അവധിക്കാലത്ത് വായനാവസന്തം തീര്‍ക്കാന്‍ ഗ്രന്ഥാലയം ഒരുങ്ങി. ഇഷ്ട പുസ്തകങ്ങള്‍ വായിക്കാന്‍ വായനശാല സന്ദര്‍ശിക്കുക. വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെ. .. ..

എന്റെ ഗ്രാമം

    ചരിത്രമെന്നത് ഭൂതകാലത്തെക്കുറിച്ചുള്ള അറിവാണ്. രാജാക്കന്മാരുടെയും ഭരണാധികരാകികളുടെയും ജിവിതമാണ് ചരിത്രമെന്ന കാഴ്ചപ്പാട് ജനാധിപത്യത്തില്‍ ജനതയുടെ ചരിത്രമായി പരിവര്‍ത്തനെ ചെയ്യപ്പെട്ടു. ഓരോ പ്രദേശത്തിനും ഓരോ ജനതതിക്കും അവരുടേതായ ചരിത്രമുണ്ടെന്നും അതില്‍ പലതും എഴുതപ്പെട്ടിട്ടില്ലെന്ന യാഥാര്‍ത്ഥ്യവും ഇന്ന് തിരിച്ചറിയപ്പെടുന്നു. അധിനിവേശത്തിന്റെയും ചെറുത്തു നില്പുകളുടെയും ഗാഥകളായും ചരിത്രം നമ്മള്‍ മനസ്സിലാക്കുന്നു. നമ്മള്‍ ആരാണെന്നും എന്താണെന്നും  തിരിച്ചറിയുന്നത് അവരവരുടെ ഭൂതകാലം പഠിക്കുമ്പോഴാണ്. നമ്മുടെ സാധ്യതകള്‍ തിരിച്ചറിയാനം പരിമിതികള്‍ മറികടക്കാനും ചരിത്രപഠനം നമ്മെ സഹായിക്കുന്നു. 

കണ്ണന്റെ ഊരായ കണ്ണൂരിലെ കൂടാളി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഗ്രാമപ്രദേശമായ കൊടോളിപ്രത്തിന്റെ ചരിത്രം പ്രാദേശികവഴക്കങ്ങളില്‍ നിന്നും നാട്ടിലെ പ്രായമായവരില്‍ നിന്നും പ്രദേശത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നവരില്‍ നിന്നും പഴയ സ്മരണികകളില്‍ നിന്നും തേടിപ്പിടിക്കാനുള്ള എളിയ ശ്രമമാണ് നടത്തുന്നത്. കൂട്ടിച്ചേര്‍ത്തും  തിരുത്തിയും ഇതിനെ കൃത്യതപ്പെടുത്താനുള്ള ശ്രമം ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

ഭൂപ്രകൃതി

കൂടാളി ഗ്രാമപഞ്ചായത്തിലെ 7, 8 വാര്‍ഡുകളിലായാണ് കൊടോളിപ്രം സ്ഥിതി ചെയ്യുന്നത്. കൊടോളിപ്രം എന്ന് പൊതുവായി പറയാറുണ്ടെങ്കിലും നിരവധി മൂലകള്‍ ചേര്‍ന്നതാണ് കൊടോളപ്രം. കവിടിശ്ശേരി, പടുവ, തന്നക്കല്‍, ആമേരി, പാലക്കീല്‍, പാളാട്, വരുവക്കുണ്ട്, ഇല്ലത്തുംതാഴെ, ... തുടങ്ങിയ മൂലകളോടൊപ്പം ഗ്രാമത്തിന്റെ ഹൃദയഭാഗമായ കൊടോളിപ്രവും ചേര്‍ന്ന പ്രദേശമാണ് കൊടോളിപ്രം എന്ന് പൊതുവായി വിളിക്കപ്പെടുന്നത്. 

