''ശാസ്ത്രം അധ്വാനം, അധ്വാനം സമ്പത്ത്
സമ്പത്ത് ജനനന്മയ്ക്ക്
ശാസ്ത്രം ജനന്മയ്ക്ക്
ശാസ്ത്രം വിശപ്പുമാറ്റാന്‍
ശാസ്ത്രം തൊഴിലുണ്ടാക്കാന്‍
ശാസ്ത്രം തൊഴില്‍ നന്നാക്കാന്‍
ശാസ്ത്രം വിളവുണ്ടാക്കാന്‍
ശാസ്ത്രം വിളവ് നന്നാക്കാന്‍
ശാസ്ത്രം വേദനമാറ്റാന്‍
ശാസ്ത്രം രോഗം മാറ്റാന്‍
ശാസ്ത്രം ലോകം മാറാന്‍
ശാസ്ത്രം മാറ്റങ്ങള്‍ക്ക്''
1962-ല്‍ കോഴിക്കോട് ഇംപീരിയല്‍ ഹോട്ടലില്‍ ഡോ. കെ.ജി. അടിയോടിയുടെയും പി.ടി. ഭാസ്‌കരപ്പണിക്കരുടെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പരിഷത് രൂപവത്കരിക്കപ്പെട്ടത്. സെപ്റ്റംബര്‍ 10ന് കോഴിക്കോട് ദേവഗിരി കോളേജില്‍ വച്ച് പരിഷത്ത് ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. സാധാരണക്കാര്‍ക്കു മനസ്സിലാകുന്ന രീതിയില്‍ ശാസ്ത്രവിഷയങ്ങളുമായും ദൈനംദിന ജീവിതവുമായും ബന്ധപ്പെട്ട പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും അവ ജനങ്ങളിലെത്തിക്കുകയും ചര്‍ച്ചകളും ബോധവല്‍ക്കരണവും സംഘടിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ആദ്യകാലത്തെ പ്രധാന പ്രവര്‍ത്തനം. ശാസ്ത്രസാഹിത്യം മലയാളത്തില്‍ എന്നതായിരുന്നു സംഘടനയുടെ സ്ഥാപന മുദ്രാവാക്യം.
ജനങ്ങളുടെ ഇടയില്‍ ശാസ്ത്രവിജ്ഞാനവും ശാസ്ത്രബോധവും പ്രചരിപ്പിക്കുന്നതിന് വായനയുടെ ലോകത്തില്‍ മാത്രമായി ഒതുങ്ങിക്കൂടിയാല്‍ പറ്റില്ലെന്നും, ഉല്പാദനത്തിന്റെ മേഖലയില്‍ക്കൂടി പ്രവര്‍ത്തിക്കണമെന്നും നിശ്ചയിച്ച പരിഷത്ത് പ്രവര്‍ത്തകര്‍ 1973-ല്‍ ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന മുദ്രാവാക്യം സ്വീകരിച്ച്, ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. യഥാര്‍ഥത്തിലുള്ള സാമൂഹ്യ പുരോഗതിയും വികസനവും സാദ്ധ്യമാകണമെങ്കില്‍, ജനങ്ങള്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങളെ ശാസ്ത്രീയമായി അപഗ്രഥിക്കുവാനും വിലയിരുത്തുവാനും കഴിയണം. ശാസ്ത്ര ബോധമുള്ള ജനതക്കേ ഇത് സാധ്യമാവൂ. ഇതിന് കഴിയണമെങ്കില്‍ ശാസ്ത്രം ജനങ്ങളുടെ കൈയ്യില്‍ ശക്തമായ ഒരായുധമായിത്തീരണം. അതാണ് ഈ മുദ്രാവാക്യത്തിന്റെ പൊരുള്‍. ഇതോടെയാണ് ഗ്രാമശാസ്ത്രസമിതികള്‍ രൂപമെടുത്തത്. പിന്നീടത് വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, ഊര്‍ജം, വികസനം, ബാലവേദി, ലിംഗനീതി തുടങ്ങി വൈവിധ്യമുള്ള മേഖലകളിലേക്ക് വ്യാപിച്ചു. ചര്‍ച്ചകളും ശാസ്ത്ര ക്ലാസ്സുകളും ശാസ്ത്ര പ്രദര്‍ശനങ്ങളും ശാസ്ത്രകലാജാഥകളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ശാസ്ത്ര പുസ്തക പ്രസിദ്ധീകരണവും വിവര ശേഖരണങ്ങളും ഒക്കെ നടത്തിയാണ് സംഘടന മുന്നോട്ടു നീങ്ങുന്നത്.
