അവധിക്കാലത്ത് വായനാവസന്തം തീര്‍ക്കാന്‍ ഗ്രന്ഥാലയം ഒരുങ്ങി. ഇഷ്ട പുസ്തകങ്ങള്‍ വായിക്കാന്‍ വായനശാല സന്ദര്‍ശിക്കുക. വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെ. .. ..

Monday, October 3, 2022

ഗാന്ധിജയന്തി

 



        ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 153-ാം ജന്മദിനമാണ് ഇന്ന്. ഗാന്ധിജിയോടുള്ള ആദരസൂചകമായി ഐക്യരാഷ്ട്ര സഭ ഒക്ടോബര്‍ രണ്ടിന് അന്താരാഷ്ട്ര അഹിംസ ദിനമായി ആചരിക്കുന്നു.  ലോകത്തിന് മുന്നില്‍ അക്രമരാഹിത്യത്തിന്റേയും അഹിംസയുടേയും പുത്തന്‍ സമരമാര്‍ഗം വെട്ടി തുറന്ന ഗാന്ധിയെ എല്ലാവരും സ്‌നേഹത്തോടെ ബാപ്പുജി എന്നാണ് വിളിച്ചിരുന്നത്. 1869 ഒക്ടോബര്‍ 2 ന് ഗുജറാത്തിലെ പോര്‍ബന്തറിലാണ് ഗാന്ധിജിയുടെ ജനനം. മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്നാണ് യഥാര്‍ത്ഥ പേര്. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രത്തിലെ ഒന്നാമത്തെ സ്ഥാനമാണ് എപ്പോഴും ഗാന്ധിജിക്കുള്ളത്. വര്‍ണവിവേചനത്തിനെതിരായും ഹരിജന്‍ സേവനത്തിനുമായും മാറ്റിവെച്ചതായിരുന്നു ഗാന്ധിജിയുടെ ജീവിതം.
            ബ്രിട്ടീഷുകാരുടെ ലാത്തിക്കും തോക്കിനും മുന്നില്‍ സത്യാഗ്രഹത്തിന്റേയും സഹനത്തിന്റേയും പാത സ്വീകരിച്ച ഗാന്ധിക്ക് രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയാകാന്‍ അവസരം ലഭിച്ചെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു.
        ലോകമെമ്പാടുമുള്ള നിരവധി നേതാക്കള്‍ ഗാന്ധിയന്‍ മൂല്യങ്ങളില്‍ ആകൃഷ്ടരായിരുന്നു. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്, സ്റ്റീവ് ബികോ, നെല്‍സണ്‍ മണ്ടേല, ഓങ് സാന്‍ സൂചി എന്നിവര്‍ ഗാന്ധിയന്‍ ആശയങ്ങള്‍ പിന്തുടര്‍ന്ന ലോകനേതാക്കളില്‍ ചിലരാണ്.
        തന്റെ 13-ാമത്തെ വയസില്‍ കസ്തൂര്‍ബയെ ഗാന്ധി വിവാഹം കഴിച്ചു. ഇംഗ്ലണ്ടില്‍ നിന്ന് നിയമ പഠനം പൂര്‍ത്തിയാക്കിയ ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ എത്തിയതോടെയാണ് സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ താല്‍പര്യപ്പെടുന്നത്.
        ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ജ്വലിക്കുന്ന ഏടായ നിസഹകരണ പ്രസ്ഥാനം, നിയമലംഘന സമരം, ഉപ്പ് സത്യാഗ്രഹം, ക്വിറ്റ് ഇന്ത്യ സമരം, സ്വദേശി ഉല്‍പന്നങ്ങളുടെ പ്രചരണം തുടങ്ങിയവയുടെ മുന്‍നിരയില്‍ തന്നെ ഗാന്ധിജിക്ക് സ്ഥാനമുണ്ടായിരുന്നു.
        രാഷ്ട്രപിതാവ് എന്ന് ഗാന്ധിയെ ആദ്യമായി വിളിച്ചത് സുഭാഷ് ചന്ദ്ര ബോസ് ആയിരുന്നു. സ്വാതന്ത്ര്യം ലഭിച്ച് ഒരു വര്‍ഷം തികയുമ്പോഴേക്കും ഗാന്ധി കൊല്ലപ്പെടുകയായിരുന്നു. 1948 ജനുവരി 30-നായിരുന്നു ഗാന്ധിജിയുടെ അന്ത്യം. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന ഗാന്ധിജിയുടെ വാക്കുകള്‍ ലോകപ്രശസ്തമാണ്. 
ഓരോരുത്തരുടെയും ആവശ്യത്തിനുള്ളത് ഈ ഭൂമിയിലുണ്ട്, എന്നാല്‍ ആരുടെയും ആര്‍ത്തിക്കുള്ളതില്ല എന്ന മഹാത്മാവിന്റെ വാക്കുകള്‍ മാത്രം പ്രവര്‍ത്തികമാക്കിയാല്‍ ഈ ലോകം എത്ര സുന്ദരമായിത്തീരും എന്ന് മാത്രം ഓര്‍ത്തു നോക്കുക. ലളിതജീവിതവും ഉയര്‍ന്ന ചിന്തയും ലോകത്തിന് കാണിച്ചുകൊടുത്ത മഹാത്മാവിന്റെ പാത നമുക്കും പിന്തുടരാം.
    ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി രാവിലെ 9 മണിക്ക് ഗ്രന്ഥാലയത്തില്‍ പുഷ്പാര്‍ച്ചന നടന്നു. വൈകുന്നേരം കുട്ടികള്‍ക്കായി ക്വിസ് മത്സരവും, ഗാന്ധിജിയെ വരയ്ക്കല്‍, ലേഖനമത്സരങ്ങള്‍ എന്നിവ നടന്നു.



        ക്വിസ് മത്സര വിജയികള്‍   
            എല്‍ പി 
                    1. ലഹന്‍
                    2. സങ്കീര്‍ത്ത്
                                    യു പി
                                            1. ദിയ
                                            2. ആദികൃഷ്ണ
                                                            ഹൈസ്കൂള്‍
                                                                        1. ദയ വി വി
                                                                        2. വേണി



No comments:

Post a Comment