അവധിക്കാലത്ത് വായനാവസന്തം തീര്‍ക്കാന്‍ ഗ്രന്ഥാലയം ഒരുങ്ങി. ഇഷ്ട പുസ്തകങ്ങള്‍ വായിക്കാന്‍ വായനശാല സന്ദര്‍ശിക്കുക. വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെ. .. ..

Sunday, September 3, 2023

ഓണോത്സവം 2023





        ഓണം എന്നത് കേവല ഉത്സവദിനങ്ങൾ എന്നതിനപ്പുറം മലയാളികളിൽ ആഴത്തിൽ തന്നെയുള്ള വികാരമാണ്. ഓണം മലയാളികളുടെ ദേശീയോത്സവമാണ്. ഓണം മാബലിയുടെ വരവാണ്. ഓണം വീട്ടുകാരെല്ലാം വന്നു ചേരുന്ന ദിവസവും ആചാരാനുഷ്ഠാനാഘോഷവും കാർഷികോത്സവവും കച്ചവടമഹാമഹവും ഒക്കെയാണ്. ഓണം സന്തോഷത്തിന്റെ, സമൃദ്ധിയുടെ, പൂക്കള – സദ്യ – പുത്തൻതുണിവട്ടത്തിന്റേയുമൊക്കെ അവസരമാണ്. ഇനി, ഇത് സംബന്ധിച്ച  കഥകൾ – ഐതിഹ്യങ്ങളാണെങ്കിൽ നിറയെ. കേരളം വാണ നീതിമാനായ രാജാവ് മഹാബലി തന്റെ പ്രജകളെ കാണാനെത്തുന്ന ദിനമാണ് തിരുവോണം എന്നാണ് ഐതിഹ്യം. മലയാള മാസമായ ചിങ്ങമാസത്തില്‍ തിരുവോണം നാളിലാണ് പ്രധാന ആഘോഷം. ഇതിനു പത്തു ദിവസം മുമ്പെ  അത്തം നാളില്‍ ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങും. വീടിനു മുന്നില്‍ മുറ്റത്ത് പൂക്കളമിട്ടാണ് തുടക്കം. തിരുവോണം നാള്‍ വരെ ഒമ്പതു ദിവസവും മുറ്റം പൂക്കളം കൊണ്ട് അലങ്കരിക്കും. ഒത്തൊരുമയുടെയും സൗഹൃദത്തിന്റേയും സമൃദ്ധിയുടെയും ഉത്സവമാണിത്. ഓണസദ്യക്ക് പായസവും, പ്രഥമനും ഒരുക്കുന്നതും പതിവാണ്. കാണം വിറ്റും ഓണം ഉണ്ണണമെന്നാണ് പ്രമാണം. 
    എല്ലാവരും ഒന്നായിരുന്ന, ആധികളും വ്യാധികളും ഇല്ലാതിരുന്ന സമത്വസുന്ദര മനോഹര സ്വപ്നത്തിന്റെ സാക്ഷാത്ക്കാരമാണ് ഓണം. ആ സ്വപ്നം പോലും ഏതൊരു മനുഷ്യനെയും പ്രചോദിപ്പിക്കും. ആ നല്ല നാളിന്റെ അരികിലെത്താനായി നാം പരിശ്രമിക്കേണ്ടതുണ്ട് എന്നതാണ് ഓണത്തിന്റെ സന്ദേശം.
     എല്ലാവര്‍ഷവുമെന്നപോലെ ഇത്തവണയും ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിലുള്ള ഓണോത്സവം ഉത്രാടം, തിരുവോണം ദിവസങ്ങളിലായാ സംഘടിപ്പിച്ചു. ആദ്യദിനം കുട്ടികളുടേതായിരുന്നു. പ്രീ-പ്രൈമറി തൊട്ട് ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വരെയുള്ള കുട്ടികള്‍ക്കായി പൊലിമയുള്ള ഒട്ടേറെ മത്സരപരിപാടികള്‍ നടന്നു. മഞ്ചാടി പെറുക്കലും മുത്തുകോര്‍ക്കലം പൂക്കളം കളറിംഗും അപ്പം കടിയും കസേരകളിയുമെല്ലാം ആവശഭരിതമായിരുന്നു. ഉച്ചക്ക് ശേഷം 3 മണിക്കാരംഭിച്ച പരിപാടികള്‍ 7 മണിയോടെ സമാപിച്ചു.












    തിരുവോണനാളില്‍ മുതിര്‍ന്നവര്‍ക്കുള്ള മത്സരപരിപാടികള്‍ക്കായിരുന്നു പ്രാമുഖ്യം. സുന്ദരിക്ക് പൊട്ടുതൊടലോടെ ആരംഭിച്ച പരിപാടികള്‍, മെഴുകുതിരി കത്തിക്കലിലും കുപ്പിയില്‍ വെള്ളം നിറക്കലിലുമായി പുരോഗമിച്ചു. ചാക്കിലോട്ടവും തേങ്ങ കല്ല് കൊണ്ട് എറിഞ്ഞ് പൊട്ടിക്കലും പെനാല്‍ട്ടി ഷൂട്ടൗട്ടും കഴിഞ്ഞ് കമ്പവലിയിലെത്തിയതോടെ ആവേശം പരകോടിയിലെത്തി. പുരുഷ- വനിതാ ടീമുകള്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെ മുന്നേറിയപ്പോള്‍ ജയപരാജയങ്ങള്‍ മാറി മറഞ്ഞു. മൂന്ന് വീതം ടീമുകള്‍ പങ്കെടുത്ത് മത്സരം അവിസ്മരണീയമാക്കി.






വിജയികള്‍ക്കുള്ള സമ്മാനദാനം വാര്‍ഡ് അംഗം ശ്രീ കെ ഇ രമേശ് കുമാര്‍ നിര്‍വ്വഹിച്ചതോടെ ഈ വര്‍ഷത്തെ ഓണാഘോഷത്തിന് വിരാമമായി. ഗ്രന്ഥാലയത്തിന്റെ ഓണോത്സവം അവിസ്മരണീയമാക്കുന്നതിന് സഹകരിച്ച എല്ലാ പ്രിയപ്പെട്ട നാട്ടുകാര്‍ക്കും ഗ്രന്ഥാലയം നന്ദി പ്രകാശിപ്പിക്കുന്നു. മാവേലി നാട് സാധ്യമാക്കാന്‍ നമുക്കും പ്രയത്നിക്കാം. എല്ലാവര്‍ക്കും ഹൃദ്യമായ ഓണാശംസകള്‍.

















 സമ്മാനദാനം ശ്രീ കെ ഇ രമേശ് കുമാര്‍ (ഗ്രാമപഞ്ചായത്തംഗം)



























































No comments:

Post a Comment