അവധിക്കാലത്ത് വായനാവസന്തം തീര്‍ക്കാന്‍ ഗ്രന്ഥാലയം ഒരുങ്ങി. ഇഷ്ട പുസ്തകങ്ങള്‍ വായിക്കാന്‍ വായനശാല സന്ദര്‍ശിക്കുക. വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെ. .. ..

Monday, July 10, 2023

വായനാപക്ഷാചരണ സമാപനവും വിജയികള്‍ക്കുള്ള അനുമോദനവും ഐ വി ദാസ് അനുസ്മരണവും

 

    കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പി.എന്‍. പണിക്കരുടെ ചരമദിനമാണ്‌ വായനാദിനമായി തിരഞ്ഞെടുത്തിട്ടുളുത്‌. 'വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക' എന്ന ആഹ്വാനവുമായി കേരളത്തിലുടനീളം സഞ്ചരിച്ച്‌ ഇന്ന്‌ കാണുന്ന ഗ്രന്ഥശാല പ്രസ്ഥാനത്തിന്‌ അദ്ദേഹം വളക്കൂറുണ്ടാക്കി. 1926- ല്‍ തന്റെ ജന്മനാടായ നീലമ്പേരൂരില്‍ സനാതനധര്‍മ്മ ഗ്രന്ഥശാല സ്ഥാപിച്ച്‌ അദ്ദേഹം നടത്തിയ വായനയാത്രയുടെ ഫലമായാണ്‌ കേരള ഗ്രന്ഥശാലസംഘം രൂപംകൊണ്ടത്‌. ഗ്രന്ഥശാലയില്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന്‌ ആഗ്രഹിച്ച അദ്ദേഹം അതിനായി പ്രവര്‍ത്തിച്ചു. കേന്ദ്രീകൃത സംവിധാനമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന സംസ്ഥാനത്തെ ആയിരക്കണക്കിന്‌ ഗ്രന്ഥശാലകളെ കേരള ഗ്രന്ഥശാല സംഘത്തിന്‌ കീഴില്‍ കൊണ്ടുവരാനും അദ്ദേഹത്തിന്‌ സാധിച്ചു. അതുകൊണ്ടുതന്നെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നായകന്‍ എന്ന പേരിലാണ്‌ പി.എന്‍. പണിക്കര്‍ അറിയകെടുന്നത്‌. അദ്ദേഹത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഫലമായിട്ടാണ്‌ കേരള പബ്ലിക്‌ ലൈബ്രറീസ്‌ ആക്റ്റ്‌ (1989) ഗവണ്‍മെന്റ്‌ പാസാക്കിയത്‌.

    ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ തുടര്‍ച്ചയായി കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നിലവില്‍ വന്നപ്പോള്‍ ആദ്യത്തെ സിക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് ശ്രീ ഐ വി ദാസാണ്. ഇല്ലത്ത് വയക്കര വീട്ടിൽ ഭുവനദാസ് എന്നായിരുന്നു മുഴുവന്‍ പേര്. 1932 ജൂലൈ ഏഴിന് ജനിച്ച അദ്ദേഹം ദീര്‍ഘകാലം മൊകേരി യുപി സ്‌കൂൾ അധ്യാപകനായിരുന്നു. വിനയപൂർണമായ പെരുമാറ്റത്തിന്റെയും ലളിതജീവിതത്തിന്റെയും പ്രതീകമായിരുന്ന ദാസൻ മാഷ് കക്ഷി രാഷ്ട്രീയഭേദമെന്യേ സംസ്ഥാനത്തുടനീളം വലിയൊരു സുഹൃദ്‌വലയത്തിനും ഉടമയായി. അരനൂറ്റാണ്ടുകാലം ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ പ്രവർത്തിച്ചു. 

    ഈ വര്‍ഷത്തെ വായനാപക്ഷാചരണം ശ്രീ പി എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 ന് ആരംഭിച്ച് ശ്രീ ഐ വി ദാസ് മാഷുടെ ജന്മദിനമായ ജൂലൈ 7 ന് പര്യവസാനിക്കുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരുന്നത്. വായനാപക്ഷാചരണത്തിന്റെ ഭാഗമായി ഗ്രന്ഥാലയത്തില്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. വിവിധ ദിവസങ്ങളിലായി വായനാ മത്സരം, വായനാക്വിസ്, പത്രവാര്‍ത്താ ക്വിസ്, എന്റെ പ്രിയ പുസ്തകം, കൈയെഴുത്ത് മത്സരം, പുസ്തക പ്രദര്‍ശനം തുടങ്ങിയവ നടന്നു.

    വായനാപക്ഷാചരണത്തിന്റെ സമാപനം, മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ എസ് എസ് എല്‍ സി, പ്ലസ് ടു വിജയികള്‍ക്കുള്ള അനുമോദനം, ഐ വി ദാസ് അനുസ്മരണം, സമ്മാനദാനം എന്നിവ ജൂലൈ 9 ന് വൈകിട്ട് ഗ്രന്ഥശാലയില്‍ നടന്നു. 