ശാസ്ത്രഗവേഷണരംഗത്തും പരിമിതമായ പ്രവര്‍ത്തനമെങ്കിലും കാഴ്ചവെക്കുന്നതിനുള്ള പരിഷത്തിന്റെ ആഗ്രഹം സഫലമായത് 1987-ല്‍ ഗ്രാമീണ സാങ്കേതിക വിദ്യാകേന്ദ്രം എന്നഐ.ആര്‍.ടി.സി. പാലക്കാട് ജില്ലയിലെ മുണ്ടൂരില്‍ സ്ഥാപിതമായപ്പോഴാണ്. 1978 മുതല്‍ സംഘടന ആരംഭിച്ച ദക്ഷത കൂടിയ അടുപ്പ് നിര്‍മ്മാണത്തിന്റെ പരീക്ഷണങ്ങളുടെ സ്വാഭാവിക തുടര്‍ച്ച എന്ന നിലയില്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച കോര്‍ സപ്പോര്‍ട്ട് ഗ്രാന്റോടുകൂടിയാണ് ഐ.ആര്‍.ടി.സി. എന്ന ആശയം യാഥാര്‍ഥ്യമായത്. വികസന രംഗത്ത് പിന്നീട് നിര്‍ണ്ണായക സംഭാവന നല്‍കിയ സ്ഥലങ്ങള്‍ ആസൂത്രണ രംഗത്തെ പ്രവര്‍ത്തനങ്ങള്‍, ഗാലസ പദ്ധതി, പഞ്ചായത്ത് തല ആസൂത്രണ പരിപാടി എന്നിവയുടെയൊക്കെ സംഘാടനത്തില്‍ ഒരു നിര്‍ണ്ണായക സംവിധാനമായി ഐ.ആര്‍.ടി.സിക്ക് പിന്നീട് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. എട്ട് ഏക്കര്‍ സ്ഥലവും 4000 ച.മീ കെട്ടിട വിസ്തൃതിയും എണ്‍പതോളം ജീവനക്കാരും ഉള്ള ഐ.ആര്‍.ടി.സി. പരിഷത്ത് പ്രൊഡക്ഷന്‍ സെന്റര്‍, സമത പ്രൊഡക്ഷന്‍ സെന്റര്‍ എന്നിവ വഴി പ്രവര്‍ത്തനം വിപുലീകരിച്ച് ബദല്‍ ഉല്പന്നങ്ങളുടെ നിര്‍മാണരംഗത്തും മാലിന്യ സംസ്‌കരണരംഗത്തും സജീവമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇന്ന് സംസ്ഥാനത്ത് 141 മേഖലകളിലായി 1314 യൂണിറ്റുകളില്‍ അറുപതിനായിരത്തിലധികം വരുന്ന പരിഷത്ത് പ്രവര്‍ത്തകരുണ്ട്. ശാസ്ത്രബോധം സാമാന്യബോധമായി മാറുന്ന ഒരു നല്ല നാളെയ്ക്കായി ഭാവനാപൂര്‍ണമായ പരിപാടികളുമായി പരിഷത് മുന്നോട്ട് തന്നെയാണ്.
കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെ എല്ലാ ശാസ്ത്രസമിതികള്‍ക്കും മാതൃകയായി പ്രവര്‍ത്തിക്കുന്ന കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ അമരക്കാരനായി- ജനറല്‍ സിക്രട്ടറിയായി മുതിര്‍ന്ന പരിഷത്ത് പ്രവര്‍ത്തകനും അധ്യാപകനും നമ്മുടെ ഗ്രന്ഥശാലയുടെ പ്രസിഡണ്ടുമായ ശ്രീ പി വി ദിവാകരന്‍ മാസ്റ്റര്‍ തെരഞ്ഞെടുക്കപ്പെട്ടത് ഗ്രന്ഥാലയത്തിനും കൊടോളിപ്രം എന്ന ചെറു ഗ്രാമത്തിനും എന്നെന്നും അഭിമാനിക്കാന്‍ പറ്റിയ നേട്ടമാണ്. പരിഷത്തിന്റെ പ്രഡക്ഷന്‍ സെന്ററിന്റെ ചുമതലകൂടിയുള്ള അദ്ദേഹത്തിന് ശാസ്ത്രബോധം വെല്ലുവിളി നേരിടുന്ന വര്‍ത്തമാനകാലത്ത് ജനങ്ങളില്‍ ശാസ്ത്രബോധവും ശാസ്ത്രതാല്പര്യവും വളര്‍ത്താനും സംഘടനയെ വിജയ വഴികളിലേക്ക് നയിക്കാനും സാധിക്കട്ടെ എന്ന് ഗ്രന്ഥാലയം അഭിമാനത്തോടെ ആശംസിക്കുന്നു.
No comments:
Post a Comment