അവധിക്കാലത്ത് വായനാവസന്തം തീര്‍ക്കാന്‍ ഗ്രന്ഥാലയം ഒരുങ്ങി. ഇഷ്ട പുസ്തകങ്ങള്‍ വായിക്കാന്‍ വായനശാല സന്ദര്‍ശിക്കുക. വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെ. .. ..

Sunday, June 25, 2023

വായനാപക്ഷാചരണം 2023

 

    വായിച്ചുവളരാനും ചിന്തിച്ചു വിവേകം നേടാനും മലയാളികളെ പഠിപ്പിച്ച ശ്രീ പി എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 മുതല്‍ രണ്ടാഴ്ചക്കാലം വായനാപക്ഷമായി ആലോചിക്കുകയാണ്. വായനയിലൂടെയാണ് നാം പുസ്തകങ്ങളിലേക്കിറങ്ങുന്നത്. പുസ്തക വായന നമുക്ക് പുതിയ ലോകം കാണിച്ചു തരുന്നു. അറിയാത്ത ദേശങ്ങളും കാഴ്ചകളും അനുഭവിപ്പിച്ചു തരുന്നു. പലമാതിരി മനുഷ്യരെ പരിചയപ്പെടുത്തുന്നു. നമ്മള്‍ ആരാണ് എന്നും എന്താണ് എന്നുമുള്ള തിരിച്ചറിവ് തരുന്നു. ഈ കൊച്ചുഗോളത്തില്‍ വിനയമുള്ളവരായി നമ്മെ മാറ്റുന്നു. പ്രസിദ്ധ സാഹിത്യകാരനായ ചാള്‍സ് എലിയറ്റ് പുസ്തകങ്ങളെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്.

    "പുസ്തകങ്ങള്‍ ശാന്തരും, എന്നും കൂടെ നിൽക്കുന്നതുമായ നല്ല സുഹൃത്തുക്കളാണ്‌, എപ്പോള്‍ വേണമെങ്കിലും സമീപിക്കാവുന്ന ബുദ്ധിയുള്ള ഉപദേശകരും, ക്ഷമാശീലമുള്ള അദ്ധ്യാപകരുമാണ്‌."

 'പട്ടിണിയായ മനുഷ്യാ നീ 

പുസ്തകം  കൈയിലെടുത്തോളൂ...

പുത്തനൊരായുധമാണ്‌ നിനക്കത്‌ 

പുസ്തകം കൈയിലെടുത്തോളൂ....' 

    എന്ന്‌  നമ്മോട് ആഹ്വാനം ചെയ്തത് ജര്‍മന്‍ നാടകകൃത്തായ ബെർടോൾഡ് ബ്രഹ്ത് തന്റെ 'അമ്മ'    എന്ന നാടകത്തിലൂടെയാണ്. ആയുധമായി പുസ്തകത്തെ മാറ്റി കേരളീയ നവോത്ഥാനത്തിന് കരുത്ത് പകര്‍ന്ന ശ്രീ പുതുവായില്‍ നാരായണപ്പണിക്കര്‍ എന്ന പി എന്‍ പണിക്കരുടെ ചരമദിനമാണ് കേരളത്തിലും ഇന്ത്യയിലും വായനാദിനമായി ആചരിക്കുന്നത്. ‘നമ്മുടെ നാടിനെ ജ്ഞാന പ്രകാശത്തിലേക്ക് നയിച്ച സൂപ്പര്‍ വൈസ് ചാന്‍സലര്‍’ എന്നാണ് സുകുമാര്‍ അഴീക്കോട് പി എന്‍ പണിക്കറിനെ വിശേഷിപ്പിച്ചത്. ഗ്രന്ഥശാലാ സംഘവും സാക്ഷരതാ യജ്ഞവും കേരള സമൂഹത്തില്‍ സൃഷ്ടിച്ച നവോത്ഥാനത്തിന്റെ അമരക്കാരനായിരുന്നു പിഎന്‍ പണിക്കര്‍. സനാതനധര്‍മം എന്നപേരില്‍ ആരംഭിച്ച ചെറിയ വായനശാലയായിരുന്നു തുടക്കം. അന്ന് തുറന്ന വായനയുടെ ലോകമാണ് ഇന്ന് കേരളത്തില്‍ ആകെ പടര്‍ന്ന് കിടക്കുന്ന ഗ്രന്ഥശാലകള്‍ക്ക് അടിസ്ഥാനമായത്.