    ചടങ്ങില്‍ ഗ്രന്ഥാലയം സിക്രട്ടറി ശ്രീ വി കെ സജിത്ത് കുമാര്‍ സ്വാഗതഭാഷണം നടത്തി. താലൂക്ക് കൗണ്‍സിലര്‍ ശ്രീ കെ ലക്ഷ്മണന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. കൂടാളി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി പി സി ശ്രീകല ടീച്ചര്‍ ഉദ്ഘാടനവും അനുമോദനവും നിര്‍വ്വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ശ്രീ കെ എം കരുണാകരന്‍ ഐ വി ദാസ് അനുസ്മരണം നടത്തി. വിജയികള്‍ക്കുള്ള സമ്മാനവിതരണവും അദ്ദേഹം നിര്‍വ്വഹിച്ചു. പങ്കെടുത്ത എല്ലാവര്‍ക്കും മധുരം നല്‍കിയതിന് ശേഷം ഗ്രന്ഥാലയം ജോ. സിക്രട്ടറി ശ്രീ ജിതിന്‍ സി യുടെ നന്ദി പ്രകാശനത്തോടെ പ്രവര്‍ത്തനങ്ങള്‍ സമാപിച്ചു.













































Sunday, June 25, 2023

വായനാപക്ഷാചരണം 2023

 

    വായിച്ചുവളരാനും ചിന്തിച്ചു വിവേകം നേടാനും മലയാളികളെ പഠിപ്പിച്ച ശ്രീ പി എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 മുതല്‍ രണ്ടാഴ്ചക്കാലം വായനാപക്ഷമായി ആലോചിക്കുകയാണ്. വായനയിലൂടെയാണ് നാം പുസ്തകങ്ങളിലേക്കിറങ്ങുന്നത്. പുസ്തക വായന നമുക്ക് പുതിയ ലോകം കാണിച്ചു തരുന്നു. അറിയാത്ത ദേശങ്ങളും കാഴ്ചകളും അനുഭവിപ്പിച്ചു തരുന്നു. പലമാതിരി മനുഷ്യരെ പരിചയപ്പെടുത്തുന്നു. നമ്മള്‍ ആരാണ് എന്നും എന്താണ് എന്നുമുള്ള തിരിച്ചറിവ് തരുന്നു. ഈ കൊച്ചുഗോളത്തില്‍ വിനയമുള്ളവരായി നമ്മെ മാറ്റുന്നു. പ്രസിദ്ധ സാഹിത്യകാരനായ ചാള്‍സ് എലിയറ്റ് പുസ്തകങ്ങളെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്.

    "പുസ്തകങ്ങള്‍ ശാന്തരും, എന്നും കൂടെ നിൽക്കുന്നതുമായ നല്ല സുഹൃത്തുക്കളാണ്‌, എപ്പോള്‍ വേണമെങ്കിലും സമീപിക്കാവുന്ന ബുദ്ധിയുള്ള ഉപദേശകരും, ക്ഷമാശീലമുള്ള അദ്ധ്യാപകരുമാണ്‌."

 'പട്ടിണിയായ മനുഷ്യാ നീ 

പുസ്തകം  കൈയിലെടുത്തോളൂ...

പുത്തനൊരായുധമാണ്‌ നിനക്കത്‌ 

പുസ്തകം കൈയിലെടുത്തോളൂ....' 

    എന്ന്‌  നമ്മോട് ആഹ്വാനം ചെയ്തത് ജര്‍മന്‍ നാടകകൃത്തായ ബെർടോൾഡ് ബ്രഹ്ത് തന്റെ 'അമ്മ'    എന്ന നാടകത്തിലൂടെയാണ്. ആയുധമായി പുസ്തകത്തെ മാറ്റി കേരളീയ നവോത്ഥാനത്തിന് കരുത്ത് പകര്‍ന്ന ശ്രീ പുതുവായില്‍ നാരായണപ്പണിക്കര്‍ എന്ന പി എന്‍ പണിക്കരുടെ ചരമദിനമാണ് കേരളത്തിലും ഇന്ത്യയിലും വായനാദിനമായി ആചരിക്കുന്നത്. ‘നമ്മുടെ നാടിനെ ജ്ഞാന പ്രകാശത്തിലേക്ക് നയിച്ച സൂപ്പര്‍ വൈസ് ചാന്‍സലര്‍’ എന്നാണ് സുകുമാര്‍ അഴീക്കോട് പി എന്‍ പണിക്കറിനെ വിശേഷിപ്പിച്ചത്. ഗ്രന്ഥശാലാ സംഘവും സാക്ഷരതാ യജ്ഞവും കേരള സമൂഹത്തില്‍ സൃഷ്ടിച്ച നവോത്ഥാനത്തിന്റെ അമരക്കാരനായിരുന്നു പിഎന്‍ പണിക്കര്‍. സനാതനധര്‍മം എന്നപേരില്‍ ആരംഭിച്ച ചെറിയ വായനശാലയായിരുന്നു തുടക്കം. അന്ന് തുറന്ന വായനയുടെ ലോകമാണ് ഇന്ന് കേരളത്തില്‍ ആകെ പടര്‍ന്ന് കിടക്കുന്ന ഗ്രന്ഥശാലകള്‍ക്ക് അടിസ്ഥാനമായത്.