എല്ലാ ഭാഗത്തും കുന്നുകള്‍ അതിരിടുന്ന, സമുദ്രനിരപ്പില്‍ നിന്നും 5-10 മീ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കൊടോളിപ്രത്തിന്റെ വടക്കുഭാഗത്ത് കമ്മാളന്‍ കുന്നും വെള്ളപ്പറമ്പും (പണ്ടുകാലത്ത് കമ്മാളന്മാര്‍ ധാരാളമായി താമസിച്ചിരുന്നുവത്രെ), തെക്ക് ഭാഗത്ത് ഹാജിമെട്ടയും കിഴക്ക് ഭാഗത്ത് നെരേമ്മല്‍ കുന്നും പടിഞ്ഞാറ് ഭാഗത്ത് കരടിക്കുന്നും അതിരിടുന്നു. ചുറ്റും കുന്നുകളായതിനാല്‍ അവിടെ ന്നിനുമുള്ള നീര്‍ച്ചാലുകള്‍  മൂലക്കുണ്ടില്‍ സംഗമിച്ച് കൈത്തോടായി മാറി ഗ്രാമത്തിന്റെ വടക്കുഭാഗത്തുകൂടി ഒഴുകുന്ന നായിക്കാലി പുഴയില്‍ (വളപട്ടണം പുഴയുടെ കൈവഴി) ചേരുന്നു. നാടിന് വടക്കു കിഴക്കായി ചെരിവുണ്ടെന്ന് ഉറപ്പാക്കാം. 

കുന്നുകളിലെ എക്കലുകള്‍ അടിഞ്ഞുകൂടി താഴ് വര പ്രദേശങ്ങള്‍ വയലുകളായി മാറിയിട്ടുണ്ട്. വെള്ളപ്പറമ്പിന്റെ താഴെയുള്ള പടുവ പണ്ടുകാലത്ത് വലിയ ചതുപ്പ് നിലമായിരുന്നുവത്രേ. പട്ടുപോകുന്ന (താണുപോകുന്ന) ധാരാളം അട്ടകള്‍ ഉണ്ടായിരുന്ന സ്ഥലമായിരുന്നു പടുവ. ചെങ്കല്‍ ഖനനം വെള്ളപ്പറമ്പിന്റെ ജലസംഭരണ ശേഷി നഷ്ടപ്പെടുത്തിയതിനാല്‍ പടുവക്ക് പഴയ പ്രതാപം ഇന്നില്ല. കൊടോളിപ്രത്തിലെ വിശാലമായ വയലിനെ കീറി മുറിച്ചുകൊണ്ടാണ് ചാവശ്ശേരി പറമ്പില്‍ നിന്നുള്ള കുടിവെള്ളത്തിന്റെ പൈപ്പ് ലൈന്‍ കടന്നുപോകുന്നത്. അതിനു മുകളിലായി നിര്‍മ്മിച്ച റോഡ് നാട്ടുകാരുടെ യാത്രാസൗകര്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും വയലുകള്‍ മണ്ണിട്ട് നികത്തുന്നതിന് ‍ഇടനല്‍കിയിട്ടുണ്ട്. മഴക്കാലത്ത് മാത്രം സജീവമാകുന്ന കൊടോളിപ്രത്തിന്റെ തെക്ക് കിഴക്കായുള്ള കക്കോട് വെള്ളച്ചാട്ടം അതിമനോഹരമായ കാഴ്ചയാണ്. ധാരാളം ആളുകള്‍ അത് കാണാനും വെള്ളച്ചാട്ടത്തില്‍ കുളിക്കാനുമായി എത്തിച്ചേരാറുണ്ട്. 

കേരളത്തിലെ സാധാരണ കാലാവസ്ഥ നമുക്കും ബാധകമാണ്. മഴക്കാലത്ത് അപൂര്‍വ്വമായി നായിക്കാലി പുഴയിലെ വെള്ളം കൊടോളിപ്രത്തിന്റെ താഴ്ന്ന ഭാഗങ്ങളെ വെള്ളത്തിനടിയിലാക്കാറുണ്ട്.

