അവധിക്കാലത്ത് വായനാവസന്തം തീര്‍ക്കാന്‍ ഗ്രന്ഥാലയം ഒരുങ്ങി. ഇഷ്ട പുസ്തകങ്ങള്‍ വായിക്കാന്‍ വായനശാല സന്ദര്‍ശിക്കുക. വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെ. .. ..

Friday, September 15, 2023

ഗ്രന്ഥശാലാദിനാഘോഷം

        കേരളത്തെ കേരളമാക്കിമാറ്റിത്തീര്‍ത്തതില്‍ വലിയ പങ്ക് വഹിച്ചത് വിദ്യാഭ്യാസമാണ്. വായിക്കാനും വായിപ്പിക്കാനും അതുവഴി അനീതിയെ ചോദ്യെ ചെയ്യാനും കെല്പുള്ള തലമുറയെ വാര്‍ത്തെടുത്ത വായനാശാലകള്‍-ഗ്രന്ഥാലയങ്ങള്‍ കേരളത്തെ മാറ്റിയെടുത്തി. അതിന് നടുനായകത്വം വഹിച്ച പ്രസ്ഥാനമാണ് കേരള ഗ്രന്ഥശാലാ സംഘം (കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍).  കേരളത്തിലെ ഏറ്റവും വലിയ സംഘടിത സാംസ്കാരിക പ്രസ്ഥാനമായ കേരള ഗ്രന്ഥശാലാ സംഘം 78 വര്‍ഷങ്ങള്‍  പിന്നിട്ടിരിക്കുന്നു. 1945 സെപ്റ്റംബര്‍ 14ന് അമ്പലപ്പുഴ പി.കെ മെമ്മോറിയല്‍ ഗ്രന്ഥശാലയില്‍ ചേര്‍ന്ന അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാല സമ്മേളനമാണ് അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാലാസംഘത്തിന് രൂപംനല്‍കിയത്. അതാണ് പിന്നീട് ഗ്രന്ഥശാലാ സംഘമായും കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലായും പരിണമിച്ചത്. 

        തിരുവിതാംകൂര്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്‍െറ ചരിത്രം സ്വാതി തിരുനാളിലൂടെയാണ് ആരംഭിക്കുന്നത്. ഇന്ത്യയിലെതന്നെ ആദ്യത്തെ പൊതുജനഗ്രന്ഥശാലയായി കണക്കാക്കുന്ന തിരുവനന്തപുരം പബ്ളിക് ലൈബ്രറി 1936ല്‍ അദ്ദേഹമാണ് സ്ഥാപിച്ചത്. എന്നാല്‍, ഒരു കാലത്തും അതിനൊരു ജനകീയ സ്വഭാവം കൈവന്നിരുന്നില്ല. 1894ല്‍ വഞ്ചിയൂരിലെ കുന്നുംപുറത്ത് സ്ഥാപിതമായ സുഗുണപോഷിണിയാണ് പൊതുജനങ്ങളാല്‍ സ്ഥാപിതമായ ആദ്യത്തെ ഗ്രന്ഥശാല.  1945 ആയപ്പോഴേക്കും 160ലധികം ലൈബ്രറികള്‍ തിരുവിതാംകൂറില്‍ രൂപംകൊണ്ടു. ഈ ലൈബ്രറികളെ കൂട്ടിയോജിപ്പിക്കാനുള്ള പരിശ്രമങ്ങളുമുണ്ടായി.  1945 സെപ്റ്റംബര്‍ 14ന് അമ്പലപ്പുഴ പി.കെ മെമ്മോറിയല്‍ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ സാഹിത്യപഞ്ചാനനന്‍ തിയറ്ററില്‍ നടന്ന സമ്മേളനം അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സമ്മേളനത്തിന് രൂപംനല്‍കി. നീലംപേരൂര്‍കാരനായ പുതുവായില്‍ നാരായണപണിക്കര്‍ എന്ന പി.എന്‍. പണിക്കര്‍ അമ്പലപ്പുഴ കിഴക്കേനടയിലുള്ള പ്രൈമറി സ്കൂളില്‍ അധ്യാപകനായി വരുകയും അദ്ദേഹം പി.കെ മെമ്മോറിയല്‍ ഗ്രന്ഥശാലയുടെ നേതൃത്വം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് ഈ സമ്മേളനം ചേര്‍ന്നതും  പ്രസ്ഥാനം രൂപവത്കരിച്ചതും.  

