അവധിക്കാലത്ത് വായനാവസന്തം തീര്‍ക്കാന്‍ ഗ്രന്ഥാലയം ഒരുങ്ങി. ഇഷ്ട പുസ്തകങ്ങള്‍ വായിക്കാന്‍ വായനശാല സന്ദര്‍ശിക്കുക. വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെ. .. ..

Wednesday, September 18, 2024

ഓണോത്സവം 2024

     ഓണം മലയാളികളുടെ  ദേശീയ ഉത്സവം. ചിങ്ങ മാസത്തില്‍ അത്തം മുതല്‍ പത്ത് ദിവസമാണ് മലയാളിയുടെ ഓണാഘോഷം. അത്തം പത്തിന് പൊന്നോണം. ചിങ്ങത്തിലെ തിരുവോണം ഓരോ മലയാളിക്കും ഗൃഹാതുരത നല്കുന്ന ഓര്‍മ്മകളാണ്. മഹാബലിയുടെ വരവേല്പിന്റെ ഓര്‍മ്മകളാണ് ഓണത്തിന്റെ ഐതിഹ്യങ്ങളില്‍ പ്രാധാന്യം. മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരും ഒന്നു പോലെയെന്ന വരികള്‍ ജാതിമത ഭേദമെന്യേ ഓണം നമ്മുടെ സ്വന്തം ആഘോഷമാണെന്ന് ഊട്ടിയുറപ്പിക്കുന്നു. ഓണം നമുക്ക് വിളവെടുപ്പ് ഉത്സവം കൂടിയാണ്. പഞ്ഞ കര്‍ക്കിടകം കഴിഞ്ഞ് സമൃദ്ധിയുടെ പൊലിമ മുന്നോട്ട് വയ്ക്കുന്ന കാര്‍ഷികോത്സവം. 

    നാടുവാണിരുന്ന മഹാബലിയെന്ന ചക്രവര്‍ത്തി പ്രജകളെ കാണാന്‍ വര്‍ഷത്തിലൊരിക്കല്‍ പാതാള ലോകത്ത് നിന്ന് കേരളത്തിലേക്ക് തിരുവോണ ദിവസം എത്തുന്നുവെന്നതാണ് ഓണത്തെ സംബന്ധിച്ച് കേരളത്തില്‍ ഉള്ള ഏറ്റവും പ്രബലമായ ഐതിഹ്യം. 

    ഐതിഹ്യങ്ങള്‍ക്കപ്പുറം ഓണം നമുക്ക് കാര്‍ഷികോത്സവം കൂടിയാണ്. പേമാരിപ്പെയ്ത്തില്‍ വറുതി കിടന്ന കര്‍ക്കിടകത്തിന് പിന്നാലെ വിളവെടുപ്പിന്റെ ഉത്സവവുമായി എത്തുന്ന മാസമായത് കൊണ്ട് കൂടിയാണ് ചിങ്ങം മലയാളികള്‍ക്ക് വര്‍ഷാരംഭവും സമൃദ്ധവുമായിത്തീര്‍ന്നത്. ഓണത്തെ ഉത്സവമാക്കാനുള്ളതൊക്കെ കരുതിയാണ് ചിങ്ങത്തിന്റെ വരവ്.

 കുലശേഖര ചക്രവര്‍ത്തിയായ ചേരമാന്‍ പെരുമാള്‍ക്കന്‍മാര്‍ തന്റെ സാമന്ത രാജാക്കന്‍മാരുടെ സമ്മേളനം വിളിച്ചു കൂട്ടിയിരുന്നത് തൃക്കാക്കര ക്ഷേത്രത്തിലായിരുന്നുവത്രേ. കര്‍ക്കിടകത്തിലെ തിരുവോണം മുതല്‍ ചിങ്ങത്തിലെ തിരുവോണം വരെ ഇവിടെ അക്കാലത്ത് ഉത്സവമായിരുന്നു. മുപ്പത് ദിവസം നീണ്ടു നില്ക്കുന്ന ഉത്സവങ്ങള്‍ക്ക് സമാപനം കുറിച്ച് അവസാനത്തെ പത്ത് നാളില്‍ ചിങ്ങത്തിലെ അത്തം മുതല്‍ തിരുവോണം വരെ ഓണപ്പൂരമായിരുന്നു തൃക്കാക്കരയില്‍ നടന്നിരുന്നത്.

    56 നാട്ടുരാജാക്കന്‍മാരും 64 ഗ്രാമത്തലവന്മാരും ഇടപ്രഭുക്കളും പെരുമാള്‍ വിളിച്ചു കൂട്ടിയിരുന്ന തൃക്കാക്കര യോഗത്തില്‍ പങ്കെടുത്തിരുന്നത്രെ. ഒരിക്കല്‍ ഇതിന് തടസ്സം നേരിട്ടപ്പോള്‍ തൃക്കാക്കരയെത്താനാവാത്തവര്‍ വീടുകളില്‍ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ച് ഓണം ആഘോഷിക്കണമെന്ന് പെരുമാള്‍ ഉത്തരവിട്ടത്രെ. അങ്ങനെയാണ് നാടെങ്ങും ഓണാഘോഷമുണ്ടായതെന്ന് ഐതിഹ്യം. ചേരമാന്‍ പെരുമാളായ ഭാസ്‌ക്കര രവിവര്‍മ്മയാണ് തൃക്കാക്കരയില്‍ ഓണാഘോഷത്തിന് തുടക്കം കുറിച്ചതെന്നും കരുതുന്നു. 

