം നാള്‍ വരെ ഒമ്പതു ദിവസവും മുറ്റം പൂക്കളം കൊണ്ട് അലങ്കരിക്കും. ഒത്തൊരുമയുടെയും സൗഹൃദത്തിന്റേയും സമൃദ്ധിയുടെയും ഉത്സവമാണിത്. ഓണസദ്യക്ക് പായസവും, പ്രഥമനും ഒരുക്കുന്നതും പതിവാണ്. കാണം വിറ്റും ഓണം ഉണ്ണണമെന്നാണ് പ്രമാണം. 
    എല്ലാവരും ഒന്നായിരുന്ന, ആധികളും വ്യാധികളും ഇല്ലാതിരുന്ന സമത്വസുന്ദര മനോഹര സ്വപ്നത്തിന്റെ സാക്ഷാത്ക്കാരമാണ് ഓണം. ആ സ്വപ്നം പോലും ഏതൊരു മനുഷ്യനെയും പ്രചോദിപ്പിക്കും. ആ നല്ല നാളിന്റെ അരികിലെത്താനായി നാം പരിശ്രമിക്കേണ്ടതുണ്ട് എന്നതാണ് ഓണത്തിന്റെ സന്ദേശം.
     എല്ലാവര്‍ഷവുമെന്നപോലെ ഇത്തവണയും ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിലുള്ള ഓണോത്സവം ഉത്രാടം, തിരുവോണം ദിവസങ്ങളിലായാ സംഘടിപ്പിച്ചു. ആദ്യദിനം കുട്ടികളുടേതായിരുന്നു. പ്രീ-പ്രൈമറി തൊട്ട് ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വരെയുള്ള കുട്ടികള്‍ക്കായി പൊലിമയുള്ള ഒട്ടേറെ മത്സരപരിപാടികള്‍ നടന്നു. മഞ്ചാടി പെറുക്കലും മുത്തുകോര്‍ക്കലം പൂക്കളം കളറിംഗും അപ്പം കടിയും കസേരകളിയുമെല്ലാം ആവശഭരിതമായിരുന്നു. ഉച്ചക്ക് ശേഷം 3 മണിക്കാരംഭിച്ച പരിപാടികള്‍ 7 മണിയോടെ സമാപിച്ചു.












    തിരുവോണനാളില്‍ മുതിര്‍ന്നവര്‍ക്കുള്ള മത്സരപരിപാടികള്‍ക്കായിരുന്നു പ്രാമുഖ്യം. സുന്ദരിക്ക് പൊട്ടുതൊടലോടെ ആരംഭിച്ച പരിപാടികള്‍, മെഴുകുതിരി കത്തിക്കലിലും കുപ്പിയില്‍ വെള്ളം നിറക്കലിലുമായി പുരോഗമിച്ചു. ചാക്കിലോട്ടവും തേങ്ങ കല്ല് കൊണ്ട് എറിഞ്ഞ് പൊട്ടിക്കലും പെനാല്‍ട്ടി ഷൂട്ടൗട്ടും കഴിഞ്ഞ് കമ്പവലിയിലെത്തിയതോടെ ആവേശം പരകോടിയിലെത്തി. പുരുഷ- വനിതാ ടീമുകള്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെ മുന്നേറിയപ്പോള്‍ ജയപരാജയങ്ങള്‍ മാറി മറഞ്ഞു. മൂന്ന് വീതം ടീമുകള്‍ പങ്കെടുത്ത് മത്സരം അവിസ്മരണീയമാക്കി.






വിജയികള്‍ക്കുള്ള സമ്മാനദാനം വാര്‍ഡ് അംഗം ശ്രീ കെ ഇ രമേശ് കുമാര്‍ നിര്‍വ്വഹിച്ചതോടെ ഈ വര്‍ഷത്തെ ഓണാഘോഷത്തിന് വിരാമമായി. ഗ്രന്ഥാലയത്തിന്റെ ഓണോത്സവം അവിസ്മരണീയമാക്കുന്നതിന് സഹകരിച്ച എല്ലാ പ്രിയപ്പെട്ട നാട്ടുകാര്‍ക്കും ഗ്രന്ഥാലയം നന്ദി പ്രകാശിപ്പിക്കുന്നു. മാവേലി നാട് സാധ്യമാക്കാന്‍ നമുക്കും പ്രയത്നിക്കാം. എല്ലാവര്‍ക്കും ഹൃദ്യമായ ഓണാശംസകള്‍.

















 സമ്മാനദാനം ശ്രീ കെ ഇ രമേശ് കുമാര്‍ (ഗ്രാമപഞ്ചായത്തംഗം)



























































വിജ്ഞാന വികസന സദസ്സ്

      വൈജ്ഞാനിക സമൂഹമായി മാറാനുള്ള തയ്യാറെടുപ്പിലൂടെയാണ് കേരളം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ സാമൂഹ്യമാറ്റത്തിന് കാഹളം മുഴങ്ങിയത...