    കൊച്ചി സംസ്ഥാനത്തെ ഭരണാധികാരികള്‍ ഗ്രാമങ്ങള്‍തോറും ഗ്രന്ഥശാലകള്‍ സ്ഥാപിക്കുന്നതിന് മുന്‍കൈ എടുത്തു. എം.ആര്‍.കെ.സി, ഡോ. എ.ആര്‍. മേനോന്‍ എന്നിവരുടെ നേതൃത്വത്തില്‍ രൂപംകൊണ്ട ഗ്രാമീണ ഗ്രന്ഥശാലകള്‍ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തോടും നവോത്ഥാന ആശയങ്ങളോടും സമരസപ്പെട്ടുകൊണ്ടാണ് പ്രവര്‍ത്തിച്ചതെന്ന് കാണാം. 

    സംഘബോധത്തിന്റെ ചൈതന്യരൂപങ്ങളെന്നനിലയിലാണ് മലബാറില്‍ ഗ്രന്ഥശാലകള്‍ രൂപംകൊണ്ടത്. ഇതിന് ഭരണകൂടങ്ങളോ ഏതെങ്കിലും ഏജന്‍സികളോ സാമ്പത്തികമായ ഒരു സഹായവും ചെയ്തിരുന്നില്ല. ദേശീയ പ്രസ്ഥാനത്തിന്‍െറ ഭാഗമായി ഒട്ടേറെ ഗ്രന്ഥശാലകള്‍ അവിടെ ഉയര്‍ന്നുവന്നു. കെ.പി.സി.സി സെക്രട്ടറിയായിരുന്ന ഇ.എം.എസ് ഗ്രാമപ്രദേശങ്ങളില്‍ ഗ്രന്ഥശാലകള്‍ രൂപവത്കരിക്കുന്നതിന് മുന്നിട്ടിറങ്ങാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആഹ്വാനംചെയ്തു. കെ. ദാമോദരനെപ്പോലെയുള്ളവരും സജീവമായി ഇറങ്ങി. നവോത്ഥാന പ്രസ്ഥാനത്തിന്‍െറ ഭാഗമായി വിശേഷിച്ചും ശ്രീനാരായണ ഗുരു, വാഗ്ഭടാനന്ദന്‍ എന്നിവരുടെ സ്വാധീനത്താല്‍ ഏറെ ഗ്രന്ഥശാലകള്‍ രൂപംകൊണ്ടു. സംഘടനകൊണ്ട് ശക്തരാകാനും വായനകൊണ്ട് പ്രബുദ്ധരാകാനുമുള്ള ഗുരുവിന്‍െറ ആഹ്വാനം മലബാറില്‍ ഗ്രന്ഥശാലകള്‍ രൂപവത്കരിച്ചുകൊണ്ടാണ് യുവാക്കള്‍ സ്വീകരിച്ചത്.

