അവധിക്കാലത്ത് വായനാവസന്തം തീര്‍ക്കാന്‍ ഗ്രന്ഥാലയം ഒരുങ്ങി. ഇഷ്ട പുസ്തകങ്ങള്‍ വായിക്കാന്‍ വായനശാല സന്ദര്‍ശിക്കുക. വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെ. .. ..

Monday, July 10, 2023

വായനാപക്ഷാചരണ സമാപനവും വിജയികള്‍ക്കുള്ള അനുമോദനവും ഐ വി ദാസ് അനുസ്മരണവും

 

    കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പി.എന്‍. പണിക്കരുടെ ചരമദിനമാണ്‌ വായനാദിനമായി തിരഞ്ഞെടുത്തിട്ടുളുത്‌. 'വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക' എന്ന ആഹ്വാനവുമായി കേരളത്തിലുടനീളം സഞ്ചരിച്ച്‌ ഇന്ന്‌ കാണുന്ന ഗ്രന്ഥശാല പ്രസ്ഥാനത്തിന്‌ അദ്ദേഹം വളക്കൂറുണ്ടാക്കി. 1926- ല്‍ തന്റെ ജന്മനാടായ നീലമ്പേരൂരില്‍ സനാതനധര്‍മ്മ ഗ്രന്ഥശാല സ്ഥാപിച്ച്‌ അദ്ദേഹം നടത്തിയ വായനയാത്രയുടെ ഫലമായാണ്‌ കേരള ഗ്രന്ഥശാലസംഘം രൂപംകൊണ്ടത്‌. ഗ്രന്ഥശാലയില്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന്‌ ആഗ്രഹിച്ച അദ്ദേഹം അതിനായി പ്രവര്‍ത്തിച്ചു. കേന്ദ്രീകൃത സംവിധാനമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന സംസ്ഥാനത്തെ ആയിരക്കണക്കിന്‌ ഗ്രന്ഥശാലകളെ കേരള ഗ്രന്ഥശാല സംഘത്തിന്‌ കീഴില്‍ കൊണ്ടുവരാനും അദ്ദേഹത്തിന്‌ സാധിച്ചു. അതുകൊണ്ടുതന്നെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നായകന്‍ എന്ന പേരിലാണ്‌ പി.എന്‍. പണിക്കര്‍ അറിയകെടുന്നത്‌. അദ്ദേഹത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഫലമായിട്ടാണ്‌ കേരള പബ്ലിക്‌ ലൈബ്രറീസ്‌ ആക്റ്റ്‌ (1989) ഗവണ്‍മെന്റ്‌ പാസാക്കിയത്‌.

    ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ തുടര്‍ച്ചയായി കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നിലവില്‍ വന്നപ്പോള്‍ ആദ്യത്തെ സിക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് ശ്രീ ഐ വി ദാസാണ്. ഇല്ലത്ത് വയക്കര വീട്ടിൽ ഭുവനദാസ് എന്നായിരുന്നു മുഴുവന്‍ പേര്. 1932 ജൂലൈ ഏഴിന് ജനിച്ച അദ്ദേഹം ദീര്‍ഘകാലം മൊകേരി യുപി സ്‌കൂൾ അധ്യാപകനായിരുന്നു. വിനയപൂർണമായ പെരുമാറ്റത്തിന്റെയും ലളിതജീവിതത്തിന്റെയും പ്രതീകമായിരുന്ന ദാസൻ മാഷ് കക്ഷി രാഷ്ട്രീയഭേദമെന്യേ സംസ്ഥാനത്തുടനീളം വലിയൊരു സുഹൃദ്‌വലയത്തിനും ഉടമയായി. അരനൂറ്റാണ്ടുകാലം ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ പ്രവർത്തിച്ചു. 

    ഈ വര്‍ഷത്തെ വായനാപക്ഷാചരണം ശ്രീ പി എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 ന് ആരംഭിച്ച് ശ്രീ ഐ വി ദാസ് മാഷുടെ ജന്മദിനമായ ജൂലൈ 7 ന് പര്യവസാനിക്കുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരുന്നത്. വായനാപക്ഷാചരണത്തിന്റെ ഭാഗമായി ഗ്രന്ഥാലയത്തില്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. വിവിധ ദിവസങ്ങളിലായി വായനാ മത്സരം, വായനാക്വിസ്, പത്രവാര്‍ത്താ ക്വിസ്, എന്റെ പ്രിയ പുസ്തകം, കൈയെഴുത്ത് മത്സരം, പുസ്തക പ്രദര്‍ശനം തുടങ്ങിയവ നടന്നു.

    വായനാപക്ഷാചരണത്തിന്റെ സമാപനം, മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ എസ് എസ് എല്‍ സി, പ്ലസ് ടു വിജയികള്‍ക്കുള്ള അനുമോദനം, ഐ വി ദാസ് അനുസ്മരണം, സമ്മാനദാനം എന്നിവ ജൂലൈ 9 ന് വൈകിട്ട് ഗ്രന്ഥശാലയില്‍ നടന്നു. 

    ചടങ്ങില്‍ ഗ്രന്ഥാലയം സിക്രട്ടറി ശ്രീ വി കെ സജിത്ത് കുമാര്‍ സ്വാഗതഭാഷണം നടത്തി. താലൂക്ക് കൗണ്‍സിലര്‍ ശ്രീ കെ ലക്ഷ്മണന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. കൂടാളി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി പി സി ശ്രീകല ടീച്ചര്‍ ഉദ്ഘാടനവും അനുമോദനവും നിര്‍വ്വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ശ്രീ കെ എം കരുണാകരന്‍ ഐ വി ദാസ് അനുസ്മരണം നടത്തി. വിജയികള്‍ക്കുള്ള സമ്മാനവിതരണവും അദ്ദേഹം നിര്‍വ്വഹിച്ചു. പങ്കെടുത്ത എല്ലാവര്‍ക്കും മധുരം നല്‍കിയതിന് ശേഷം ഗ്രന്ഥാലയം ജോ. സിക്രട്ടറി ശ്രീ ജിതിന്‍ സി യുടെ നന്ദി പ്രകാശനത്തോടെ പ്രവര്‍ത്തനങ്ങള്‍ സമാപിച്ചു.













































No comments:

Post a Comment