ഐതിഹ്യം

കൊടോളിപ്രം എന്ന് പേര് ലഭിച്ചതിനെപ്പറ്റി നാട്ടില്‍ ഒരു ഐതിഹ്യം പ്രചാരത്തിലുണ്ട്. അത് ഏതാണ്ട് ഇപ്രകാരമാണ്. ചുഴലി നാട്ടിലുള്ള ഒരു പെണ്‍കിടാവ് ചുഴലി ഭഗവതിയുടെ വലിയ ആരാധികയായിരുന്നു. എല്ലാ ദിവസവും ക്ഷേത്രഭജനം നടത്തിയിരുന്ന അവള്‍ക്ക് വിവാഹത്തോടനുബന്ധിച്ച് ദേവിയെ പിരിയേണ്ടി വന്നു. ദേവി ഒപ്പമുണ്ടാവണമെന്ന് കരഞ്ഞുപറഞ്ഞ് പ്രാര്‍ത്ഥിച്ചു. ചാത്തോത്ത് തറവാട്ടിലേക്ക് വിവാഹിതമായി വന്ന അവളുടെ കൈയിലുണ്ടായിരുന്ന ഓലക്കുട വഴിയില്‍ വിശ്രമിക്കാനിരുന്ന സ്ഥലത്ത് ഉറച്ചു പോയി. എടുക്കാന്‍ ശ്രമിച്ചപ്പോള്‍ കുട തുള്ളി ക്കളിച്ചത്രേ. ദൈവഹിതം അറിഞ്ഞപ്പോള്‍ ചുഴലി ദേവിയുടെ അധിവാസം ഉണ്ടായതിനാലാണ് കുട തുള്ളിയതെന്നും ദേവി അവിടെക്കഴിയാന്‍ ആഗ്രഹിക്കുന്നതെന്നും വ്യക്തമായി. ഇന്ന് കാണുന്ന ചുഴലി ഭഗവതീക്ഷേത്രം അതിന്‍പടി ഉണ്ടാക്കിയതാണത്രേ. കുട തുള്ളിയ സ്ഥലം കാലാന്തരത്തില്‍ കുടതുള്ളിയ പുറമായും കൊടോളിപ്രമായും മാറിയെന്നും പഴമക്കാര്‍ പറയുന്നു. 

കൃഷി

കൊടോളിപ്രം മുഖ്യമായും കാര്‍ഷികഗ്രാമമാണ്.  കൃഷിയാണ് പലരുടെയും ഉപജീവനമാര്‍ഗം. പണ്ടുകാലത്ത് പുനം കൃഷി വ്യാപകമായിരുന്നുവത്രേ. നാട്ടില്‍ ധാരാളമായുള്ള പുനത്തില്‍ വീടുകള്‍ പുനംകൃഷിയുടെ ബാക്കി പത്രമാകാം. പുനംകൃഷിക്കൊപ്പം വയല്‍കൃഷിയും ഉണ്ടായിരുന്നു. പച്ചവിരിച്ച വയലേലകള്‍ ആരെയും ആകര്‍ഷിക്കും തോട്ടിന്‍ ചിറയിലും വയലുകളോട് ചേര്‍ന്നും തെങ്ങും കവുങ്ങും വ്യാപകമായി കൃഷി ചെയ്തു വരുന്നു.പണ്ട് രണ്ടോ മൂന്നോ പൂവ് നെല്ല് കൃഷി ചെയ്തിരുന്ന വയലുകളില്‍ അത് ഒന്നോ രണ്ടോ വിളയായി ചുരുങ്ങി. പൊതുവെ തരിശിടുന്ന വയലുകളുടെ അളവ് കുറവാണ്. ജലദൗര്‍ലഭ്യത്തേക്കാള്‍ അധ്വാനത്തിന് കണക്കായ വരുമാനം ലഭിക്കാത്തത് തന്നെ കാരണം. നെല്‍ക്കൃഷി ചെയ്യാത്ത വയലുകളില്‍ നേമ്ത്രവാഴക്കൃഷി വ്യാപകമായി ചെയ്തു വരുന്നു. ഡിസംബര്‍- ജനുവരി മാസത്തില്‍ വെള്ളരി വര്‍ഗ കൃഷികള്‍ പല വീട്ടുകാരും ചെയ്തു വരുന്നു. പച്ചക്കറികളുടെ ഉല്പാദനത്തില്‍ നമുക്ക് ഏറെ മുന്നേറനായിട്ടുണ്ട്. പ്രാദേശിക കൂട്ടായ്മയില്‍ കൃഷി വകുപ്പിന്റെ സഹകരണത്തോടെ സാമാന്യം മികച്ച രീതിയില്‍ തന്നെ പച്ചക്കറികളുടെ ഉല്പാദനം വര്‍ദ്ധിച്ചിട്ടുണ്ട്. 

