ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും രംഗത്ത് മനുഷ്യന്റെ സമര്‍പ്പിത അദ്ധ്വാനത്തിന്റെ പ്രതീകങ്ങളായിരുന്നു എല്ലാ ചാന്ദ്രപര്യവേഷണ ദൗത്യങ്ങളും. മൂന്നര ലക്ഷത്തിലധികം മനുഷ്യരാണ് അപ്പോളോ യാത്രകൾക്കായി കഠിനാദ്ധ്വാനം ചെയ്തത്. മനുഷ്യരാശിയുടെ പുരോഗതിയിൽ ഈ ദൗത്യങ്ങള്‍ വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അതിനാൽ ഓരോ ചാന്ദ്ര ദൗത്യവും എന്നും മാനവരാശിക്ക് അഭിമാനിക്കാനുള്ളതാണ്.
1969 ജൂലൈ 21 ന് അമേരിക്കയുടെ അപ്പോളോ 11 ലൂടെ മനുഷ്യര്‍ ആദ്യമയി ചന്ദ്രനില്‍ കാല്‍പതിപ്പിച്ചു. ആ സ്വപ്നത്തിന് പക്ഷെ മനുഷ്യരാശിുടെ ഉദയം മുതലുള്ള ചരിത്രമുണ്ടായിരിക്കും.ബഹിരാകാശത്തേക്കുള്ള ആദ്യയാത്ര സ്പുട്നിക് 1 ലൂടെ സോവിയറ്റ് യൂണിയന്‍ തുടക്കിവെച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള കിടമത്സരത്തിന്റെ വേദിയായി ബഹിരാകാശം മാറി. ആദ്യമനുഷ്യനെ- യൂറിഗഗാറിനെ ബഹിരാകാശത്തെത്തിച്ച് സോവിയറ്റ് യൂണിയന്‍ മുന്‍തൂക്കം നേടിയത് അമേരിക്കക്ക് ഉള്‍ക്കൊള്ളാനായില്ല. മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള അപ്പോളോ പദ്ധതി ആരംഭിക്കുന്നത് അങ്ങനെയാണ്. അപ്പോളോ പദ്ധതിയിലെ എട്ടാം ദൗത്യത്തിലൂടെ ചന്ദ്രനെ വലംവെക്കാവുന്ന പേടകം സാധ്യമായി. ഒമ്പതിലും പത്തിലും വിജയം നേടിയതോടെ മനുഷ്യനെ ചന്ദ്രനിലറക്കാനുള്ള പദ്ധതിക്ക് അരങ്ങൊരുങ്ങി. 1969 ജൂലൈ 16-ന്, ‘അപ്പോളോ-11’ എന്ന പേടകത്തിൽ മൂന്നു യാത്രക്കാരുമായി സാറ്റേൺ-5 റോക്കറ്റ് കുതിച്ചുയർന്നു. അമേരിക്കക്കാരായ മൂന്നു ‘അസ്ട്രോനോട്ടുകൾ’ – നീൽ ആംസ്ട്രോങ്ങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കിൾ കോളിൻസ്.
അപ്പോളോ 11 റോക്കറ്റ് ചന്ദ്രനിലേക്കുള്ള പാതയിൽ പേടകത്തെ എത്തിച്ചു. റോക്കറ്റിൽ നിന്നും വേർപെട്ട്, പേടകം നാലുലക്ഷം കിലോമീറ്റര്‍ ദൂരത്തുള്ള ചന്ദ്രനിലേക്ക് സഞ്ചാരം തുടങ്ങി. മൂന്നു ദിവസത്തെ യാത്രയ്ക്കു ശേഷം, ജൂലൈ 20-ന് അന്താരാഷ്ട്ര സമയം രാത്രി എട്ടു മണികഴിഞ്ഞു 17 മിനിറ്റിൽ (ഇന്ത്യയിൽ ജൂലൈ 21 രാത്രി 1.47) ഈഗിൾ ചന്ദ്രനിൽ സുരക്ഷിതമായി ഇറങ്ങി. പിന്നെയും ആറര മണിക്കൂർ കഴിഞ്ഞ്, എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി, പേടകത്തിന്റെ വാതിൽ തുറന്നു നീൽ ആംസ്ട്രോങ്ങ് വെളിയിൽ ഇറങ്ങി ചന്ദ്രനിൽ കാലുകുത്തിയപ്പോൾ – ലോകമെങ്ങും ലക്ഷക്കണക്കിനാളുകൾ ടെലിവിഷനിലൂടെ ആ ചരിത്രസംഭവം കണ്ടു. “ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു ചെറിയ കാൽവെപ്പ്. പക്ഷേ, മനുഷ്യരാശിക്കോ, ഒരു വൻകുതിപ്പും.” – എന്നാണ് ആംസ്ട്രോങ്ങ് അതേപ്പറ്റി പറഞ്ഞത്. പത്തൊൻപതു മിനിട്ടു കഴിഞ്ഞ് ആൽഡ്രിനും നിലത്തിറങ്ങി. മൂന്നു ദിവസം നീണ്ട സഞ്ചാരം കഴിഞ്ഞു ജൂലൈ 24-ന് പേടകം ശാന്ത സമുദ്രത്തിൽ സുരക്ഷിതമായി തിരിച്ചിറങ്ങി.
പിന്നെയും 9പേര്‍ചന്ദ്രനിലിറങ്ങിയെങ്കിലും ആദ്യയാത്രയുടെ ത്രസിപ്പിക്കുന്ന അനുഭവമൊന്നും പിന്നീട് ഉണ്ടായില്ല. ഭാരിച്ച ചെലവുകള്‍ കാരണം മനുഷ്യരുടെ ചന്ദ്രനിലേക്കുള്ള യാത്ര 1972 ഓടെ നാസ താല്ക്കാലികമായി നിര്‍ത്തിവെച്ചു. 2026 ല്‍ അമേരിക്ക ആര്‍ട്ടിമിസ് ദൗത്യത്തിലൂടെ വീണ്ടും ചന്ദ്രനിലേക്ക് മനുഷ്യരെ എത്തിക്കാനുള്ള ശ്രമത്തിലാണ്. ഗോളാന്തരയാത്രകളില്‍ ചന്ദ്രന്‍ ബഹിരാകാശയാത്രകള്‍ക്കുള്ള ഹബ്ബാവുന്ന കാര്യം വിദൂരത്തിലല്ല തന്നെ.
ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് ഗ്രന്ഥാലയത്തില്‍ സംഘടിപ്പിച്ചത്. ക്വിസ് മത്സരങ്ങള്‍. ശുഭാംശുവിന് കത്തെഴുതല്‍, അമ്പിളിപ്പാട്ടുകള്‍. ചുമര്‍പത്രികകളുടെയും പാനലുകളുടെയും പ്രദര്‍ശനം, ഡോക്യുമെന്ററി പ്രദര്‍ശനം തുടങ്ങിയവ നടന്നു.
No comments:
Post a Comment