അവധിക്കാലത്ത് വായനാവസന്തം തീര്‍ക്കാന്‍ ഗ്രന്ഥാലയം ഒരുങ്ങി. ഇഷ്ട പുസ്തകങ്ങള്‍ വായിക്കാന്‍ വായനശാല സന്ദര്‍ശിക്കുക. വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെ. .. ..

Wednesday, August 17, 2022

സ്വാതന്ത്ര്യത്തിന്റെ അമത് മഹോത്സവം

 


    വൈദേശികാടിമത്ത്വത്തില്‍ നിന്നും സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു നാം നുകരാന്‍ തുടങ്ങിയിട്ട് 75 വര്‍‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവമായി രാജ്യമെങ്ങും ഈ ആഗസ്ത് 15 ആഘോഷിക്കുകയാണ്. രാജ്യം ഏറെ വെല്ലുവിളികള്‍ നേരിടുന്ന ഇക്കാലത്ത് സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് ഗ്രന്ഥാലയം കരുതുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യ. നാം പുരോഗതിയുടെ പാതയില്‍ത്തന്നെയാണെങ്കിലും എല്ലാവര്‍ക്കും ആരോഗ്യകരമായ ഭക്ഷണവും പാര്‍പ്പിടവും മറ്റ് ജീവിതസാഹചര്യങ്ങളും നിറവേറ്റിക്കൊടുക്കാന്‍ നമുക്ക് ഏറെ ദൂരം ഇനിയും പിന്നിടാനുണ്ട്. സ്വന്തം ജീവിതത്തേക്കാള്‍ വലുതാണ് പിറന്ന നാടിന്റെ സ്വാതന്ത്ര്യമെന്ന് കരുതി അതിനായി ത്യാഗനിര്‍ഭരരരായി പ്രവര്‍ത്തിച്ച ധീരദേശാഭിമാനികള്‍ കണ്ട മഹത്തായ ഇന്ത്യയെന്ന സ്വപ്നം സഫലമാക്കാന്‍ നമുക്കെല്ലാവര്‍ക്കും കൂട്ടായി പ്രയത്നിക്കാം. എല്ലാവര്‍ക്കും ഗ്രന്ഥാലയം സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നു.

    ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ആഗസ്ത് 15 ന് രാവിലെ 9.30 ന് ഗ്രന്ഥാലയത്തില്‍ പ്രസിഡണ്ട് ശ്രീ. പി വി ദിവാകരന്‍ മാസ്റ്റര്‍ ദേശീയ പതാക ഉയര്‍ത്തി. ശ്രീ. കെ. ലക്ഷ്മണന്‍ മാസ്റ്റര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. തലേദിവസം തന്നെ ഗ്രന്ഥാലയം കൊടിതോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. 


    വൈകുന്നേരം 3 മണിക്ക് കുട്ടികള്‍ക്കായുള്ള പരിപാടികള്‍ ആരംഭിച്ചു. ദേശീയപതാകയുടെ ചരിത്രം അവതരിപ്പിച്ചുകൊണ്ട് പതാക നിര്‍മ്മാണം ആരംഭിച്ചു. എല്ലാ പങ്കാളികളും പതാകനിര്‍മ്മിച്ചു. ദേശഭക്തിഗാനത്തിന് അനുസരിച്ച് പതാക ചലിപ്പിച്ചത് ഏറെ ആകര്‍ഷകമായിരുന്നു. ദേശഭക്തിഗാനാലാപന മത്സരം നടന്നു. തുടര്‍ന്ന് സ്വാതന്ത്ര്യദിന ക്വിസ് മത്സരവും സംഘടിപ്പിച്ചു.

    വൈകുന്നേരം 5 മണിക്ക് സമാപന സമ്മേളനം ആരംഭിച്ചു. ഗ്രന്ഥാലയം സിക്രട്ടറി ശ്രീ.സജിത്ത് കുമാര്‍ സ്വാഗതമാശംസിച്ച ചടങ്ങില്‍ ഗ്രന്ഥാലയം പ്രസിഡണ്ട് ശ്രീ പി വി ദിവാകരന്‍ അധ്യക്ഷനായിരുന്നു. കൂടാളി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ.കെ ദിവാകരൻ ഉദ്ഘാടനവും സമ്മാനവിതരണവും നിര്‍വ്വഹിച്ചു. 








    ശ്രീ. കെ ലക്ഷ്മണന്‍ മാസ്റ്റര്‍, ശ്രീമതി ചഞ്ചലാക്ഷി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഗ്രന്ഥാലയം ജോ. സിക്രട്ടറി ശ്രീ ജിതിന്റെ നന്ദി പ്രകാശനത്തോടെ സ്വാതന്ത്ര്യദിന പരിപാടികള്‍ക്ക് വിരാമമായി.



ക്വിസ് മത്സര വിജയികള്‍


ഗ്രന്ഥാലയത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുത്ത് എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു



No comments:

Post a Comment