 നല്ല വായന, നല്ല വിജ്ഞാനം, നല്ല സംസ്കാരം എന്ന മുദ്രാവാക്യവുമായി ഇത്തവണത്തെ വായനാപക്ഷാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം ജൂണ്‍ 18 ന് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ വെച്ച അനൗപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടിരുന്നു. അനുബന്ധ പരിപാടികളില്‍ ആദ്യത്തേതായ വായനാ ക്വിസ് മത്സരം ഇന്ന് ഗ്രന്ഥശാലയില്‍ വെച്ച് നടന്നു.



        ഗ്രന്ഥാലയം സിക്രട്ടറി ശ്രീ. സജിത്ത് കുമാര്‍ സ്വാഗതമാശംസിച്ചു. താലൂക്ക് കൗണ്‍സിലര്‍ ശ്രീ കെ ലക്ഷ്മണന്‍ മാസ്റ്റര്‍ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. തുടര്‍ന്ന് ശ്രീ സജിത്ത് കുമാര്‍ ക്വിസ് മാസ്റ്ററായും ശ്രീ രജീഷ് കുമാര്‍ സ്കോററായും പ്രവര്‍ത്തിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു. ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചു. ശ്രീ രജീഷ് മാഷുടെ നന്ദി പ്രകാശനത്തോടെ മത്സരപരിപാടികള്‍ അവസാനിച്ചു. 

വിജയികള്‍


എല്‍ പി


യു പി


എച്ച് എസ്


പൊതു വിഭാഗം








സന്ദര്‍ശനങ്ങള്‍

     ഗ്രാമീണ സര്‍വ്വകലാശാലകളാണ് ഓരോ ഗ്രന്ഥാലയവും. വിജ്ഞാനദാഹിയായ ഓരോരുത്തരും ആദ്യം എത്തിച്ചേരേണ്ട സ്ഥലം. നാടെങ്ങും വായനാദിനാനുബന്ധ പരിപാടികള്‍ നടക്കുന്നു. രണ്ടാഴ്ചക്കാലത്തൊതുങ്ങാതെ വര്‍ഷം മുഴുവന്‍ വായനാ പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്ന പ്രത്യാശ സഫലമാകുമെന്ന വിശ്വാസത്തെ ഊട്ടി ഉറപ്പിച്ചുകൊണ്ടാണ് മേറ്റടി എല്‍ പി സ്കൂളിലെ കുട്ടികള്‍ അവരുടെ ഹെഡ്മാസ്റ്റര്‍ ശ്രീ ജയചന്ദ്രന്‍ മാഷുടെയും നാട്ടുകാരിയായ ടീച്ചര്‍ ശ്രീമതി കൃപയുടെയും നേതൃത്വത്തില്‍ ജൂണ്‍ 23 ന് ഗ്രന്ഥാലയം സന്ദര്‍ശിച്ചത്. 

    മുതിര്‍ന്ന ഗ്രന്ഥശാലാ പ്രവര്‍ത്തകനും താലൂക്ക് കൗണ്‍സിലറുമായ ശ്രീ കെ ലക്ഷ്മണന്‍ മാസ്റ്ററും വനിതാ ലൈബ്രേറിയന്‍ ശ്രീമതി നിഷയും ചേര്‍ന്ന് അവരെ സ്വീകരിച്ചു. ഗ്രന്ഥാലയത്തിന്റെ സവിശേഷതകള്‍ പറഞ്ഞുകൊടുത്തും പതിമൂന്നായിരത്തിലധികമുള്ള പുസ്തക ശേഖരം ക്രമപ്പെടുത്തിയത് പറഞ്ഞും അവരുടെ കുഞ്ഞ് സംശയങ്ങള്‍ക്കെല്ലാമുള്ള മറുപടികള്‍ നല്‍കിയും ഗ്രന്ഥാലയങ്ങള്‍ സന്ദര്‍ശനയിടങ്ങളാണെന്ന് അടിവരയിട്ട് ഉറപ്പിച്ചും യാത്ര നവ്യാനുബഴമാക്കി. ഗ്രന്ഥാലയത്തെ സന്ദര്‍ശനത്തിനായി തെരഞ്ഞെടുത്ത മേറ്റടി എല്‍ പി സ്കൂളിലെ അധ്യാപകരെ അഭിനന്ദിക്കുന്നു.