 നല്ല വായന, നല്ല വിജ്ഞാനം, നല്ല സംസ്കാരം എന്ന മുദ്രാവാക്യവുമായി ഇത്തവണത്തെ വായനാപക്ഷാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം ജൂണ്‍ 18 ന് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ വെച്ച അനൗപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടിരുന്നു. അനുബന്ധ പരിപാടികളില്‍ ആദ്യത്തേതായ വായനാ ക്വിസ് മത്സരം ഇന്ന് ഗ്രന്ഥശാലയില്‍ വെച്ച് നടന്നു.



        ഗ്രന്ഥാലയം സിക്രട്ടറി ശ്രീ. സജിത്ത് കുമാര്‍ സ്വാഗതമാശംസിച്ചു. താലൂക്ക് കൗണ്‍സിലര്‍ ശ്രീ കെ ലക്ഷ്മണന്‍ മാസ്റ്റര്‍ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. തുടര്‍ന്ന് ശ്രീ സജിത്ത് കുമാര്‍ ക്വിസ് മാസ്റ്ററായും ശ്രീ രജീഷ് കുമാര്‍ സ്കോററായും പ്രവര്‍ത്തിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു. ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചു. ശ്രീ രജീഷ് മാഷുടെ നന്ദി പ്രകാശനത്തോടെ മത്സരപരിപാടികള്‍ അവസാനിച്ചു. 

വിജയികള്‍


എല്‍ പി


യു പി


എച്ച് എസ്


പൊതു വിഭാഗം








സന്ദര്‍ശനങ്ങള്‍

     ഗ്രാമീണ സര്‍വ്വകലാശാലകളാണ് ഓരോ ഗ്രന്ഥാലയവും. വിജ്ഞാനദാഹിയായ ഓരോരുത്തരും ആദ്യം എത്തിച്ചേരേണ്ട സ്ഥലം. നാടെങ്ങും വായനാദിനാനുബന്ധ പരിപാടികള്‍ നടക്കുന്നു. രണ്ടാഴ്ചക്കാലത്തൊതുങ്ങാതെ വര്‍ഷം മുഴുവന്‍ വായനാ പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്ന പ്രത്യാശ സഫലമാകുമെന്ന വിശ്വാസത്തെ ഊട്ടി ഉറപ്പിച്ചുകൊണ്ടാണ് മേറ്റടി എല്‍ പി സ്കൂളിലെ കുട്ടികള്‍ അവരുടെ ഹെഡ്മാസ്റ്റര്‍ ശ്രീ ജയചന്ദ്രന്‍ മാഷുടെയും നാട്ടുകാരിയായ ടീച്ചര്‍ ശ്രീമതി കൃപയുടെയും നേതൃത്വത്തില്‍ ജൂണ്‍ 23 ന് ഗ്രന്ഥാലയം സന്ദര്‍ശിച്ചത്. 

    മുതിര്‍ന്ന ഗ്രന്ഥശാലാ പ്രവര്‍ത്തകനും താലൂക്ക് കൗണ്‍സിലറുമായ ശ്രീ കെ ലക്ഷ്മണന്‍ മാസ്റ്ററും വനിതാ ലൈബ്രേറിയന്‍ ശ്രീമതി നിഷയും ചേര്‍ന്ന് അവരെ സ്വീകരിച്ചു. ഗ്രന്ഥാലയത്തിന്റെ സവിശേഷതകള്‍ പറഞ്ഞുകൊടുത്തും പതിമൂന്നായിരത്തിലധികമുള്ള പുസ്തക ശേഖരം ക്രമപ്പെടുത്തിയത് പറഞ്ഞും അവരുടെ കുഞ്ഞ് സംശയങ്ങള്‍ക്കെല്ലാമുള്ള മറുപടികള്‍ നല്‍കിയും ഗ്രന്ഥാലയങ്ങള്‍ സന്ദര്‍ശനയിടങ്ങളാണെന്ന് അടിവരയിട്ട് ഉറപ്പിച്ചും യാത്ര നവ്യാനുബഴമാക്കി. ഗ്രന്ഥാലയത്തെ സന്ദര്‍ശനത്തിനായി തെരഞ്ഞെടുത്ത മേറ്റടി എല്‍ പി സ്കൂളിലെ അധ്യാപകരെ അഭിനന്ദിക്കുന്നു.




ചാന്ദ്രവിജയദിനാഘോഷം2026

     മനുഷ്യന്റെ , ശാസ്ത്രത്തിന്റെ ഐതിഹാസികമായ വിജയങ്ങളിലൊന്നായിരുന്നു 1969 ജൂലൈ 21 ന് അമ്പിളിമാമനില്‍ കാല്‍പതിപ്പിക്കാനായത് . 1963 നവംബര്‍ 2...