സംസ്കാരികം. വിദ്യാഭ്യാസം

നാട്ടിലെ പ്രധാന സംസ്കാരിക സ്ഥാപനമാണ്  1956 ല്‍ സ്ഥാപിതമായ വാണീവിലാസം ഗ്രന്ഥാലയം. കൊടോളിപ്രത്തിന്റെ ഹൃദയഭാഗത്ത് മട്ടന്നൂര്‍ ഇരിക്കൂര്‍ റോഡിനോട് ചേര്‍ന്ന് രണ്ട് നിലകളിലായി സ്ഥിതി ചെയ്യുന്ന ഗ്രന്ഥാലയത്തില്‍ പതിനായിരത്തിലധികം പുസ്തകങ്ങള്‍ ഉണ്ട്.  നാട്ടിലെ ആദ്യ റേഡിയോ ഗ്രന്ഥാലയത്തിലാണ് സ്ഥാപിതമായിരുന്നത്. അത് കേള്‍ക്കാനിയ മാത്രം വൈകുന്നേരങ്ങളില്‍ നാട്ടുകാര്‍ ഗ്രന്ഥാലയത്തില്‍ എത്തിച്ചേരുമായിരുന്നു. കൊടോളിപ്രത്തിന്റെ വികസനത്തില്‍ രാഷ്ട്രീയത്തിനതീതമായി നേതൃത്വം വഹിക്കാന്‍ ഗ്രന്ഥാലയത്തിന്റെ മുന്‍ഗാമികള്‍ക്ക് സധീച്ചിട്ടുണ്ട്. കൊടോളിപ്രത്തുകാര്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന വിദ്യാലയമാണ് കൊടോളിപ്രം ഗവ.എല്‍ പി സ്കൂള്‍. കൊടോളിപ്രത്തിന് കിഴക്കായി പാലക്കീല്‍ (പാലക്കു കീഴില്‍ എന്നത് ലോപിച്ചതാണത്രേ പാലക്കീല്‍) എന്ന സ്ഥലത്തെ  സ്കൂള്‍ നാട്ടുകാര്‍ക്ക് പാലക്കി സ്കൂളാണ്.  ഉപരിപഠനത്തിനായി പട്ടാന്നൂര്‍ യു പി സ്കൂളായിരുന്നു ആശ്രയം. ഹൈസ്കൂള്‍ വിദ്യാഭ്യാസം എല്ലാവര്‍ക്കും സാധ്യമായിരുന്നില്ല. പഠനത്തിന് ഫീസ് നല്‍കണമായിരുന്നു. കൂടാളിയിലാണ് ഹൈസ്കൂള്‍ ഉണ്ടായിരുന്നത്. സര്‍ക്കാര്‍ ജോലി ലഭിച്ചിരുന്ന പലരും കൂടാളിയിലേക്ക് നടന്നുപോയാണ് പഠിച്ചത് എന്നത് പുതിയ തലമുറക്ക് വിശ്വസിക്കാന്‍ പ്രയാസകരമായിരിക്കും. 

പ്രീ-പ്രൈമറി വിഭാഗത്തിനായി 1983 ല്‍ പ്രിയദര്‍ശിനി മഹിളാ സമാജം ആരംഭിച്ച ബാലവാടി ഇന്ന് സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലെ മികച്ച അംഗണ്‍വാടികളിലൊന്നാണ്. ഇവ കൂടാതെ ധാരാള ക്ലബ്ബുകളും കൊടോളിപ്രത്തുണ്ട്. അതില്‍ ചില ക്ലബ്ബുകള്‍ മികച്ച പ്രകടനം നടത്തുന്നവ തന്നെ.