  1937 ജൂണ്‍ 11ന് മലബാറില്‍ ഒരു സംഘടിത ഗ്രന്ഥശാലാ പ്രസ്ഥാനമുണ്ടായി. 150ഓളം ഗ്രന്ഥശാലകളില്‍നിന്നായി മുന്നൂറോളം പ്രതിനിധികള്‍ പങ്കെടുത്തു. കെ. ദാമോദരന്‍ കണ്‍വീനറായ മലബാര്‍ ഗ്രന്ഥശാലാ സംഘം പിന്നീട് 1943ല്‍ കേരളത്തിലെ മുഴുവന്‍ ഗ്രന്ഥശാലാ പ്രവര്‍ത്തകരെയും ചേര്‍ത്ത്  കേരള ഗ്രന്ഥാലയ സംഘത്തിന് രൂപംനല്‍കി. 1943 ഡിസംബര്‍ ഒന്നിന് കേരള ഗ്രന്ഥാലയ സംഘം രജിസ്റ്റര്‍ ചെയ്തു. തിരുവിതാംകൂറിലെയും കൊച്ചിയിലെയും ഗ്രന്ഥശാലാ നേതാക്കന്മാര്‍ ഉള്‍പ്പെട്ടതായിരുന്നു കേരള ഗ്രന്ഥാലയ സംഘത്തിന്‍െറ ഭരണസമിതി. പ്രഫ. എസ്. ഗുപ്തന്‍ നായര്‍, കുട്ടനാട് രാമകൃഷ്ണപിള്ള, ഡോ. ഗോദവര്‍മ എന്നിവര്‍ തിരുവിതാംകൂറിനെയും പനമ്പിള്ളി ഗോവിന്ദമേനോന്‍, പ്രഫ. ജോസഫ് മുണ്ടശ്ശേരി  എന്നിവര്‍ കൊച്ചിയെയും പ്രതിനിധാനംചെയ്ത് ആ ഭരണസമിതിയില്‍ അംഗങ്ങളായി. 

    1989 ഫെബ്രുവരി 23ന് കേരള നിയമസഭ  പാസാക്കിയ കേരള പബ്ളിക് ലൈബ്രറീസ് ആക്ട് (കേരള ഗ്രന്ഥശാലാ സംഘം) പ്രകാരമാണ് ഇന്നത്തെ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നത്.  ഈ നിയമത്തിന്‍െറ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തി ഒന്നാം ലൈബ്രറി കൗണ്‍സില്‍ അധികാരത്തിലത്തൊന്‍ ഏതാണ്ട് അഞ്ചുവര്‍ഷത്തോളമെടുത്തു.  1994 ഏപ്രില്‍ 27നാണ്  കവി കടമ്മനിട്ട പ്രസിഡന്‍റും പത്രപ്രവര്‍ത്തകനായ ഐ.വി. ദാസ് സെക്രട്ടറിയുമായ ഭരണസമിതി അധികാരമേറ്റെടുത്തത്. 

    അയിത്തവും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും മറ്റു സാമൂഹിക തിന്മകളുംകൊണ്ട് മലീമസമായിരുന്ന കേരളത്തിന്റെ സാമൂഹിക വ്യവസ്ഥയെ സാംസ്കാരികമായി ശുദ്ധീകരിച്ചെടുത്തതും നവോത്ഥാനമൂല്യങ്ങള്‍ക്ക് തെളിച്ചം പകരുന്ന  ഇടങ്ങളായി വര്‍ത്തിച്ചതും കേരളത്തിലെ ഗ്രന്ഥശാലകളായിരുന്നു. നമ്മുടെ പൂര്‍വ്വികര്‍ തെളിയിച്ച ആ കൈത്തരി കെടാതെ നമുക്ക് കാത്തു സൂക്ഷിക്കാം.

    ഗ്രന്ഥശാലാ ദിനത്തിന്റെ ഭാഗമായി വാണീവിലാസം ഗ്രന്ഥാലയത്തില്‍ താലൂക്ക് കൗണ്‍സിലര്‍ രാവിലെ 9 മണിക്ക് പതാക ഉയര്‍ത്തി. 

    കേരളത്തിലെ ഗ്രാമീണ ലൈബ്രറികളെ കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിനെതിരായ പ്രതിഷേധത്തോടെ സന്ധ്യക്ക് അക്ഷരദീപം തെളിയിച്ചു. പ്രതിഷേധ പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി. 



No comments:

Post a Comment