Sunday, June 18, 2023

വാര്‍ഷിക പൊതുയോഗം

    വാണീവിലാസം ഗ്രന്ഥാലയത്തിന്റെ വാര്‍ശിക പൊതുയോഗം ജൂണ്‍ 18 ന് വൈകുന്നേരം 5 മണിക്ക് ഗ്രന്ഥാലയത്തില്‍ വെച്ച് നടന്നു. ഗ്രന്ഥാലയം സിക്രട്ടറി ശ്രീ സജിത്ത് കുമാറിന്റെ സ്വാഗതഭാഷണത്തോടെ യോഗം ആരംഭിച്ചു. ഗ്രന്ഥാലയം പ്രസിഡണ്ട് ശ്രീ പി വി ദിവാകരന്‍ അധ്യക്ഷനായിരുന്നു. അജണ്ടകള്‍ അംഗീകരിച്ചതോടെ നടപടിക്രമങ്ങളിലേക്ക് കടന്നു. 

    പുതിയ ഭരണ സമിതി ചുമതലയേറ്റ 2022 ജൂലൈ 10 മുതല്‍ 2023 ജൂണ്‍ 18 വരെയുള്ള കാലഘട്ടത്തിലെ വിശദമായ പ്രവര്‍ത്തന റിപ്പോര്‍ട്ടാണ് സിക്രട്ടറി അവതരിപ്പിച്ചത്. പ്രസിഡണ്ട് വരവ്- ചെലവ് കണക്കും വിശദാംശങ്ങളോടെ അവതരിപ്പിച്ചു. തുടര്‍ന്ന് ഇത് സംബന്ധിച്ച വിശദമായ ചര്‍ച്ചകള്‍ നടന്നു. ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടുകൊണ്ട് മുന്‍ പ്രസിഡന്റുകൂടിയായ ശ്രീ പി വി കുട്ടികൃഷ്ണന്‍ മാസ്റ്റര്‍ വരവിനങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത സൂചിപ്പിച്ചു. വരവ് - ചെലവ് കണക്കുകള്‍ ക്രോഡീകരിച്ച് അവതരിപ്പിച്ചാല്‍ മതിയാകുമെന്നും അഭിപ്രായപ്പെട്ടു. ചര്‍ച്ചകള്‍ക്ക് ശേഷം റിപ്പോര്‍ട്ടും വരവ്- ചെലവ് കണക്കുകളും യോഗം അംഗീകരിച്ചു. 



    തുടര്‍ന്ന് മേല്‍കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് താലൂക്ക് കൗണ്‍സിലര്‍ ശ്രീ കെ ലക്ഷ്മണന്‍ മാസ്റ്റര്‍ വിശദീകരിച്ചു. ഗ്രന്ഥാലയ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ, ബഡ്ജറ്റ് എന്നിവ സിക്രട്ടറിയും അവതരിപ്പിച്ചു. ഗ്രന്ഥശാലാ പ്രവര്‍ത്തനം താഴത്തെ തട്ടുകളില്‍ സന്നദ്ധ പ്രവര്‍ത്തനമാണെന്നത് മേല്‍ഘടകങ്ങള്‍ മറന്നുപോകരുതെന്നും സ്ഥിര നിയമനക്കാരായ ലൈബ്രേറിയന്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാവേണ്ടതുണ്ടെന്നും യോഗത്തില്‍ അഭിപ്രായമുണ്ടായി. ഗ്രന്ഥാലോകം വരിസംഖ്യാ ക്യാമ്പെയിന്‍ വിജയിപ്പിക്കാനും ഗ്രന്ഥശാലാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനും ആഹ്വാനം ചെയ്തുകൊണ്ടുള്ള വാര്‍‍ഷിക പൊതുയോഗം ഗ്രന്ഥാലയം ജോ- സിക്രട്ടറി ശ്രീ നിധിനിന്റെ നന്ദി പ്രകാശനത്തോടെ സമാപിച്ചു. 