    കാസര്‍കോഡുകാര്‍ക്കും തുളുനാട്ടുകാര്‍ക്കും ഓണമെന്നത് വര്‍ഷത്തില്‍ രണ്ടു തവണയുണ്ട്. ചിങ്ങമാസത്തിലെ അത്തം പത്ത് പൊന്നോണം മറ്റേതൊരു മലയാളിയെയും പോലെ ഉത്തര മലബാറുകാരും ആഘോഷിക്കും. എന്നാല്‍ വിസ്മയകരമായ ഈ രണ്ടാം ഓണം വീണ്ടുമെത്തുന്നത് ദീപാവലി നാളിലാണ്. ചിങ്ങമാസത്തിലെ തിരുവോണത്തിനല്ല തുളുനാട്ടില്‍ മഹാബലിയെത്തുന്നത്. മറിച്ച് ദീപാവലിയ്ക്കാണ്. തുലാമാസത്തിലെ കറുത്ത വാവ് തൊട്ടുള്ള മൂന്ന് ദിവസങ്ങളിലാണ് പൊലിയന്ത്ര എന്ന ഈ ആഘോഷം. ബലിയന്ത്ര എന്നും പറയപ്പെടുന്നു. മഹാബലി ദൈവമായി പൂജിക്കപ്പെടുന്ന സമയമാണിത്.

    ഐതിഹ്യങ്ങളും കഥകളും എന്തുതന്നെയായാലും ഓണം മലയാളികളുടെ ഹൃദയവികാരമാണ്. നാമെല്ലാം ഒന്നാണെന്ന ബോധ്യം ജനിപ്പിക്കുന്ന ദിവസം കൂടിയാണ് ഓരോ ഓണക്കാലവും. പെയ്തൊഴിയാത്ത പേമാരിയില്‍ വയനാട് ജില്ലയിലെ സഹോദരങ്ങള്‍ നഷ്ടപ്പെട്ട ദുരന്തസ്മരണയില്‍ ഓണോത്സവം പൊലിമയോടെ നടത്തുന്നത് ഒഴിവാക്കിയിരുന്നു. എങ്കിലും ഓണമല്ലേ ? ഗ്രന്ഥാലയത്തിലെ ഓണോട്സവ പരിപാടികള്‍ ഉത്രാടം, തിരുവോണം ദിവസങ്ങളിലാണ് നടത്തിയത്.

    ആദ്യദിനം കുട്ടികള്‍ക്കുള്ള മത്സരങ്ങളായിരുന്നു. പൂക്കളം കളറിംഗ്, മഞ്ചാടി പെറുക്കല്‍, മുത്തുകോര്‍ക്കല്‍, ബലൂണ്‍ ഫൈറ്റിംഗ്, അപ്പംകടി മത്സരങ്ങളാണ് നടന്നത്. മികച്ച പങ്കാളിത്തത്തോടെ നടന്ന മത്സരങ്ങള്‍ കാണാനായി ധാരാളം പേര്‍ എത്തിയിരുന്നു. 

    തിരുവോണനാളിലെ മത്സരങ്ങള്‍ ഉച്ചക്ക് ശേഷം ആരംഭിച്ചു. സുന്ദരിക്ക് പൊട്ടുതൊടല്‍, മെഴുകുതിരി കത്തിക്കല്‍, കസേരകളി, പെനാള്‍ട്ടി ഷൂട്ടൗട്ട്, ചാക്കിലോട്ടം, സൈക്കിള്‍ സ്ലോ റേസ്, കസേരകളി, കുപ്പിയില്‍ വെള്ളം നിറയ്ക്കല്‍ എല്ലാം മികച്ച രീതിയില്‍ പൂര്‍ത്തിയായി. 

    വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വാര്‍ഡ് മെമ്പര്‍ ശ്രീ രമേശ് കുമാര്‍ നിര്‍വ്വഹിച്ചു. ഗ്രന്ഥാലയം സിക്രട്ടറി ശ്രീ സജിത്ത് കുമാര്‍ സ്വാഗതവും ജോ. സിക്രട്ടറി  ശ്രീ ജിതിന്‍ നന്ദിയും പറഞ്ഞു. ഗ്രന്ഥാലയം പ്രസിഡണ്ട് ശ്രീ പി വി ദിവാകരന്‍ അധ്യക്ഷനായിരുന്നു. താലൂക്ക് കൗണ്‍സിലര്‍ ശ്രീ കെ ലക്ഷ്മണന്‍ മാസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

    ഒന്നായാല്‍ നന്നായി എന്ന സന്ദേശത്തോടെ ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ക്ക് അതോടെ വിരാമമായി.

No comments:

Post a Comment