അവധിക്കാലത്ത് വായനാവസന്തം തീര്‍ക്കാന്‍ ഗ്രന്ഥാലയം ഒരുങ്ങി. ഇഷ്ട പുസ്തകങ്ങള്‍ വായിക്കാന്‍ വായനശാല സന്ദര്‍ശിക്കുക. വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെ. .. ..

Monday, February 27, 2023

ഗ്രന്ഥാലയത്തിന് ബ്ലോഗായി

     ശാസ്ത്രദിനാഘോഷം ഗ്രന്ഥാലയം സമുചിതമായി ആഘോഷിച്ചു. കുട്ടികള്‍ക്കായി മള്‍ട്ടി മീഡിയ ക്വിസ് മത്സരം നടന്നു. 

        തുടര്‍ന്ന നടന്ന പൊതു സമ്മേളത്തിന്റെ ഉദ്ഘാടനവും സി വി രാമന്‍ പ്രഭാഷണവും ശ്രീ. കെ പ്രതാപന്‍ (അസി. പ്രൊഫസര്‍, ഗവ. ബ്രണ്ണന്‍ കോളേജ് തലശ്ശേരി) നിര്‍വ്വഹിച്ചു. സി വി രാമന്‍ ആരായിരുന്നുവെന്നും എന്തുകൊണ്ട് അദ്ദേഹത്തെ മാതൃകയാക്കണമെന്നും അദ്ദേഹം ലളിതമായും സരസമായും വിശദീകരിച്ചു. 


    കണ്ണൂര്‍ സര്‍വ്വകലാശാല ജോ. രജിസ്ട്രാര്‍ ശ്രീ ആര്‍ കെ വിജയന്‍ ഗ്രന്ഥാലയത്തിലേക്ക് സംഭാവനയായി നല്‍കിയ പുസ്തകങ്ങള്‍ ഗ്രന്ഥാലയ ഭാരവാഹികള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് കൂടാളി ഗ്രാമപഞ്ചായത്തിലെ തന്നെ ഒരു ഗ്രന്ഥാലയത്തിന്റെ ആദ്യ ബ്ലോഗ് ശ്രീ ആര്‍ കെ വിജയന്‍ സ്വിച്ച് ഓണ്‍ ചെയ്തു. https://vaneevilasam.blogspot.com/ എന്ന മേല്‍വിലാസത്തില്‍ ലോകത്തില്‍ എവിടെ നിന്നും ഇനി ഗ്രന്ഥാലയ വിശേഷങ്ങള്‍ അറിയാം. 


            പൊതു സമ്മേളനത്തില്‍ ഗ്രന്ഥാലയ സിക്രട്ടറി ശ്രീ വി കെ സജിത്ത് കുമാര്‍ സ്വാഗതമാശംസിച്ചു. ഗ്രന്ഥാലയം പ്രസിഡണ്ട് ശ്രീ പി വി ദിവാകരന്‍ അധ്യക്ഷനായിരുന്നു. താലൂക്ക് കൗണ്‍സില്‍ ശ്രീ കെ ലക്ഷ്മണന്‍ മാസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. കുട്ടികള്‍ക്കായി ശ്രീ സജിത്ത് കുമാര്‍ ചില പരീക്ഷണപ്രവര്‍ത്തനങ്ങളും നടത്തി. ജോ. സിക്രട്ടറി ശ്രീ ജി തിന്‍ സി ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. 







Saturday, February 25, 2023

ശാസ്ത്രദിനാഘോഷവും ബ്ലോഗ് പ്രകാശനവും

                                   

