അവധിക്കാലത്ത് വായനാവസന്തം തീര്‍ക്കാന്‍ ഗ്രന്ഥാലയം ഒരുങ്ങി. ഇഷ്ട പുസ്തകങ്ങള്‍ വായിക്കാന്‍ വായനശാല സന്ദര്‍ശിക്കുക. വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെ. .. ..

Wednesday, May 29, 2024

കരിയര്‍ഗൈഡന്‍സ് ക്ലാസും അനുമോദനവും

                      വിദ്യാസമ്പന്നരായ പുതിയ തലമുറ വളര്‍ന്നുവരുന്നത് ഒരു ഗ്രാമത്തെ സംബന്ധിച്ച് ശ്രേയസ്കരമാണ്. അവരെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നത് അവിടുത്തെ സംസ്കാരിക സ്ഥാപനങ്ങളുടെ ചുമതല കൂടിയാണ്. ഈ ചുമതലാ നിര്‍വ്വഹണത്തിന്റെ ഭാഗമായാണ് 2024 മെയ് 28 ന് കൊടോളിപ്രം വാണീവിലാസം ഗ്രന്ഥശാലാപരിധിയില്‍ നിന്ന് മികവ് തെളിയച്ചവരെ അനുമോദിച്ചത്. എല്‍ എസ് എസ് നേടിയ 9 പേരും യു എസ് എസ് നേടിയ ഒരു കുട്ടിയും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ എസ് എസ് എല്‍ സിക്കാരായ 11 ഉം പ്ലസ്ടുക്കാരായ 3 പേരെയുമാണ് അനുമോദിച്ചത്.

                ഗ്രന്ഥാലയം സിക്രട്ടറി ശ്രീ സജിത്ത് കുമാറിന്റെ സ്വാഗതഭാഷണത്തോടെ ആരംഭിച്ച യോഗത്തില്‍ പ്രസിഡണ്ട് ശ്രീ പി വി ദിവാകരൻ അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്തംഗം ശ്രീ കെ ഇ രമേശ് കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 



    തുടര്‍ന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ ശ്രീ കെ രമേശന്‍ കരിയര്‍ഗൈഡന്‍സ് ക്ലാസ് നടത്തി. വളര്‍ന്നുവരുന്ന കാലഘട്ടത്തില്‍ ഏറ്റവും മികച്ച കരിയര്‍ കരസ്ഥമാക്കാന്‍ ഏത് കോഴ്സ് എവിടെ പഠിക്കണമെന്ന് നിരവധി ഉദാഹരണങ്ങളിലൂടെ വിശദമാക്കിയ അദ്ദേഹത്തിന്റെ ക്ലാസ് ഏറെ വിജ്ഞാനപ്രദവും പ്രചോദനാത്മകവുമായിരുന്നു. എന്ത് പഠിക്കുന്നു എന്നതുപോലെ പ്രധാനപ്പെട്ടതാണ് എവിടെ പഠിക്കുന്നു എന്നുള്ളതും. മികച്ച സ്ഥാപനത്തിലെ പഠനാനുഭവങ്ങള്‍ മികച്ച ജോലി സാധ്യത ഉറപ്പുവരുത്തുന്നു. മെഡിക്കല്‍, എഞ്ചിനീയറിംഗ്, പാരാമെഡിക്കല്‍, കോമേഴ്സ്, ഹ്യുമാനിറ്റീസ് മേഖലകളിലെ സാധ്യതകള്‍ക്കൊപ്പം പോളിടെക്നിക്, ഐ ടി ഐ രംഗത്തെ സാധ്യതകളും വിവിധ സേനകളിലുള്ള സാധ്യതകളുമെല്ലാം സമ്മേളിച്ചതായിരുന്നു ക്ലാസ്. സിവില്‍ സര്‍വ്വീസിനൊപ്പം സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍, പി എസ് സി തുടങ്ങിയ സംവിധാനങ്ങളിലൂടെയുള്ള ഉദ്യോഗലബ്ധിയെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു. ഒപ്പം ടെലിവിഷന്‍, സിനിമ, നാടകം തുടങ്ങിയവയിലെ സാധ്യതകളെക്കുറിച്ചും എവിടെയൊക്കെ പഠിക്കാന്‍ പറ്റുമെന്നും കൂട്ടിച്ചേര്‍ത്തു. 


    പട്ടാന്നൂര്‍ മേഖലാ നേതൃസമിതി കണ്‍വീനര്‍ ശ്രീ പി വി ആനന്ദബാബു, താലൂക്ക് കൗണ്‍സിലര്‍ ശ്രീ കെ ലക്ഷ്മണന്‍ മാസ്റ്റര്‍, കൊടോളിപ്രം ഗവ എല്‍ പി സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി ആശ ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു



 ജേതാക്കള്‍ക്കുള്ള മൊമെന്റോകളും സമ്മാനിച്ചു. തുടര്‍ന്ന് ഗ്രന്ഥാലയം ജോ. സിക്രട്ടറി ശ്രീ ജിതിന്‍ നന്ദി പ്രകാശിപ്പിച്ചു. കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും ഗ്രന്ഥശാലാ പ്രവര്‍ത്തകരുമെല്ലാം പങ്കെടുത്ത സദസ്സ് ഏറെ ശ്രദ്ധേയമായിരുന്നു.















No comments:

Post a Comment