ആരാധനലായങ്ങള്‍

ആരാധനാലയങ്ങളുടെ എണ്ണത്തില്‍ ഏറെ മുന്നിലാണ് ഈ ഗ്രാമം ചെറുതും വലുതുമായ ധാരാളം ക്ഷേത്രങ്ങളും കാവുകളും സ്ഥാനങ്ങളും ഇവിടെയുണ്ട്. കൊടോളിപ്രമെന്ന പേരിന് തന്നെ കാരണമായ ചുഴലി ഭഗവതീക്ഷേത്രവും ഖരനാല്‍ പ്രതിഷ്ഠിതമായതെന്ന് കരുതപ്പെടുന്ന കവിടിശ്ശേരി (കവിളുകൊണ്ട് പ്രതിഷ്ഠ നിര്‍വ്വഹിച്ചതിനാല്‍ കവളശ്ശേരി എന്നും പിന്നീടത് കവിടിശ്ശേറിയായി മാറിയെന്നും വിശ്വസിക്കപ്പെടുന്നു) ശിവക്ഷേത്രവും കതുവനൂര്‍ വീരന്റെ ആരൂഢമായ ആമേരി പള്ളിയറ ക്ഷേത്രവും കൊടോളിപ്രത്തിന്റെ ഐശ്വര്യമായി കരുതപ്പെടുന്ന, വരവില്‍ക്കാവും കൊടോളിപ്രത്തുള്ള മുല്ലേരിക്കണ്ടി മഠപ്പുരയും വരുവക്കുണ്ടിലുമുള്ള മുത്തപ്പന്‍  ക്ഷേത്രവും തന്നക്കല്‍ ഭഗവതി ക്ഷേത്രവും വരുവക്കുണ്ടിലെ മുച്ചിലോട്ട് കാവും നാട്ടുകാരുടെ സംസ്കാരിക കേന്ദ്രങ്ങള്‍ തന്നെ. വരവില്‍ക്കാവില്‍ പുരുഷന്മാര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. എന്നാല്‍ ആദിവാസി വിഭാഗത്തിലെ കരിമ്പാല വിഭാഗത്തിലെ സ്ത്രീകള്‍ക്ക് ഇവിടെ പ്രവേശിക്കാം. ദൈവം വെള്ളം ചോദിച്ചപ്പോള്‍ ഉയര്‍ന്ന ജാതിക്കാരുടെ വീട്ടിലെ സ്ത്രീകള്‍ വെള്ളം നല്‍കാതം മടക്കി അയച്ചെന്നും കരിമ്പാല വിഭാഗത്തിലെ സ്ത്രീകള്‍ തേന്‍ ഒഴിച്ച് വെള്ളം നല്‍കി എന്നും ഇതിനുള്ള പ്രതിഫലമായാണ് പ്രവേശനം നല്‍കിയെന്നുമുള്ള ഐതിഹ്യം പ്രചാരത്തിലുണ്ട്. എന്തായാലും മറ്റെവിടെയും കാണാത്ത സവിശേഷത തന്നെയാണിത്. 6ഇസ്ലാം വിശ്വാസികളുടെ പള്ളി വരുവക്കുണ്ടില്‍ സ്ഥിതി ചെയ്യുന്നു. 

വിവാഹരീതി

കേരളത്തില്‍ നടപ്പുള്ള വിവാഹസമ്പ്രദായങ്ങള്‍ തന്നെയാണ് ഇവിടെയും ഉണ്ടായിരുന്നത്. പണ്ട് കാലത്ത് രാത്രികാലങ്ങളിലായിരുന്നത്രേ വിവാഹച്ചടങ്ങുകള്‍ നടത്തിയിരുന്നത്. ഓരോ ജാതിയില്‍പ്പെട്ടവര്‍ക്കും അവരവരുടേതായ പ്രത്യേക ചടങ്ങുകള്‍ ഉണ്ടായിരുന്നു. വധൂഗൃഹത്തില്‍ വെച്ചോ അമ്പലങ്ങളില്‍ വെച്ചോ ആണ് വിവാഹം നടത്തിയിരുന്നത്. താലികെട്ടും പുടവ കൊടുക്കലും ഉണ്ടായിരുന്നു. വധുവിനെ വരന്റെ വീട്ടിലേക്ക് വിവാഹം കഴിച്ചുകൊണ്ടുവരുന്ന സമ്പ്രദായമാണ് ഹിന്ദുക്കളുടെ ഇടയില്‍ സാധാരണമായിരുന്നത്. എന്നാല്‍ മുസ്ലീം വിവാഹത്തില്‍ വധുവിന്റെ വീട്ടിലേക്ക് വരന്‍ താമസം മാറുന്ന രീതിയാണ് കൂടുതലായി ഉണ്ടായിരുന്നത്. നാടിന്റെ പ്രധാന പ്രത്യകത സ്ത്രീധന സമ്പ്രദായം ഉണ്ടായിരുന്നില്ല എന്നതാണ്. സ്ത്രീധനം വാങ്ങുന്നത് നാണക്കേടായി കരുതിയിരുന്നുവെന്നത് അഭിമാനകരമാണ്