    മനുഷ്യന്‍ ആര്‍ജിച്ച എല്ലാ പുരോഗതിയുടെയും അടിസ്ഥാനം ശാസ്ത്രമാണ്. നമ്മളിന്ന് അനുഭവിക്കുന്ന എല്ലാ സുഖസൗകര്യങ്ങള്‍ക്കും നാം ശാസ്ത്രത്തോട് കടപ്പെട്ടിരിക്കുന്നു. ശാസ്ത്രത്തിന്റെ ഗുണഫലങ്ങള്‍ സ്വീകരിക്കാത്ത ആരും തന്നെ ഈ ലോകത്തിലില്ല. പ്രകൃതി പ്രതിഭാസങ്ങളെയെല്ലാം എന്ത് ? എന്തുകൊണ്ട് ? എങ്ങനെ ? എന്നീ ചോദ്യങ്ങളിലൂടെ അറിയാനും മാറ്റിത്തീര്‍ക്കാനുമുള്ള ചിട്ടപ്പെടുത്തിയ പ്രവര്‍ത്തനങ്ങളാണ് ശാസ്ത്രലോകത്ത് നടക്കുന്നത്. കുറെയധികം വസ്തുതതകളുടെ സഞ്ചയമല്ല ശാസ്ത്രം, മറിച്ച് അതൊരു  പ്രവര്‍ത്തന രീതിയാണ്. ഈ രീതിശാസ്ത്രം മനസ്സിലാക്കാത്തവരാണ് ശാസ്ത്രബോധം ഇല്ലാത്തവരായി മാറുന്നത്. 

    ഇന്ത്യ കണ്ട ഏറ്റവും മികച്ച ശാസ്ത്രജ്ഞനായ സി വി രാമന്‍ തന്റെ കണ്ടെത്തലായ രാമന്‍ പ്രഭാവം ലോകത്തോട് പ്രഖ്യാപിച്ചത് 1928 ഫിബ്രവരി 28 നാണ്. ആദിനത്തിന്റെ ഓര്‍മ്മക്കായാണ് 1987 മുതല്‍ എല്ലാ വര്‍ഷവും ഫിബ്രവരി 28 ദേശീയ ശാസ്ത്രദിനമായി ആഘോഷിക്കാന്‍ തീരുമാനിക്കുന്നത്.

    ഇന്ത്യയില്‍ ജനിച്ച് ഇന്ത്യയില്‍ വളര്‍ന്ന് ഇന്ത്യയില്‍ വിദ്യാഭ്യാസം നടത്തി തികച്ചും ഇന്ത്യക്കാരനായി ജീവിച്ച ശാസ്ത്രജ്ഞനായിരുന്നു ചന്ദ്രശേഖര വെങ്കിട്ടരാമന്‍ എന്ന സി വി രാമന്‍. സ്വന്തമായി ഡിസൈന്‍ ചെയ്ത് നിര്‍മ്മിച്ച ഉപകരണങ്ങള്‍ ഉപയോഗിച്ചു തന്നെ നോബല്‍ സ്വന്തമാക്കിയ നോബല്‍ സമ്മാനിതമായ കണ്ടുപിടുത്തം (1930 ലെ ഭൗതികത്തിനുള്ള നോബല്‍ സമ്മാനം) നടത്തിയ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നമുക്കും മാര്‍ഗ‍ഗദര്‍ശകമാവട്ടെ.

    ദേശീയ ശാസ്ത്രദിനാഘോഷത്തിന്റെ ഭാഗമായി ഗ്രന്ഥാലയം ഫിബ്രവരി 26 ന് വിവിധ പരിപാടികള്‍ നടത്തുകയാണ്. ഒപ്പം ഗ്രന്ഥാലയത്തിന്റെ ബ്ലോഗിന്റെ പ്രകാശനവും നടക്കും. പരിപാടികളിലേക്ക് എല്ലാവരേയും ക്ഷണിക്കുന്നു.



