അവധിക്കാലത്ത് വായനാവസന്തം തീര്‍ക്കാന്‍ ഗ്രന്ഥാലയം ഒരുങ്ങി. ഇഷ്ട പുസ്തകങ്ങള്‍ വായിക്കാന്‍ വായനശാല സന്ദര്‍ശിക്കുക. വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെ. .. ..

Monday, February 27, 2023

ഗ്രന്ഥാലയത്തിന് ബ്ലോഗായി

     ശാസ്ത്രദിനാഘോഷം ഗ്രന്ഥാലയം സമുചിതമായി ആഘോഷിച്ചു. കുട്ടികള്‍ക്കായി മള്‍ട്ടി മീഡിയ ക്വിസ് മത്സരം നടന്നു. 

        തുടര്‍ന്ന നടന്ന പൊതു സമ്മേളത്തിന്റെ ഉദ്ഘാടനവും സി വി രാമന്‍ പ്രഭാഷണവും ശ്രീ. കെ പ്രതാപന്‍ (അസി. പ്രൊഫസര്‍, ഗവ. ബ്രണ്ണന്‍ കോളേജ് തലശ്ശേരി) നിര്‍വ്വഹിച്ചു. സി വി രാമന്‍ ആരായിരുന്നുവെന്നും എന്തുകൊണ്ട് അദ്ദേഹത്തെ മാതൃകയാക്കണമെന്നും അദ്ദേഹം ലളിതമായും സരസമായും വിശദീകരിച്ചു. 


    കണ്ണൂര്‍ സര്‍വ്വകലാശാല ജോ. രജിസ്ട്രാര്‍ ശ്രീ ആര്‍ കെ വിജയന്‍ ഗ്രന്ഥാലയത്തിലേക്ക് സംഭാവനയായി നല്‍കിയ പുസ്തകങ്ങള്‍ ഗ്രന്ഥാലയ ഭാരവാഹികള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് കൂടാളി ഗ്രാമപഞ്ചായത്തിലെ തന്നെ ഒരു ഗ്രന്ഥാലയത്തിന്റെ ആദ്യ ബ്ലോഗ് ശ്രീ ആര്‍ കെ വിജയന്‍ സ്വിച്ച് ഓണ്‍ ചെയ്തു. https://vaneevilasam.blogspot.com/ എന്ന മേല്‍വിലാസത്തില്‍ ലോകത്തില്‍ എവിടെ നിന്നും ഇനി ഗ്രന്ഥാലയ വിശേഷങ്ങള്‍ അറിയാം. 


            പൊതു സമ്മേളനത്തില്‍ ഗ്രന്ഥാലയ സിക്രട്ടറി ശ്രീ വി കെ സജിത്ത് കുമാര്‍ സ്വാഗതമാശംസിച്ചു. ഗ്രന്ഥാലയം പ്രസിഡണ്ട് ശ്രീ പി വി ദിവാകരന്‍ അധ്യക്ഷനായിരുന്നു. താലൂക്ക് കൗണ്‍സില്‍ ശ്രീ കെ ലക്ഷ്മണന്‍ മാസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. കുട്ടികള്‍ക്കായി ശ്രീ സജിത്ത് കുമാര്‍ ചില പരീക്ഷണപ്രവര്‍ത്തനങ്ങളും നടത്തി. ജോ. സിക്രട്ടറി ശ്രീ ജി തിന്‍ സി ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. 







