മനുഷ്യന്‍ ആര്‍ജിച്ച എല്ലാ പുരോഗതിയുടെയും അടിസ്ഥാനം ശാസ്ത്രമാണ്. നമ്മളിന്ന് അനുഭവിക്കുന്ന എല്ലാ സുഖസൗകര്യങ്ങള്‍ക്കും നാം ശാസ്ത്രത്തോട് കടപ്പെട്ടിരിക്കുന്നു. ശാസ്ത്രത്തിന്റെ ഗുണഫലങ്ങള്‍ സ്വീകരിക്കാത്ത ആരും തന്നെ ഈ ലോകത്തിലില്ല. പ്രകൃതി പ്രതിഭാസങ്ങളെയെല്ലാം എന്ത് ? എന്തുകൊണ്ട് ? എങ്ങനെ ? എന്നീ ചോദ്യങ്ങളിലൂടെ അറിയാനും മാറ്റിത്തീര്‍ക്കാനുമുള്ള ചിട്ടപ്പെടുത്തിയ പ്രവര്‍ത്തനങ്ങളാണ് ശാസ്ത്രലോകത്ത് നടക്കുന്നത്. കുറെയധികം വസ്തുതതകളുടെ സഞ്ചയമല്ല ശാസ്ത്രം, മറിച്ച് അതൊരു പ്രവര്‍ത്തന രീതിയാണ്. ഈ രീതിശാസ്ത്രം മനസ്സിലാക്കാത്തവരാണ് ശാസ്ത്രബോധം ഇല്ലാത്തവരായി മാറുന്നത്.
ഇന്ത്യ കണ്ട ഏറ്റവും മികച്ച ശാസ്ത്രജ്ഞനായ സി വി രാമന്‍ തന്റെ കണ്ടെത്തലായ രാമന്‍ പ്രഭാവം ലോകത്തോട് പ്രഖ്യാപിച്ചത് 1928 ഫിബ്രവരി 28 നാണ്. ആദിനത്തിന്റെ ഓര്‍മ്മക്കായാണ് 1987 മുതല്‍ എല്ലാ വര്‍ഷവും ഫിബ്രവരി 28 ദേശീയ ശാസ്ത്രദിനമായി ആഘോഷിക്കാന്‍ തീരുമാനിക്കുന്നത്.
ഇന്ത്യയില്‍ ജനിച്ച് ഇന്ത്യയില്‍ വളര്‍ന്ന് ഇന്ത്യയില്‍ വിദ്യാഭ്യാസം നടത്തി തികച്ചും ഇന്ത്യക്കാരനായി ജീവിച്ച ശാസ്ത്രജ്ഞനായിരുന്നു ചന്ദ്രശേഖര വെങ്കിട്ടരാമന്‍ എന്ന സി വി രാമന്‍. സ്വന്തമായി ഡിസൈന്‍ ചെയ്ത് നിര്‍മ്മിച്ച ഉപകരണങ്ങള്‍ ഉപയോഗിച്ചു തന്നെ നോബല്‍ സ്വന്തമാക്കിയ നോബല്‍ സമ്മാനിതമായ കണ്ടുപിടുത്തം (1930 ലെ ഭൗതികത്തിനുള്ള നോബല്‍ സമ്മാനം) നടത്തിയ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നമുക്കും മാര്‍ഗഗദര്‍ശകമാവട്ടെ.
ദേശീയ ശാസ്ത്രദിനാഘോഷത്തിന്റെ ഭാഗമായി ഗ്രന്ഥാലയം ഫിബ്രവരി 26 ന് വിവിധ പരിപാടികള്‍ നടത്തുകയാണ്. ഒപ്പം ഗ്രന്ഥാലയത്തിന്റെ ബ്ലോഗിന്റെ പ്രകാശനവും നടക്കും. പരിപാടികളിലേക്ക് എല്ലാവരേയും ക്ഷണിക്കുന്നു.
No comments:
Post a Comment