Wednesday, February 22, 2023

റിപ്പബ്ലിക് ദിനാഘോഷം

    ജനക്ഷേമരാഷ്ട്രം എന്നാണ് റിപ്പബ്ലിക് എന്ന വാക്കിന്റെ അര്‍ത്ഥം. നമ്മുടെ രാജ്യം റിപ്പബ്ലിക് ആയത് 1956 ജനുവരി 26 നാണ്. 1947 ആഗസ്ത് 15 ന് സ്വാതന്ത്ര്യ പ്രഖ്യാപനം ഉണ്ടായെങ്കിലും സ്വന്തമായ ഒരു നിയമസംവിധാനം- ഭരണഘടന നമുക്കുണ്ടായിരുന്നില്ല. സ്വതന്ത്ര ഇന്ത്യയ്ക്ക് ഭരണഘടന എഴുതിയുണ്ടാക്കുന്ന ബൃഹദ് ദൗത്യം  ഡോ. ബി ആര്‍ അംബദ്കര്‍ അദ്ധ്യക്ഷനായ കമ്മിറ്റിയെ ഏല്‍പ്പിച്ചു. അങ്ങനെ ഭരണഘടനയുടെ ആദ്യ രൂപം 1947 നവംബര്‍ 4-ന് കോണ്‍സ്റ്റിറ്റ്യൂന്റ് അസംബ്ലിയില്‍ സമര്‍പ്പിച്ചു. ഒട്ടേറെ ചര്‍ച്ചകള്‍ക്കും മാറ്റങ്ങള്‍ക്കും അവസാനം 395 ആര്‍ട്ടിക്കിളുകളും, 8 ഷെഡ്യൂളുകളുമുള്ള ഭരണഘടന അസംബ്ലി അംഗീകരിച്ചു. ലോകത്തിലേക്കും ഏറ്റവും വലുതായ ലിഖിത ഭരണഘ്ടനയാണ് നമുക്കുള്ളത്. 1950 ജനുവരി 24-നാണ് ഭരണഘടനയുടെ ലിഖിത രൂപത്തിന് അസംബ്ളി അംഗീകാരം നല്‍കുന്നത്. അതനുസരിച്ച് ആദ്യ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ഡോ. രാജേന്ദ്രപ്രസാദ് ഭരണഘടന അംഗീകരിച്ചുകൊണ്ട് 1950 ജനുവരി 26-ന് ഒപ്പിട്ടു.

    റിപ്പബ്ലിക് ദിനം ജനുവരി 26 എന്ന ദിനം ആകസ്മികമായി വന്നു ചേര്‍ന്നതല്ല.  സ്വരാജ് അല്ലെങ്കില്‍ സ്വയംഭരണത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ പോരാട്ടത്തില്‍ ജനുവരി 26 ന് വലിയ പ്രാധാന്യമാണുള്ളത്.  1929 ഡിസംബര്‍ 29-ന് ലാഹോറില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനമാണ്  പൂര്‍ണ സ്വരാജ് അഥവാ സമ്പൂര്‍ണ്ണ സ്വയംഭരണം ഇന്ത്യയുടെ ലക്ഷ്യമായി പ്രഖ്യാപിക്കുന്ന പ്രമേയം പാസാക്കിയത്. ജനുവരി 26 ഇന്ത്യയൊട്ടാകെ പൂര്‍ണ സ്വരാജ് ദിനമായി ആചരിക്കണമെന്നും തീരുമാനിച്ചു. അങ്ങനെ 1930 ജനുവരി 26-നാണ് ആദ്യമായി സമ്പൂര്‍ണ സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. ഈ ദിനത്തിന്റെ ഓര്‍മ്മക്കായാണ് ജനുവരി 26 റിപ്പബ്ലിക് ദിനമാക്കാന്‍ തീരുമാനിച്ചത്.

    ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ 9 മണിക്ക് താലൂക്ക് കൗണ്‍സിലര്‍ ശ്രി.കെ ലക്ഷ്മണന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി. വൈകുന്നേരം കുട്ടികള്‍ക്കായി ക്വിസ് മത്സരം നടന്നു. ക്വിസ് മത്സരത്തിന് ശേഷം നടന്ന പൊതു സമ്മേളനം വാര്‍ഡ് അംഗം ശ്രീ കെ ഇ രമേശ് കുമാര്‍ നിര്‍വ്വഹിച്ചു. സിക്രട്ടറി ശ്രീ വി കെ സജിത്ത് കുമാര്‍ സ്വാഗതമാശംസസിച്ച ചടങ്ങില്‍ ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് ശ്രീ കെ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് കൗണ്‍സിലര്‍ ശ്രീ കെ ലക്ഷ്മണന്‍ മാസ്റ്റര്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. ശ്രീമതി ചഞ്ചലാക്ഷി, ശ്രീ കൃഷ്ണകുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നേതൃസമിതി കണ്‍വീനര്‍ ശ്രീ പി വി ആനന്ദ ബാബു സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഗ്രന്ഥാലയം ജോ സിക്രട്ടറി ശ്രീ ജിതിന്‍ നന്ദി പ്രകാശിപ്പിച്ചു.













വിജ്ഞാന വികസന സദസ്സ്

      വൈജ്ഞാനിക സമൂഹമായി മാറാനുള്ള തയ്യാറെടുപ്പിലൂടെയാണ് കേരളം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ സാമൂഹ്യമാറ്റത്തിന് കാഹളം മുഴങ്ങിയത...