Saturday, February 25, 2023

ശാസ്ത്രദിനാഘോഷവും ബ്ലോഗ് പ്രകാശനവും

                                   

    മനുഷ്യന്‍ ആര്‍ജിച്ച എല്ലാ പുരോഗതിയുടെയും അടിസ്ഥാനം ശാസ്ത്രമാണ്. നമ്മളിന്ന് അനുഭവിക്കുന്ന എല്ലാ സുഖസൗകര്യങ്ങള്‍ക്കും നാം ശാസ്ത്രത്തോട് കടപ്പെട്ടിരിക്കുന്നു. ശാസ്ത്രത്തിന്റെ ഗുണഫലങ്ങള്‍ സ്വീകരിക്കാത്ത ആരും തന്നെ ഈ ലോകത്തിലില്ല. പ്രകൃതി പ്രതിഭാസങ്ങളെയെല്ലാം എന്ത് ? എന്തുകൊണ്ട് ? എങ്ങനെ ? എന്നീ ചോദ്യങ്ങളിലൂടെ അറിയാനും മാറ്റിത്തീര്‍ക്കാനുമുള്ള ചിട്ടപ്പെടുത്തിയ പ്രവര്‍ത്തനങ്ങളാണ് ശാസ്ത്രലോകത്ത് നടക്കുന്നത്. കുറെയധികം വസ്തുതതകളുടെ സഞ്ചയമല്ല ശാസ്ത്രം, മറിച്ച് അതൊരു  പ്രവര്‍ത്തന രീതിയാണ്. ഈ രീതിശാസ്ത്രം മനസ്സിലാക്കാത്തവരാണ് ശാസ്ത്രബോധം ഇല്ലാത്തവരായി മാറുന്നത്. 

    ഇന്ത്യ കണ്ട ഏറ്റവും മികച്ച ശാസ്ത്രജ്ഞനായ സി വി രാമന്‍ തന്റെ കണ്ടെത്തലായ രാമന്‍ പ്രഭാവം ലോകത്തോട് പ്രഖ്യാപിച്ചത് 1928 ഫിബ്രവരി 28 നാണ്. ആദിനത്തിന്റെ ഓര്‍മ്മക്കായാണ് 1987 മുതല്‍ എല്ലാ വര്‍ഷവും ഫിബ്രവരി 28 ദേശീയ ശാസ്ത്രദിനമായി ആഘോഷിക്കാന്‍ തീരുമാനിക്കുന്നത്.

    ഇന്ത്യയില്‍ ജനിച്ച് ഇന്ത്യയില്‍ വളര്‍ന്ന് ഇന്ത്യയില്‍ വിദ്യാഭ്യാസം നടത്തി തികച്ചും ഇന്ത്യക്കാരനായി ജീവിച്ച ശാസ്ത്രജ്ഞനായിരുന്നു ചന്ദ്രശേഖര വെങ്കിട്ടരാമന്‍ എന്ന സി വി രാമന്‍. സ്വന്തമായി ഡിസൈന്‍ ചെയ്ത് നിര്‍മ്മിച്ച ഉപകരണങ്ങള്‍ ഉപയോഗിച്ചു തന്നെ നോബല്‍ സ്വന്തമാക്കിയ നോബല്‍ സമ്മാനിതമായ കണ്ടുപിടുത്തം (1930 ലെ ഭൗതികത്തിനുള്ള നോബല്‍ സമ്മാനം) നടത്തിയ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നമുക്കും മാര്‍ഗ‍ഗദര്‍ശകമാവട്ടെ.

    ദേശീയ ശാസ്ത്രദിനാഘോഷത്തിന്റെ ഭാഗമായി ഗ്രന്ഥാലയം ഫിബ്രവരി 26 ന് വിവിധ പരിപാടികള്‍ നടത്തുകയാണ്. ഒപ്പം ഗ്രന്ഥാലയത്തിന്റെ ബ്ലോഗിന്റെ പ്രകാശനവും നടക്കും. പരിപാടികളിലേക്ക് എല്ലാവരേയും ക്ഷണിക്കുന്നു.