Monday, June 12, 2023

പരിസ്ഥിതി ദിനാഘോഷവും ബാലവേദി സംഗമവും

 



    ഒരേയൊരു ഭൂമി എന്ന സന്ദേശം മുന്നോട്ട് വെച്ചുകൊണ്ട് 1973 ല്‍ ആരംഭിച്ച പരിസ്ഥിതി ദിനാചരണത്തിന് 50ആണ്ടുകള്‍ പൂര്‍ത്തിയാവുകയാണ് 2023 ല്‍. ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷ്യന്‍’- പ്ലാസ്റ്റിക് മലിനീകരണം തടയുക എന്നതാണ് ഇക്കൊല്ലത്തെ പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. പരിസ്ഥിതിപ്രശ്നങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണത്തിനും അതിനെ പ്രതിരോധിക്കാനുള്ള കർമപരിപാടികൾ ആസൂത്രണം ചെയ്യാനുമായിട്ടാണ് എല്ലാവർഷവും ജൂൺ അഞ്ചിന് ലോകപരിസ്ഥിതി ദിനം ആചരിക്കുന്നത്. 1972 ലെ സ്റ്റോക്ക് ഹോം കണ്‍വെന്‍ഷനെത്തുടര്‍ന്നുണ്ടായ പ്രഖ്യാപനമാണ്  1973 ജൂണ്‍ 5 മുതല്‍ ഇത്തരമൊരു ദിനാചനരണത്തിന് കാരണമായത്. 

    പരിസ്ഥിതി ദിനാചരണം ഗ്രന്ഥാലയം സമുചിതമായി ആഘോഷിച്ചു. വായനശാലാ പരിസരം പ്ലാസ്റ്റിക് വിമുക്തമാക്കുകയും കുട്ടികള്‍ക്കായി പരിസ്ഥിതി ക്വിസ്, പോസ്റ്റര്‍ രചന എന്നിവയും സംഘടിപ്പിച്ചു. 

    ഗ്രന്ഥാലയത്തില്‍ രൂപീകരിച്ച ബാലവേദിയുടെ പ്രവര്‍ത്തനങ്ങളും ഒപ്പം നടന്നു. മെന്റര്‍ ശ്രീമതി നിഷ, ബാലവേദി രക്ഷാധികാരി ശ്രീ പി വി രജീഷ് തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. 
    സമ്മേളനത്തില്‍ സിക്രട്ടറി സ്വാഗതമാശംസിച്ചു. ഗ്രന്ഥാലയം പ്രസിഡണ്ട് ശ്രീ പി വി ദിവാകരന്‍ അധ്യക്ഷനായിരുന്നു. താലൂക്ക് കൗണ്‍സിലര്‍ ശ്രീ കെ ലക്ഷ്മണന്‍ മാസ്റ്റര്‍ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശ്രീ രജീഷ് പി വി  ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ജോ സിക്രട്ടറി ജിതിന്‍ സി നന്ദി പ്രകാശിപ്പിച്ചു.






പരിസ്ഥിതി ക്വിസ് വിജയികള്‍












വിജ്ഞാന വികസന സദസ്സ്

      വൈജ്ഞാനിക സമൂഹമായി മാറാനുള്ള തയ്യാറെടുപ്പിലൂടെയാണ് കേരളം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ സാമൂഹ്യമാറ്റത്തിന് കാഹളം മുഴങ്ങിയത...