വസ്ത്രധാരണം

തയ്ക്കാത്ത വസ്ത്രങ്ങളായിരുന്നു ആദ്യകാലത്ത് ഉണ്ടായിരുന്നത്. ഇറക്കമുള്ള തോര്‍ത്തും കുടുക്കില്ലാത്ത കോറത്തുണികൊണ്ടുണ്ടാക്കിയ കുപ്പായവും ധരിക്കുന്ന പ്രായമുള്ളവര്‍ ഇപ്പോഴുമുണ്ട്. സ്ത്രീകള്‍ മുണ്ടും ബ്ലൗസും ധരിച്ചിരുന്നു. എന്നാലിന്ന് പാന്റു്, മുണ്ട് ഷര്‍ട്ട്, സാരി, ബ്ലൗസ്, ചുരിദാര്‍, മാക്സികളായി മാറിയിട്ടുണ്ട്.

പുരുഷന്മാരും സ്ത്രീകളും കാത് തുളച്ച് ആഭരണങ്ങള്‍ ധരിച്ചിരുന്നു. തക്ക എന്ന കമ്മല്‍ ഭാരമുള്ളതിനാല്‍ സ്ത്രീകളുടെ കാത് നീളം വെക്കുന്നതിന് ഇടയാക്കിയിരുന്നു.

ഭക്ഷണരീതി

കാര്‍ഷികവൃത്തിയില്‍ സ്വയം പര്യാപ്തമായ സമൂഹത്തിന് ഉപ്പ് മാത്രമാണ് വിലകൊടുത്ത് വാങ്ങേണ്ടി വന്നത്. ആ സംസ്കാരത്തിന്റെ അപചയമാണ് ഭക്ഷ്യവിളകള്‍ക്കായി ആശ്രിതത്വത്തിന് കാരണമായത്. പ്രാതലിന് കഞ്ഞിയും ചമ്മന്തിയുമൊക്കെ കഴിച്ച കഥകള്‍ പ്രായമായവര്‍ ഇപ്പോഴും പറയാറുണ്ട്. പായസവും നെയ്യപ്പവുമൊക്കെ വിശേഷദിവസങ്ങളില്‍ മാത്രമാണ് ഉണ്ടാക്കിയിരുന്നത്. അരച്ചുവെക്കാത്ത കറികളാണ് മിക്കവരും കഴിച്ചിരുന്നത്.

ജാതി ചിന്തകള്‍ സജീവമായ കാലം പഴമക്കാരുടെ ഓര്‍മ്മയിലുണ്ട്. മറ്റ് ജാതിക്കാരുടെ വീടുകളില്‍ നിന്ന് ഭക്ഷണം കഴിക്കുമായിരുന്നില്ലത്രേ. എന്നാലിന്ന് അത്തരം ചിന്തകളും പെരുമാറ്റങ്ങളും ആര്‍ക്കുമില്ല.

ഗതാഗതം

പണ്ടത്തെ വലിയ അങ്ങാടി കാഞ്ഞിരോട് ആയിരുന്നു. പിന്നീട് ഇരിക്കൂറും മട്ടന്നൂരും പ്രധാന വാണിജ്യകേന്ദ്രങ്ങളായി. നടന്നുപോകാനുള്ള വഴികളായിരുന്നു ഇന്ന് കാണുന്ന റോഡുകളെല്ലാം തന്നെ. തോടിനുകുറുകെ നല്ല പാലങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇന്ന് കാണുന്ന ഇരിക്കൂര്‍- മട്ടന്നൂര്‍ റോഡ് നാട്ടുകാര്‍ ശ്രമദാനത്തിലൂടെ ഉണ്ടാക്കിയതാണ്. പിന്നീടത് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് പാലങ്ങള്‍ നിര്‍മ്മിച്ചു. ടാറിടാത്ത ആ റോഡിലൂടെ ആദ്യമോടിയ മര്‍ഹബ ബസ്സ് പഴമക്കാരുടെ മനസ്സില്‍ ഇപ്പോഴുമുണ്ട്. ഇപ്പോള്‍ മെക്കാഡം ടാറിംഗ് നടത്തിയ മികച്ച റോഡ് നമുക്കുണ്ട്. ധാരാളം ബസ്സുകളും സര്‍വ്വീസ് നടത്തുന്നു. വാഹനം സ്വന്തമായുള്ള ധാരളം പേരും ഇപ്പോള്‍ നാട്ടിലുണ്ട്.