Wednesday, February 22, 2023

റിപ്പബ്ലിക് ദിനാഘോഷം

    ജനക്ഷേമരാഷ്ട്രം എന്നാണ് റിപ്പബ്ലിക് എന്ന വാക്കിന്റെ അര്‍ത്ഥം. നമ്മുടെ രാജ്യം റിപ്പബ്ലിക് ആയത് 1956 ജനുവരി 26 നാണ്. 1947 ആഗസ്ത് 15 ന് സ്വാതന്ത്ര്യ പ്രഖ്യാപനം ഉണ്ടായെങ്കിലും സ്വന്തമായ ഒരു നിയമസംവിധാനം- ഭരണഘടന നമുക്കുണ്ടായിരുന്നില്ല. സ്വതന്ത്ര ഇന്ത്യയ്ക്ക് ഭരണഘടന എഴുതിയുണ്ടാക്കുന്ന ബൃഹദ് ദൗത്യം  ഡോ. ബി ആര്‍ അംബദ്കര്‍ അദ്ധ്യക്ഷനായ കമ്മിറ്റിയെ ഏല്‍പ്പിച്ചു. അങ്ങനെ ഭരണഘടനയുടെ ആദ്യ രൂപം 1947 നവംബര്‍ 4-ന് കോണ്‍സ്റ്റിറ്റ്യൂന്റ് അസംബ്ലിയില്‍ സമര്‍പ്പിച്ചു. ഒട്ടേറെ ചര്‍ച്ചകള്‍ക്കും മാറ്റങ്ങള്‍ക്കും അവസാനം 395 ആര്‍ട്ടിക്കിളുകളും, 8 ഷെഡ്യൂളുകളുമുള്ള ഭരണഘടന അസംബ്ലി അംഗീകരിച്ചു. ലോകത്തിലേക്കും ഏറ്റവും വലുതായ ലിഖിത ഭരണഘ്ടനയാണ് നമുക്കുള്ളത്. 1950 ജനുവരി 24-നാണ് ഭരണഘടനയുടെ ലിഖിത രൂപത്തിന് അസംബ്ളി അംഗീകാരം നല്‍കുന്നത്. അതനുസരിച്ച് ആദ്യ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ഡോ. രാജേന്ദ്രപ്രസാദ് ഭരണഘടന അംഗീകരിച്ചുകൊണ്ട് 1950 ജനുവരി 26-ന് ഒപ്പിട്ടു.

    റിപ്പബ്ലിക് ദിനം ജനുവരി 26 എന്ന ദിനം ആകസ്മികമായി വന്നു ചേര്‍ന്നതല്ല.  സ്വരാജ് അല്ലെങ്കില്‍ സ്വയംഭരണത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ പോരാട്ടത്തില്‍ ജനുവരി 26 ന് വലിയ പ്രാധാന്യമാണുള്ളത്.  1929 ഡിസംബര്‍ 29-ന് ലാഹോറില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനമാണ്  പൂര്‍ണ സ്വരാജ് അഥവാ സമ്പൂര്‍ണ്ണ സ്വയംഭരണം ഇന്ത്യയുടെ ലക്ഷ്യമായി പ്രഖ്യാപിക്കുന്ന പ്രമേയം പാസാക്കിയത്. ജനുവരി 26 ഇന്ത്യയൊട്ടാകെ പൂര്‍ണ സ്വരാജ് ദിനമായി ആചരിക്കണമെന്നും തീരുമാനിച്ചു. അങ്ങനെ 1930 ജനുവരി 26-നാണ് ആദ്യമായി സമ്പൂര്‍ണ സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. ഈ ദിനത്തിന്റെ ഓര്‍മ്മക്കായാണ് ജനുവരി 26 റിപ്പബ്ലിക് ദിനമാക്കാന്‍ തീരുമാനിച്ചത്.

    ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ 9 മണിക്ക് താലൂക്ക് കൗണ്‍സിലര്‍ ശ്രി.കെ ലക്ഷ്മണന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി. വൈകുന്നേരം കുട്ടികള്‍ക്കായി ക്വിസ് മത്സരം നടന്നു. ക്വിസ് മത്സരത്തിന് ശേഷം നടന്ന പൊതു സമ്മേളനം വാര്‍ഡ് അംഗം ശ്രീ കെ ഇ രമേശ് കുമാര്‍ നിര്‍വ്വഹിച്ചു. സിക്രട്ടറി ശ്രീ വി കെ സജിത്ത് കുമാര്‍ സ്വാഗതമാശംസസിച്ച ചടങ്ങില്‍ ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് ശ്രീ കെ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് കൗണ്‍സിലര്‍ ശ്രീ കെ ലക്ഷ്മണന്‍ മാസ്റ്റര്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. ശ്രീമതി ചഞ്ചലാക്ഷി, ശ്രീ കൃഷ്ണകുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നേതൃസമിതി കണ്‍വീനര്‍ ശ്രീ പി വി ആനന്ദ ബാബു സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഗ്രന്ഥാലയം ജോ സിക്രട്ടറി ശ്രീ ജിതിന്‍ നന്ദി പ്രകാശിപ്പിച്ചു.













Sunday, December 25, 2022

ജനചേതനയാത്ര- നേതൃസമിതിതല വിളംബര യാത്ര

 


    വിദ്യാഭ്യാസപരമായി ഏറെ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. എങ്കിലും ശാസ്ത്രബോധത്തിലധിഷ്ഠിതമായ വിശ്വാസ സംഹിതകള്‍ കെട്ടിപ്പടുക്കുവാന്‍ നമ്മളില്‍ പലര്‍ക്കും സാധിച്ചിട്ടില്ല. പ്രബുദ്ധമായ കേരളത്തിലെ ചെറിയ ശതമാനം പേരെങ്കിലും അപരന്ന് ദോഷം ചെയ്യുന്ന വിശ്വാസങ്ങള്‍ക്ക് അടിപ്പെട്ടുപോകുന്നത് ശാസ്ത്രബോധത്തിന്റെ കുറവ് തന്നെയാണ്. പണം ലഭിക്കാനും മറ്റ് കാര്യസാധ്യങ്ങള്‍ക്ക് വേണ്ടിയും മനുഷ്യനെ കൊല്ലാനും തിന്നാനും മടികാണിക്കാത്തവരായി മാറിയത് ഞെട്ടലോടെയാണ് കേരശ സമൂഹം കേട്ടത്. അന്ധവിശ്വാസങ്ങളുടെ കൂത്തരങ്ങാ. കേരളം മാറാതിരിക്കണമെങ്കില്‍ കൃത്യമായ ബോധവല്‍ക്കരപ്രവര്‍ത്തനങ്ങള്‍ നാം ഏറ്റെടുക്കേണ്ടതുണ്ട്. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ജനചേതന യാത്രകള്‍ സംഘടിപ്പിച്ചത് ഈയൊരു ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ്. 

    സംസ്ഥാനതലത്തിലെ രണ്ട് ജനചേതനയാത്രകള്‍ക്ക് മുന്നോടിയായി നേതൃസമിതി തലത്തില്‍ വിളംബരയാത്രകള്‍ സംഘടിപ്പിക്കുകയുണ്ടായി. പട്ടാന്നൂര്‍ നേതൃസമിതിയുടെ നേതൃത്വത്തിലുള്ള വിളംബര യാത്രക്ക് ഗ്രന്ഥശാല പ്രവര്‍ത്തകരായ ശ്രീ ആനന്ദ ബാബു, ശ്രീ മുകുന്ദന്‍, ശ്രീ ചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി. 2022 ഡിസംബര്‍ 17 ന് വൈകുന്നേരം 6 മണിക്ക് വാണീവിലാസം ഗ്രന്ഥാലയ പരിസരത്ത് വെച്ച് ജാഥക്ക് സ്വീകരണം നല്‍കി. താലൂക്ക് കൗണ്‍സിലര്‍  ശ്രീ കെ ലക്ഷ്മണന്‍ മാസ്റ്റര്‍ പുസ്തകം നല്‍കി സ്വീകരിച്ചു. ഗ്രന്ഥാലയം സിക്രട്ടറി ശ്രീ. സജിത്ത് കുമാര്‍ സ്വാഗതഭാഷണം നടത്തി. ശ്രീ.സി ചന്ദ്രന്‍ മാസ്റ്റര്‍, ശ്രീ പി വി ആനന്ദബാബു എന്നിവര്‍ ജാഥയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദീകരിച്ചു. ഗ്രന്ഥാലയം ജോ. സിക്രട്ടറി ശ്രീ ജിതിന്‍ ചടങ്ങിന് നന്ദി പറഞ്ഞു. ഡിസംബര്‍ 24 ന് തലശ്ശേരി പുതിയ ബസ് സ്റ്റാന്റില്‍ വെച്ച് നടക്കുന്ന താലൂക്ക് തല സ്വീകരണത്തില്‍ പരമാവധി പേരെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 




