ലോകമനഃസാക്ഷിയെ ഞെട്ടിച്ച 1945ലെ കറുത്ത ദിനങ്ങളെ ഓർമ്മപ്പെടുത്തി വീണ്ടുമൊരു ഹിരോഷിമ ദിനം. ലോകത്ത് ആദ്യമായി യുദ്ധത്തിനിടയില്‍ അണുബോംബ് ഉപയോഗിച്ച ദിനമായിരുന്നു 1945 ഓഗസ്റ്റ് 6. ജപ്പാനിലെ ഹോൺ ഷൂ ദ്വീപിലെ നഗരമായ ഹിരോഷിമയിലാണ് ലോകത്തെ ആദ്യത്തെ അണുബോംബ് വീണത്. ലോകം കണ്ടതിൽ വച്ച് ഏറ്റവും വിനാശകരമായ ഒരു യുദ്ധമായിരുന്നു 1939 മുതൽ 1945 വരെയുള്ള രണ്ടാം ലോകമഹായുദ്ധം. ലോകത്തിലെ മിക്ക രാഷ്ട്രങ്ങളും രണ്ടു ചേരിയായി നിന്ന് നടത്തിയ ഒരു യുദ്ധമായിരുന്നത്. ഈ യുദ്ധത്തിലാണ് ആദ്യത്തെ അണുബോംബ് പ്രയോഗിക്കപ്പെട്ടത്. ജപ്പാനിലെ നഗരങ്ങളായ ഹിരോഷിമയിൽ ഓഗസ്റ്റ് 6 നും നാഗസാക്കിയിൽ ഓഗസ്റ്റ് 9 നും അമേരിക്കൻ വിമാനങ്ങൾ ആറ്റം ബോംബുകൾ വർഷിച്ചു. ഒന്നരലക്ഷത്തോളംപേര്‍ നിമിഷാര്‍ധംകൊണ്ട് ഇല്ലാതായി.
മുപ്പത്തേഴായിരത്തോളം പേര്‍ക്ക് ആണവവികിരണത്താല്‍ ഗുരുതരമായി പൊള്ളലേറ്റു. അവര്‍ ഉരുകിവീണ തൊലിയും മാംസവുമായി ഒരിറ്റു വെള്ളത്തിനുവേണ്ടി, ചുട്ടുപൊള്ളുന്ന ശരീരം തണുപ്പിക്കാനായി തിളച്ചുമറിയുന്ന പുഴകളിലും കിണറുകളിലും എടുത്തുചാടി. അന്നുമരിക്കാതെ രക്ഷപ്പെട്ടവരും അവരുടെ പിന്‍തലമുറക്കാരുമായ നാലുലക്ഷത്തിലധികം ജനങ്ങള്‍ കാന്‍സര്‍പോലുള്ള മാരകരോഗങ്ങള്‍ പിടിപെട്ട് പിന്നീട് നരകിച്ച് മരിച്ചു. ഇന്നും മരിച്ചുകൊണ്ടിരിക്കുന്നു.
ഇനിയൊരു യുദ്ധം താങ്ങാനുള്ള കെല്പ് നമ്മുടെ ഭൂമിക്കില്ലെന്ന ചിന്ത ലോകമാകമാാനം സമാധാന ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചു. രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ക്കാനായി ഐക്യരാഷ്ട്രസഭ രൂപീകരിക്കപ്പെട്ടു. എങ്കിലും ലോകം എല്ലായ്പ്പോഴും യുദ്ധഭീതിയില്‍ തന്നെയാണ്. ഇനിയൊരു യുദ്ധം വേണ്ട എന്ന പ്രഖ്യാപനമാണ് ഓരോ ഹിരോഷിമാദിനവും നമ്മുടെ മുമ്പില്‍ തുറക്കുന്നത്. ഗ്രന്ഥാലയവും ഈ ചിന്ത പങ്കുവെക്കുന്നു. കുട്ടികള്‍ക്കായി പകര്‍ന്നു നല്‍കുന്നു.
ഹിരോഷിമാദിനം ഗ്രന്ഥാലയത്തില്‍ വിവിധ പരിപാടികളോടെ ആചരിക്കപ്പെട്ടു. ഗ്രന്ഥാലയം സിക്രട്ടറി ശ്രീ. സജിത്ത് കുമാറിന്റെ സ്വാഗതഭാഷണത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ ഗ്രന്ഥാലയം പ്രസിഡണ്ട് ശ്രീ പി വി ദിവാകരന്‍ അധ്യക്ഷനായിരുന്നു. ഗാന്ധിയന്‍ ചിന്തയോടെ പ്രവര്‍ത്തിക്കുന്ന ഏകതാപരിഷത്തിന്റെ മുതിര്‍ന്ന പ്രവര്‍ത്തകനായ ശ്രീ പി വി സതീഷ് കുമാര്‍ ഹിരോഷിമാദിനാചരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ശ്രീ കെ ലക്ഷ്മണന്‍ മാസ്റ്റര്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. തുടര്‍ന്ന് സഡാക്കോയുടെ കഥ ശ്രീ ദിവാകരന്‍ മാഷ് പറഞ്ഞു. സജിത്ത് മാഷിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ സഡാക്കോ കൊക്കിനെയു നിര്‍മ്മിച്ചു. എല്ലാവരും ചേര്‍ന്ന് യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. ഗ്രന്ഥാലയം സിക്രട്ടറി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശ്രീമതി ചന്ദ്രമതി ടീച്ചര്‍ സുഗതകുമാരിയുടെ കവിത ആലപിച്ചു.
ആവേശകരമായ യുദ്ധവിരുദ്ധ ക്വിസ് ശ്രീ. ജിതിന്‍, ശ്രീ. രജീഷ്, ശ്രീ സജിത്ത് എന്നിവര്‍ ചേര്‍ന്ന് നടത്തി.
ശ്രീ.രജീഷ് മാഷ് കുട്ടികള്‍ക്കായി നടത്തിയ ടിപ്പ് പ്രവര്‍ത്തനങ്ങള്‍ രസകരമായിരുന്നു. ഗ്രന്ഥാലയം ജോ.സിക്രട്ടറി ശ്രീ ജിതിനിന്റെ നന്ദി പ്രകാശനത്തോടെ ചടങ്ങുകള്‍ അവസാനിച്ചു. ഇന്നത്തെ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കായ എല്ലാവരേയും ഗ്രന്ഥാലയം നന്ദി അറിയിക്കുന്നു.
No comments:
Post a Comment