വാണീവിലാസം ഗ്രന്ഥാലയത്തിന്റെ വാര്‍ശിക പൊതുയോഗം ജൂണ്‍ 18 ന് വൈകുന്നേരം 5 മണിക്ക് ഗ്രന്ഥാലയത്തില്‍ വെച്ച് നടന്നു. ഗ്രന്ഥാലയം സിക്രട്ടറി ശ്രീ സജിത്ത് കുമാറിന്റെ സ്വാഗതഭാഷണത്തോടെ യോഗം ആരംഭിച്ചു. ഗ്രന്ഥാലയം പ്രസിഡണ്ട് ശ്രീ പി വി ദിവാകരന്‍ അധ്യക്ഷനായിരുന്നു. അജണ്ടകള്‍ അംഗീകരിച്ചതോടെ നടപടിക്രമങ്ങളിലേക്ക് കടന്നു.
പുതിയ ഭരണ സമിതി ചുമതലയേറ്റ 2022 ജൂലൈ 10 മുതല്‍ 2023 ജൂണ്‍ 18 വരെയുള്ള കാലഘട്ടത്തിലെ വിശദമായ പ്രവര്‍ത്തന റിപ്പോര്‍ട്ടാണ് സിക്രട്ടറി അവതരിപ്പിച്ചത്. പ്രസിഡണ്ട് വരവ്- ചെലവ് കണക്കും വിശദാംശങ്ങളോടെ അവതരിപ്പിച്ചു. തുടര്‍ന്ന് ഇത് സംബന്ധിച്ച വിശദമായ ചര്‍ച്ചകള്‍ നടന്നു. ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടുകൊണ്ട് മുന്‍ പ്രസിഡന്റുകൂടിയായ ശ്രീ പി വി കുട്ടികൃഷ്ണന്‍ മാസ്റ്റര്‍ വരവിനങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത സൂചിപ്പിച്ചു. വരവ് - ചെലവ് കണക്കുകള്‍ ക്രോഡീകരിച്ച് അവതരിപ്പിച്ചാല്‍ മതിയാകുമെന്നും അഭിപ്രായപ്പെട്ടു. ചര്‍ച്ചകള്‍ക്ക് ശേഷം റിപ്പോര്‍ട്ടും വരവ്- ചെലവ് കണക്കുകളും യോഗം അംഗീകരിച്ചു.
തുടര്‍ന്ന് മേല്‍കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് താലൂക്ക് കൗണ്‍സിലര്‍ ശ്രീ കെ ലക്ഷ്മണന്‍ മാസ്റ്റര്‍ വിശദീകരിച്ചു. ഗ്രന്ഥാലയ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ, ബഡ്ജറ്റ് എന്നിവ സിക്രട്ടറിയും അവതരിപ്പിച്ചു. ഗ്രന്ഥശാലാ പ്രവര്‍ത്തനം താഴത്തെ തട്ടുകളില്‍ സന്നദ്ധ പ്രവര്‍ത്തനമാണെന്നത് മേല്‍ഘടകങ്ങള്‍ മറന്നുപോകരുതെന്നും സ്ഥിര നിയമനക്കാരായ ലൈബ്രേറിയന്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാവേണ്ടതുണ്ടെന്നും യോഗത്തില്‍ അഭിപ്രായമുണ്ടായി. ഗ്രന്ഥാലോകം വരിസംഖ്യാ ക്യാമ്പെയിന്‍ വിജയിപ്പിക്കാനും ഗ്രന്ഥശാലാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനും ആഹ്വാനം ചെയ്തുകൊണ്ടുള്ള വാര്‍ഷിക പൊതുയോഗം ഗ്രന്ഥാലയം ജോ- സിക്രട്ടറി ശ്രീ നിധിനിന്റെ നന്ദി പ്രകാശനത്തോടെ സമാപിച്ചു.
No comments:
Post a Comment