Wednesday, November 23, 2022

ലഹരി വിരുദ്ധ മാജിക്കും ടെലിവിഷന്‍ ഏറ്റുവാങ്ങലും

    ലഹരിയെന്നത് സമൂഹത്തെ കാര്‍ന്നുതിന്നുന്ന വിപത്താണെന്ന സത്യം ബോധ്യപ്പെടുത്താനും അതിനെതിരെ ശക്തമായ ജനകീയ പ്രതിരോധം തീര്‍ക്കുന്നതിനുമായി സര്‍ക്കാര്‍ വിവിധ തലങ്ങളില്‍ ലഹരി വിരുദ്ധ ക്യാമ്പെയിനുകള്‍ നടപ്പിലാക്കി വരികയാണ്. ഗാന്ധിജയന്തി ദിനത്തില്‍ തുടക്കം കുറിച്ച ലഹരിവിരുദ്ധ ക്യാമ്പെയിനിന് ലൈബ്രറി കൗണ്‍സിലും ഭാഗമാവുകയാണ്. എല്ലാ അംഗ ഗ്രന്ഥാലയങ്ങളോടും പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും ആഹ്വാനം ചെയ്തിരുന്നു. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് വാണീവിലാസം ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ 2022 നവംബര്‍ 19 ശനിയാഴ്ച ലഹരി വിരുദ്ധ മാജിക്കും ബോധവല്‍ക്കരണ ക്ലാസും നടത്താന്‍ തീരുമാനിച്ചത്. 
        കൊടോളിപ്രം എന്ന ഗ്രാമത്തിന്റെ വികസനപ്രവര്‍ത്തനങ്ങളോടൊപ്പം സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം വഹിച്ച പ്രിയ്യപ്പെട്ട ശ്രീമതി ദേവി ടീച്ചറുടെ സ്മരണക്കായി ഗ്രന്ഥാലയത്തിന് കുടുംബാംഗങ്ങള്‍ നല്‍കുന്ന ടെലിവിഷന്റെ ഏറ്റുവാങ്ങലും അന്നേദിവസം നടന്നു.
      ഗ്രന്ഥാലയം സിക്രട്ടറി ശ്രീ സജിത്ത് കുമാറിന്റെ സ്വാഗതഭാഷണത്തോടെ ആരംഭിച്ച യോഗത്തില്‍ ഗ്രന്ഥാലയം പ്രസിഡണ്ട് ശ്രീ പി വി ദിവാകരന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. കൂടാളി ഗ്രാമപഞ്ചായത്തംഗം ശ്രീ കെ ഇ രമേശ് കുമാര്‍ ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ഗ്രന്ഥാലയത്തിന് വേണ്ടി ടെലിവിഷന്‍ ഏറ്റുവാങ്ങുകയും ചെയ്തു. ശ്രീമതി ദേവി ടീച്ചറുടെ മകനും ഓയിസ്കയുടെയും ഗാന്ധിയന്‍ മൂവ്മെന്റുകളുടെ സജീവ പ്രവര്‍ത്തകനുമായ ശ്രീ പി സതീഷ് കുമാര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. ശ്രീ. കെ ലക്ഷ്മണന്‍ മാസ്റ്റര്‍ ആശംസകള്‍ അറിയച്ചതോടൊപ്പം ലഹരി വിരുദ്ധ മാജിക്ക് ബോധവല്‍ക്കരണ ക്ലാസ് നയിച്ച ദേശീയ സംസ്ഥാന അവാര്‍ഡ് ജേതാവും മുന്‍ അധ്യാപകനുമായ ശ്രീ. കെ വി ശശിധരന്‍ മാസ്റ്ററെ പരിചയപ്പെടുത്തുകയും ചെയ്തു. 





