ഏപ്രിൽ 23, ലോകപുസ്തക ദിനം. സങ്കല്പിക്കുന്നതിനേക്കാള്‍ വേഗത്തില്‍ അതിശയിപ്പിക്കുന്ന രീതിയില്‍ സാങ്കേതിക വിദ്യകള്‍ അരങ്ങുവാഴുന്ന കാലമാണിത്. വായനയ്ക്കു പകരം കാഴ്ചകൾക്കു പ്രാമുഖ്യം നല്കപ്പെടുന്ന ഇക്കാലത്ത് അച്ചടിച്ച പുസ്തകങ്ങളുടെ വായന കുറഞ്ഞുവരുന്നു. ഒരു കാലത്ത് നാട്ടിന്‍പുറങ്ങളിലെ ഗ്രാമീണ സര്‍വ്വകലാശാലകളായിരുന്ന വായനശാലകള്‍ ഗ്രന്ഥപ്പുരകള്‍ മാത്രമായി മാറിക്കൊണ്ടിരിക്കുന്നു. വായനക്കാരെത്തേടി പുസ്തകങ്ങള്‍ സഞ്ചരിക്കുന്നു ഇക്കാലത്ത്. വീണ്ടുമൊരു പുസ്തകദിനം കൂടി കടന്നുവരികയാണ് ഏപ്രീല്‍ 23 ന്.
എന്തുകൊണ്ടാണ് ഏപ്രിൽ 23 ലോക പുസ്തക ദിനമായി ആചരിക്കുന്നത്? വിശ്വസാഹിത്യത്തിലെ തന്നെ അതികായരായ ഷേക്സ്പിയർ, മിഗ്വേൽ ഡേ സർവെൻ്റീസ്, ഗാർസിലാസോ ഡേ ലാ വെഗാ എന്നിവരുടെ ചരമദിനമാണ് ഏപ്രിൽ 23. ലോകസാഹിത്യത്തിൽ വസന്തം തീർത്ത ഈ മഹാന്മാരോടുള്ള ആദര സൂചകമായി ആചരിച്ചു തുടങ്ങിയതാണ് ലോകപുസ്തകദിനം. തുടക്കമിട്ടത് യുനെസ്കോയും. 1995 ൽ യുനെസ്കോയുടെ പൊതു സമ്മേളനമാണ് ഈ തീരുമാനമെടുത്തത്.
ആശയ വിനിമയത്തിന്റെ ഉറവിടവും വിജ്ഞാനത്തിലേക്കുള്ള പാതയും പുസ്തകങ്ങള്‍ സൃഷ്ടിക്കുന്നു. മൂല്യമുള്ള പുസ്തകങ്ങള്‍ വിതരണം ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതാണ്. വായന മരിക്കുന്നു എന്ന് വിലപിക്കുമ്പോഴും ലോകമെങ്ങും പുസ്തകം വാങ്ങുന്നവരുടെ എണ്ണം കൂടുകയാണ് എന്ന അറിവ് സന്തോഷം പകരുന്നു. വായനയുടെ വസന്തം തീര്‍ക്കാന്‍ നമുക്കും പുസ്തകലോകത്തേക്ക് കടന്നിരിക്കാം. നാട്ടിലെ വായനശാലകളില്‍ ചെന്ന് അഭിരുചിക്കിണങ്ങിയ പുസ്തകങ്ങള്‍ തെരഞ്ഞെടുത്ത് പുതിയ ലോകങ്ങള്‍ തേടാം. എല്ലാവര്‍ക്കും വായനാദിനാശംസകള്‍..
No comments:
Post a Comment