വൈദ്യുതി 

1982 ലാണ് ഗ്രാമത്തില്‍ വൈദ്യുതി എത്തുന്നത്. അതുവരെ മണ്ണെണ്ണ വിളക്കിനെ ആശ്രയിച്ചിരുന്നവര്‍ക്ക് വൈദ്യുതി എന്നത് അദ്ഭുതമായിരുന്നു. കേവലം വൈദ്യത ബള്‍ബ് മാത്രമേ ആദ്യകാലത്ത് ഉണ്ടായിരുന്നുള്ളൂ. അപൂര്‍വ്വം വീടുകളില്‍ മാത്രമുണ്ടായിരുന്ന വൈദ്യുതി ഇന്ന് എല്ലാ വീടുകളിലും ഉണ്ട്.

കെട്ടിട നിര്‍മ്മാണം

മണ്‍കട്ട കൊണ്ട് നിര്‍മ്മിച്ച ഓലമേഞ്ഞ നെയ്പ്പുല്ല് (വെള്ളിയാം പറമ്പില്‍ സുലഭമായിരുന്നു) ഒറ്റനിലയുള്ള വീടുകളായിരുന്നു കൂടുതലും. കാലവര്‍ഷത്തിനുമുന്നോടിയായുള്ള പുരകെട്ടല്‍ ഉത്സവമായിരുന്നു. അയല്‍ വീട്ടുകാരും കുട്ടികളുമൊക്കെ കെട്ടി മേയുന്നതിന് സഹായിച്ചിരുന്നു. ഓടിട്ട വീടുകള്‍  ക്രമത്തില്‍ കടാന്‍ തുടങ്ങി. പഴുക്കടത്തട്ടില്‍ നിന്നും കാപ്പുക്കാടില്‍ നിന്നും വെട്ടിയെടുത്ത ചെങ്കല്ലുകള്‍ വീട് നിര്‍മ്മാണത്തിന് ഉപയോഗിക്കാന്‍ തുടങ്ങി. സ്റ്റേറ്റ് ബാങ്കിലെ ഉദ്യോഗസ്ഥനായ ശ്രീ രാധാകൃഷ്ണന്റേതായിരുന്നു പ്രദേശത്തെ ആദ്യത്തെ കോണ്‍ക്രീറ്റ് വീട്. ഇന്ന് ഓടിട്ട വീടുകളേക്കാള്‍ കോണ്‍ക്രീറ്റ് വീടുകളായി. മുല്ലേരിക്കണ്ടി മഠപ്പുരയാണ് ഏറെക്കാലം ഓലമേഞ്ഞ കെട്ടിടമായി ഉണ്ടായിരുന്നത്. നവീകരണപ്രവര്‍ത്തനങ്ങളോടെ മഠപ്പുരയും മാറി.

വിനോദങ്ങള്‍

വൈകുന്നേരങ്ങളില്‍ കുട്ടിയും കോലും ഉപ്പ് സോഡിയും കോല്‍ക്കളിയും കബഡിയുമൊക്കെ കളിച്ചിരുന്ന പറമ്പുകളെല്ലാം വീടുകളായി മാറി. മൈത്രി ക്ലബ്ബ് പ്രവര്‍ത്തകര്‍  ഏറെക്കാലം വോളീബോള്‍ കളിച്ചിരുന്നു. പൊതു കളിസ്ഥലങ്ങളില്ലാത്തത് കായികവിനോദങ്ങള്‍ക്ക് തടസ്സം തന്നെയാണ്. എങ്കിലും ചില കൂട്ടായ്മകള്‍ ഇപ്പോഴും വോളീബോള്‍ ആവേശപൂര്‍വ്വം കളിക്കുകയും പരിശലിപ്പിക്കുകയും ചെയ്യുന്നുണ്ട്. 

                    തയ്യാറാക്കിയത് - ദയ വി വി (കെ പി സി എച്ച് എസ് എസ് പട്ടാന്നൂര്‍)

No comments:

Post a Comment

വിജ്ഞാന വികസന സദസ്സ്

      വൈജ്ഞാനിക സമൂഹമായി മാറാനുള്ള തയ്യാറെടുപ്പിലൂടെയാണ് കേരളം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ സാമൂഹ്യമാറ്റത്തിന് കാഹളം മുഴങ്ങിയത...