   ലൈബ്രറി കൗണ്‍സില്‍ പഞ്ചായത്ത് നേതൃസമിതി കണ്‍വീനര്‍ ശ്രീ പി വി ആനന്ദബാബുവും ഗ്രന്ഥാലയം പ്രസിഡണ്ട് ശ്രീ പി വി ദിവാകരന്‍ മാസ്റ്ററും ചേര്‍ന്ന്  മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു. 





 തുടര്‍ന്ന് ശ്രീ. ശശിധരന്‍ മാസ്റ്ററുടെ മാജിക്കായിരുന്നു. മെഴുകുതിരിയെ പൂവാക്കി മാറ്റിയും മദ്യത്തിന്റെ അളവ് പകരുന്ന പാത്രത്തിന് അനുസരിച്ച് വര്‍ദ്ധിപ്പിച്ചതും കഴുത്തിലൂടെ വാള്‍ കുത്തിക്കയറ്റിയതും കുഞ്ഞുപാത്രത്തില്‍ നിന്ന് അനവധി കുപ്പികളെടുത്തതും എല്ലാമെല്ലാം വിസ്മയകരമായ കാഴ്ചകളായിരുന്നു. കാഴ്ചകളോടൊപ്പം ലഹരി എന്ന വിപത്തിനെ, അതിന്റെ ദൂഷ്യവശങ്ങളെ, അതിനെ തടയേണ്ടതിന്റെ ആവശ്യകതയെ എല്ലാം സ്പര്‍ശിച്ചുകൊണ്ടുള്ള ക്ലാസും. രണ്ടും ആവേശകരമായിരുന്നു. പുകവലി ശ്വാസകോശത്തെ ചീത്തയാക്കുന്ന പരീക്ഷണം കൗതുകകരമായിരുന്നു. ആരെല്ലാം എങ്ങിനെയെല്ലാം നിര്‍ബന്ധിച്ചാലും ഇവയില്‍ നിന്നെല്ലാം അകലം പാലിക്കേണ്ടതിന്റെ പ്രധാന്യവും മാഷ് കാണിച്ചു തന്നു. മാജിക്കിലെ ചില രഹസ്യങ്ങള്‍- അക്ഷയപാത്രവും ആള്‍ദൈവങ്ങളുടെ തട്ടിപ്പുകളും കൂടി അനാവരണം ചെയ്ത മാജിക്ക് ഏറെ ഹൃദ്യമായിരുന്നു. 





ഗ്രന്ഥാലയം വനിതാ ലൈബ്രേറിയന്‍ ശ്രീമതി നിഷയുടെ നന്ദി പ്രകടനത്തോടെ ചടങ്ങ് അവസാനിച്ചു.


 ശിരസ്സുയര്‍ത്തി, ശിരുസ്സുയര്‍ത്തിപ്പറയുക 

 

 ലഹരിക്കടിപ്പെടുകയില്ലൊരുനാളും നാം    

ചാന്ദ്രവിജയദിനാഘോഷം2026

     മനുഷ്യന്റെ , ശാസ്ത്രത്തിന്റെ ഐതിഹാസികമായ വിജയങ്ങളിലൊന്നായിരുന്നു 1969 ജൂലൈ 21 ന് അമ്പിളിമാമനില്‍ കാല്‍പതിപ്പിക്കാനായത് . 1963 നവംബര്‍ 2...