അവധിക്കാലത്ത് വായനാവസന്തം തീര്‍ക്കാന്‍ ഗ്രന്ഥാലയം ഒരുങ്ങി. ഇഷ്ട പുസ്തകങ്ങള്‍ വായിക്കാന്‍ വായനശാല സന്ദര്‍ശിക്കുക. വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെ. .. ..

Monday, July 24, 2023

ചാന്ദ്രവിജയദിനാഘോഷവും ബാലവേദി സംഗമവും

 

    "എനിക്കിത് ചെറിയ കാല്‍വെപ്പ്, മാനവരശിക്കാവട്ടെ വലിയൊരു കുതിച്ചു ചാട്ടവും". നീല്‍ ആംസ്ട്രോങ്രിന്റെ വാക്കുകള്‍ 54 ആണ്ടുകള്‍ പൂര്‍ത്തിയാക്കുന്നു. മനുഷ്യനെ എന്നും വിസ്മയിപ്പിച്ച ആകാശഗോളമാണ് ചന്ദ്രന്‍. ശൈശവത്തില്‍ അമ്പിളിയെ മാമനായി കാണാത്തവരില്ല തന്നെ. ആ അമ്പിളിയെ കാല്‍ക്കീഴിലാക്കാനുള്ള നിരന്തരമായ ശ്രമങ്ങള്‍ ലക്ഷ്യം കണ്ടത് അമേരിക്കയുടെ ബഹിരാകാശ ഗവേഷണ സംഘടനയായ നാസയുടെ അപ്പോളോ ദൗത്യങ്ങളിലൂടെയാണ്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് ശേഷം നിലച്ചുുപോയ ചാന്ദ്രപര്യവേഷണങ്ങള്‍ ആര്‍ട്ടിമിസ് ദൗത്യങ്ങളിലൂടെ നാസ പുനരാരംഭിച്ചിരിക്കയാണ്. നമ്മുടെ ഇന്ത്യയും ചാന്ദ്രയാന്‍ പദ്ധതിയിലൂടെ ചാന്ദ്രപര്യവേഷണങ്ങളില്‍ സജീവമായിക്കൊണ്ടിരിക്കുന്നു. 2008 ലെ ചാന്ദ്രയാന്‍ 1, 2019 ല്‍ ചാന്ദ്രയാന്‍ 2 എന്നിവ വിക്ഷേപിച്ചു. 2023 ജൂലൈ 14 ന് വിക്ഷേപിച്ച ചാന്ദ്രയാന്‍ 3 ലക്ഷ്യം നേടുന്നതോടെ ബഹിരാകാശ ഗവേഷണരംഗത്ത് ഐ എസ് ആര്‍ ഒ യുടെ സ്ഥാനം അദ്വിതീയമാവുമെന്ന് നമുക്ക് ഉറപ്പിക്കാം. 

    ശാസ്ത്രത്തിന്റെ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോഴും ശാസ്ത്രബോധത്തിന് നിരക്കാത്ത പ്രവൃത്തികളും നമ്മുടെ രാജ്യത്ത് നടക്കുന്നുവെന്നത് അഭികാമ്യമല്ല തന്നെ. ചാന്ദ്രവിജയദിനങ്ങള്‍ ആഘോഷിക്കുന്നത് ശാസ്ത്രബോധത്തെക്കൂടി ഉറപ്പിക്കാനാണ്. വാണീവിലാസം ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ചാന്ദ്രവിജയദിനാഘോഷവും ബാലവേദി- വര്‍ണക്കൂടാരം സംഗമവും ജൂലായ് 23 ഞായറാഴ്ച 3.30 മുതല്‍ നടന്നു. ബാലവേദി പ്രവര്‍ത്തനങ്ങളാണ് ആദ്യമായി നടന്നത്. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ധാരാളം കളികള്‍ കളിക്കുകയും ചെയ്തു. ഗ്രന്ഥാലയത്തില്‍ സജ്ജീകരിച്ച ജ്യോതിശാസ്ത്ര പാനലുകളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ വായിച്ച് മനസ്സിലാക്കിയതിന് ശേഷം ക്വിസ് മത്സരം നടന്നു.യുവത പ്രതിനിധി ശ്രീ സുനില്‍കുമാര്‍ ബഹിരാകാശ ക്വിസ് നയിച്ചു.


      
 പൊതു സമ്മേളനത്തില്‍ ഗ്രന്ഥാലയം സിക്രട്ടറി ശ്രീ സജിത്ത് കുമാര്‍ സ്വാഗതമാശംസിച്ചു. ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് ശ്രീ കെ ബാലകൃഷ്ണന്‍ അധ്യക്ഷതവഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്തംഗം ശ്രീ കെ ഇ രമേശ് കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. താലൂക്ക് കൗണ്‍സിലര്‍ ശ്രീ കെ ലക്ഷ്മണന്‍ മാസ്റ്റര്‍, ബാലവേദി മെന്റര്‍ ശ്രീമതി നിഷ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ശ്രീ കെ ഇ രമേശ് കുമാര്‍ സമ്മാനവിതരണം നടത്തി. ജോ. സിക്രട്ടറി ശ്രീ ജിതിന്റെ നന്ദി പ്രകാശനത്തോടെ ചടങ്ങുകള്‍ക്ക് വിരാമമായി.








No comments:

Post a Comment