അവധിക്കാലത്ത് വായനാവസന്തം തീര്‍ക്കാന്‍ ഗ്രന്ഥാലയം ഒരുങ്ങി. ഇഷ്ട പുസ്തകങ്ങള്‍ വായിക്കാന്‍ വായനശാല സന്ദര്‍ശിക്കുക. വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെ. .. ..

Saturday, August 6, 2022

ചാന്ദ്രദിനാഘോഷം 2022

     മനുഷ്യന്‍ ആദ്യമായി ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയതിന്റെ വാര്‍ഷികത്തിന്റെ ഓര്‍മ്മയ്ക്കായാണ് അന്താരാഷ്ട്ര ചാന്ദ്രദിനം ആചരിക്കുന്നത്. 2021-ല്‍, ഐക്യരാഷ്ട്രസഭ (യുഎന്‍) 'ബഹിരാകാശത്തിന്റെ സമാധാനപരമായ ഉപയോഗങ്ങളില്‍ അന്താരാഷ്ട്ര സഹകരണം' എന്ന വിഷയത്തില്‍ ഒരു പ്രമേയം പാസാക്കി, ശാസ്ത്രത്തിന്റെ- മനുഷ്യബുദ്ധിയുടെ വിജയം ആഘോഷിക്കാന്‍ ഈ ദിനം ലോകമെമ്പാടും അന്താരാഷ്ട്ര ചാന്ദ്രദിനമായി ആഘോഷിക്കണമെന്ന് പ്രഖ്യാപിച്ചു. 

    1969 ജൂലൈ 20-ന് മിഷന്‍ കമാന്‍ഡറായിരുന്ന ആംസ്‌ട്രോങ്ങും ചാന്ദ്ര മൊഡ്യൂള്‍ പൈലറ്റായ ബസ് ആല്‍ഡ്രിനും ചേര്‍ന്ന് അപ്പോളോ ലൂണാര്‍ മോഡ്യൂള്‍ ഈഗിള്‍ ചന്ദ്രനില്‍ ഇറക്കി. അപ്പോളോ 11 ദൗത്യത്തിന്റെ ഭാഗമായി ഭൂമിയില്‍ നിന്നെത്തി ഉപഗ്രഹമായ ചന്ദ്രനില്‍ കാലുകുത്തിയ ആദ്യ മനുഷ്യനാണ് നീല്‍ ആംസ്‌ട്രോങ്. അദ്ദേഹം പ്രഖ്യാപിച്ചു,  'ഒരു മനുഷ്യന് ഒരു ചെറിയ ചുവടുവെപ്പ്, മനുഷ്യരാശിക്ക് ഒരു കുതിച്ചുചാട്ടം'.ആ വാക്കുകള്‍ ഇന്നും ഏതൊരു ശാസ്ത്രപര്യവേഷകനും ആവേശമാണ്.  

    ചന്ദ്രനില്‍ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിന്‍ ആല്‍ഡ്രിനാണ്. മൈക്കല്‍ കോളിന്‍സ് അവരുടെ ഈഗിള്‍ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു. മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓര്‍മ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളില്‍ ഇവ സംബന്ധമായ അവബോധം വളര്‍ത്തുവാനുമാണ് ഈ ദിവസം ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്.

    ഗ്രന്ഥാലയത്തില്‍ ചാന്ദ്രദിനം സമുചിതമായി ആഘോഷിച്ചു. ജൂലൈ 24 ന് ചേര്‍ന്ന സമ്മേളനത്തില്‍ ഗ്രന്ഥാലയം സിക്രട്ടറി ശ്രീ.സജിത്ത് കുമാര്‍ സ്വാഗതമാശംസിച്ചു. ഗ്രന്ഥാലയം പ്രസിഡന്റ് ശ്രീ പി വി ദിവാകരന്‍ അധ്യക്ഷനായിരുന്നു. 


    കൊടോളിപ്രത്തെ റിസര്‍ച്ച് സ്കോളറും നാനോ രസതന്ത്രത്തില്‍ ഡോക്ടറല്‍ ബിരുദധാരിയുമായ ശ്രീമതി ഷബ്ന കാപ്പാടനെ ഗ്രന്ഥാലയം ആദരിക്കുകയും ഉപഹാരം നല്‍കുകകയും ചെയ്തു. തുടര്‍ന്ന് ഡോ. ഷബ്ന ചാന്ദ്രദിനാഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ബഹിരാകാശ വിസ്മയങ്ങളെക്കുറിച്ച് പവര്‍ പോയിന്റ് പ്രസന്റേഷന്‍ ഉപയോഗിച്ച് ക്ലാസെടുക്കുകയും ചെയ്തു. 



ഗ്രന്ഥാലയത്തില്‍ ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട പാനലുകളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു. ഗ്രന്ഥാലയം മുന്‍ പ്രസിഡന്റ് ശ്രീ.കെ.ലക്ഷ്മണന്‍ മാസ്റ്റര്‍, മുന്‍ സിക്രട്ടറി ശ്രീ സന്ദീപ് കുമാര്‍, വനിതാ വേദി പ്രസിഡന്റ് ശ്രീമതി ചഞ്ചലാക്ഷി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. തുടര്‍ന്ന് നടന്ന മള്‍ട്ടി മീഡിയ ക്വിസ് മത്സരത്തില്‍ ഏറെ ആവേശത്തോടെ കുട്ടികള്‍ പങ്കെടുത്തു. 

        ഗ്രന്ഥാലയം ജോ. സിക്രട്ടറി ശ്രീ ജിതിന്റെ നന്ദി പ്രകാശനത്തോടെ ചാന്ദ്രദിനാഘോഷത്തിന് വിരാമമായി.

ചാന്ദ്രദിന ക്വിസിലെ വിജയികള്‍


ചാന്ദ്രദിനാഘോഷത്തില്‍ പങ്കെടുത്ത എല്ലാവരോടുമുള്ള ഗ്രന്ഥാലയത്തിന്റെ നന്ദി അറിയിക്കുന്നു.


No comments:

Post a Comment